ദമ്മാം: കാലാവധി തീർന്ന പാസ്‌പോർട്ട് പുതുക്കുന്നതിന് ഉള്ള ചാർജിലെ വ്യത്യാസം മൂലം പ്രവാസികൾ പ്രതിഷേധവുമായി രംഗത്തെത്തി. രണ്ടു വർഷത്തിന് പുതുക്കിയ പാസ്‌പോർട്ട് പിന്നീട് എട്ടു വർത്തേക്ക് റീ വാലിഡേറ്റ് ചെയ്യാൻ ജിദ്ദ കോൺസുലേറ്റിൽ 11 റിയാലും,  ദമ്മാമിൽ  305 റിയാലും ഈടാക്കുന്നതാണ് പ്രവാസികളുടെ പ്രതിഷേധത്തിന് കാരണം.
ദമ്മാമിലെ ഇന്ത്യൻ എംബസി ഔട്ട്‌സോഴ്‌സിങ് ഏജൻസിയായ വി.എസ്.എഫ് ആണ് കൂടുതൽ തുക ഈടാക്കുന്നതായി പരാതി ഉയർന്നിരിക്കുന്നത്. ജിദ്ദ കോൺസുലേറ്റിൽ നിന്ന് പുതുക്കിയ പാസ്‌പോർട്ട് റിയാദ് എംബസിയിൽ നിന്ന് റീ വാലിഡേറ്റ് ലഭിക്കില്ലെന്നും അതിനാൽ പുതിയ പാസ്‌പോർട്ട് എടുക്കേണ്ടതിനാലാണ് 305 റിയാൽ ഈടാക്കുന്നതെന്നുമാണ് ദമ്മാമിലെ വി.എഫ്.എസ് അധികൃതർ ഇതിന് നല്കുന്ന ന്യായീകരണം.
രണ്ടും ഇന്ത്യൻ കാര്യാലയങ്ങളായിരിക്കെ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ നിന്ന് പുതുക്കിയ പാസ്‌പോർട്ട് റിയാദ് എംബസിയിൽ നിന്ന് റീ വാലിഡേറ്റ് ലഭിക്കാത്തതിന്റെ കാരണം വ്യക്തമാകാതെ കുഴയുകയാണ് പ്രവാസികൾ.
 
സാധാരണഗതിയിൽ 10 വർഷത്തേക്ക് പാസ്‌പോർട്ട് പുതുക്കുന്നതിന് 305 റിയാലാണ് എംബസിയുടെയും കോൺസുലേറ്റിന്റെയും അംഗീകൃത ഔട്ട്‌സോഴ്‌സിങ് ഏജൻസികൾ ഈടാക്കുന്നത്. എന്നാൽ ഇന്ത്യയിൽ നിന്നെടുത്ത പാസ്‌പോർട്ടുകൾ സൗദിയിലെ ഇന്ത്യൻ കാര്യാലയങ്ങളിൽ നിന്ന് രണ്ട് വർഷത്തേക്ക് മാത്രമെ പുതുക്കി ലഭിക്കുകയുള്ളൂ. ഇത് നാട്ടിൽ വെരിഫിക്കേഷൻ നടത്തി രണ്ട് വർഷത്തിന് ശേഷം പിന്നീട് എട്ട് വർഷത്തേക്ക് റീ വാലിഡേറ്റ് ചെയ്ത് കൊടുക്കുകയാണ് പതിവ്. റീ വാലിഡേറ്റ് ചെയ്യുന്നതിന് 11 റിയാലാണ് (എട്ട് റിയാൽ കമ്മ്യൂണിറ്റി വെൽഫയർ ഫണ്ടിലേക്കും മൂന്നു റിയാൽ സർവീസ് ചാർജും) നൽകേണ്ടത്. ഇതിന് പകരമാണ് ദമ്മാമിലെ ഔട്ട്‌സോഴ്‌സിങ് ഏജൻസി 305 റിയാൽ ഈടാക്കുന്നതായി പരാതി ഉയർന്നിരിക്കുന്നത്.
പാസ്‌പോർട്ട് പുതുക്കാൻ അപേക്ഷകൻ നേരിട്ട് ഹാജരാവണമെന്നിരിക്കെ ജിദ്ദയിൽ നിന്നെടുത്ത പാസ്‌പോർട്ട് റീ വാലിഡേറ്റിന് 1500 കിലോ മീറ്റർ അകലെ ജിദ്ദ ഓഫിസിൽ തന്നെ ഹാജരാവണമെന്ന ഗതികേടും പ്രവാസികളെ അലട്ടുകയാണ്.