റിയാദ്: പ്രവാസികൾക്കുള്ള ഇഖാമ ഇനി നേരിട്ട് കൈകളിലേക്ക്. പാസ്‌പോർട്ട് ഓഫീസുകളിൽ പോയി ഇഖാമ കൈപ്പറ്റുന്ന സംവിധാനം നിർത്തലാക്കി. ഇനി മുതൽ പോസ്റ്റിലൂടെ ഇഖാമ നേരിട്ടെത്തും. ഇതിനായി പാസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റ് പോസ്റ്റൽ പാർസൽ സർവീസ് ഇന്നു മുതൽ ആരംഭിച്ചതായി ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.

Elm കമ്പനിയും മുഖിം ഇ-പോർട്ടലും കൂടി സഹകരിച്ചാണ് പാർസൽ പോസ്റ്റൽ സർവീസ് നടപ്പാക്കുന്നത്. ഇ-പോർട്ടലിന്റെ ചില സേവനങ്ങളിലും മാറ്റങ്ങൾ വരുത്തിയതായി ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കിയിട്ടുണ്ട്. പ്രൊഫഷൻ മാറ്റങ്ങൾ, സർവീസ് ട്രാൻസ്ഫർ, പോസ്റ്റൽ പാർസൽ സർവീസ് ലോഞ്ച് തുടങ്ങിയവയും ഇതിലുൾപ്പെടുന്നു.

സ്ഥാപനങ്ങളുമായി നേരിട്ട് ഇലക്ട്രോണിക്ക് സംവിധാനത്തിലൂടെ ബന്ധപ്പെട്ടാണ് പോർട്ടൽ പ്രവർത്തിക്കുന്നത്. അതുകൊണ്ടു തന്നെ വിദേശികൾക്ക്  എക്‌സിറ്റ്- റീ എൻട്രി വിസാ കാൻസലേഷൻ, റെസിഡൻസി പെർമിറ്റ് പുതുക്കൽ തുടങ്ങിയ സേവനങ്ങൾ ലഘൂകരിക്കാൻ സാധിച്ചിട്ടുണ്ടെന്നും പാസ്‌പോർട്ട് വകുപ്പ് അറിയിച്ചു.

മുഖീം പോർട്ടൽ നിലവിൽ വന്നതു മുതൽ ആറു മില്യനോളം നടപടിക്രമങ്ങൾ ചെയ്തിട്ടുണ്ടെന്നും ഇതിന്റെ സേവനം 4.5 മില്യണിലധികം റെസിഡന്റ്‌സ് ഇതിന്റെ ഉപയോക്താക്കളാണെന്നും അധികൃതർ വെളിപ്പെടുത്തുന്നു. പാസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റിന്റെ പ്രവർത്തനങ്ങളുമായി സഹകരിക്കാൻ തക്ക സജ്ജീകരണങ്ങൾ നേരത്തെ പൂർത്തിയാക്കിയതായി മുമ്പ് സൗദി പോസ്റ്റും വ്യക്തമാക്കിയിരുന്നു.