സലാല:  മലയാളികൾ ഉൾപ്പെടുന്ന പ്രവാസി ലോകത്തിന് ആശ്വാസമായി സലാലയിൽ ഇനി രണ്ട് പാസ്‌പോർട്ട് കേന്ദ്രങ്ങൾ. ബി.എൽ.എസ്സിന്റെ ഏജന്റായ സ്‌റ്റൈൽ വേൾഡ് സലാല സെന്ററിൽ ഓഫീസ് തുറന്നതോടു കൂടിയാണ് പാസ്‌പോർട്ട് സേവനങ്ങൾ നൽകുന്ന കേന്ദ്രങ്ങളുടെ എണ്ണം രണ്ടായത്. രണ്ട് മാസം മുമ്പാണ് ഇവർ സലാല സെന്ററിൽ ഓഫീസ് തുറന്നത്.

നേരത്തേ ബി.എൽ.എസിന്റെ ഏജന്റായ ട്രാവൽ സിറ്റി രണ്ട് മണിക്കൂർ മാത്രമാണ് പാസ്‌പോർട്ട് സേവനങ്ങൾ നടത്തിയിരുന്നത്. സേവനങ്ങൾക്കെല്ലാമായി ഒരു സെന്ററിനെ മാത്രം ആശ്രയിച്ചിരുന്നത് പ്രവാസികളെ ഏറെ വലച്ചിരുന്നു.

സലാല സെന്ററിൽ മസ്‌കത്ത് ഫാർമസിക്ക് പിൻവശത്താണ് ട്രാവൽസിറ്റിയുടെ ഓഫിസുള്ളത്. പുതുക്കാൻ നൽകുന്ന പാസ്‌പോർട്ടുകൾ പുതുക്കിയ ശേഷം ഇവിടെനിന്നുതന്നെ സ്വീകരിക്കാൻ കഴിയും. പാസ്‌പോർട്ട് പുതുക്കുന്നതിനും കുട്ടികളുടെ പാസ്‌പോർട്ട് എടുക്കുന്നതിനും 36 റിയാലാണ് മൊത്തം ചാർജ്ജ്. പാസ്‌പോർട്ട് സേവനങ്ങൾ കൂടാതെ മറ്റു സേവനങ്ങളും ഇവിടെ ലഭ്യമാണ്.

രാവിലെ 9.30 മുതൽ ഒരു മണിവരെയും വൈകീട്ട് 4.30 മുതൽ 9.30 വരെയുമാണ് ഇവ പ്രവർത്തിക്കുന്നത്.  സർട്ടിഫിക്കറ്റുകളുടെയും മറ്റും അപോസ്റ്റൽ അറ്റസ്‌റ്റേഷന് 46 റിയാലും ഈടാക്കുന്നുണ്ട്. 15 മുതൽ 20 വരെ ദിവസത്തിനകം ഇവ ലഭിക്കുകയും ചെയ്യും. നിരക്കിൽ കുറച്ചു വ്യത്യാസം ഉണ്ടെങ്കിലും പുതിയ കേന്ദ്രം മുഴുസമയ സർവീസാണ് നടത്തുന്നത്. ബന്ധപ്പെടാനുള്ള നമ്പർ 99768998, 23383232.