ദോഹ: ഖത്തറിൽ റസിഡൻസി പെർമിറ്റ് പുതുക്കുമ്പോൾ പ്രവാസികൾ പാസ്‌പോർട്ട് ഹാജരാക്കേണ്ടതില്ല. ആദ്യ തവണ റസിഡൻസി പെർമിറ്റിനായി അപേക്ഷിക്കുമ്പോൾ മാത്രം പാസ്‌പോർട്ട് ആവശ്യമുള്ളൂ. ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാഷണാലിറ്റി,ബോർഡേഴ്‌സ് ആൻഡ് എക്‌സ്പറേറ്റ് അഫയേഴ്‌സ് സംഘടിപ്പിച്ച മീറ്റിങ്ങിലാണ് ഈ വിവരം വ്യക്തമാക്കിയത്.

ജൂൺ 15 മുതലാണ് ആഭ്യന്തരമന്ത്രാലയം പുതിയ റസിഡൻസി പെർമിറ്റ് വിതരണം ചെയ്തു തുടങ്ങിയത്. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലോ ഷോപ്പിങ്ങ് മാളിലോ മിശരിബിലോ വച്ചിരിക്കുന്ന സെൽഫ് സർവീസ് ഡിവൈസിലോ റസിഡൻസി പെർമിറ്റ് പുതുക്കാനുള്ള അപേക്ഷ നൽകാം. പോസ്റ്റൽ സർവീസ് മുഖേന താമസക്കാരന്റെ വീട്ടിൽ ആർപി കാർഡെത്തും. ആർപി കാർഡ് പുതുക്കാൻ സർവീസ് സെന്ററിൽ അലയേണ്ടിവരില്ല.

പുതിയ കാർഡ് വന്നതോടെ പാസ്‌പോർട്ടിലെ ആർപി സ്റ്റിക്കർ ഇനി ഉണ്ടാകില്ല. ഉടമസ്ഥനെ കുറിച്ചുള്ള വിവരങ്ങളാണ് സ്റ്റിക്കറിലുള്ളത്. 16 വയസിൽ താഴെയുള്ള കുട്ടികൾക്ക് നോർമൽ ആർപി കാർഡ് ലഭിക്കും. കുട്ടികളുടെ ഒപ്പ് നിർബന്ധമില്ല