ന്യൂഡൽഹി: ഭാര്യയെ ഉപേക്ഷിച്ചു മുങ്ങി നടക്കുന്ന പ്രവാസികൾക്ക് ഇനി പണി കിട്ടും. ഭാര്യമാരെ പറ്റിച്ച് മുങ്ങിയ പത്തു പ്രവാസി ഇന്ത്യക്കാർക്കെതിരെ നടപടി എടുക്കാൻ കേന്ദ്ര സർക്കാർ തിരുമാനം.

ഭാര്യമാരെ ഉപേക്ഷിച്ചുപോയ പത്തു പേരുടെ പാസ്പോർട്ടുകൾ റദ്ദാക്കും. ഇതിന് വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെടാൻ കേന്ദ്ര വനിതാ, ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി വിളിച്ചുകൂട്ടിയ യോഗത്തിൽ തീരുമാനമായി. മുങ്ങിയ ഭർത്താക്കന്മാർക്കെതിരെ തിരച്ചിൽ സർക്കുലർ പുറപ്പെടുവിക്കാനുള്ള അധികാരം കൂടി നൽകി ഇത്തരം കേസുകളിൽ ഇടപെടാനുള്ള സമിതിയെ ശക്തിപ്പെടുത്തും.

പാസ്പോർട്ട് റദ്ദാക്കുന്നതോടെ ഇവർക്ക് മുങ്ങി നടക്കാൻ കഴിയാതെ വരും. ഇതിലൂടെ ഇവരെ കണ്ടെത്താനാകുമെന്നാണ് വനിതാ ശിശുക്ഷേമ വകുപ്പിന്റെ പ്രതീക്ഷ. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം. ഭാവിയിൽ പ്രവാസികളുടെ ചതിക്കുഴിയിൽ പെൺകുട്ടികൾ വീഴാതിരിക്കാനുള്ള മുൻകുരതൽ കൂടിയാണ് ഇത്.