വിയന്ന: പബ്ലിക് ട്രാൻസ്‌പോർട്ടിൽ പാസ്‌പോർട്ട് മോഷണം പോകുന്നത് നിത്യസംഭവമായതായി റിപ്പോർട്ട്. ഇത്തരത്തിൽ പാസ്‌പോർട്ട് മോഷണത്തിൽ 50 ശതമാനത്തോളം വർധനയുണ്ടായതായാണ് ബ്രിട്ടീഷ് എംബസി റിപ്പോർട്ട് ചെയ്യുന്നത്. ഈ വർഷം ആദ്യ ആറു മാസത്തിൽ തന്നെ എംബസി 102 എമർജൻസി ട്രാവൽ ഡോക്യുമെന്റുകൾ വിതരണം ചെയ്തതായി വെളിപ്പെടുത്തുന്നു.

പാസ്‌പോർട്ട് മോഷണം പോകുകയും നഷ്ടമാകുകയും ചെയ്യുന്ന കേസുകൾ പെരുകിയതോടെയാണ് എമർജൻസി ട്രാവൽ ഡോക്യുമെന്റുകൾ നൽകാൻ എംബസി നിർബന്ധിതരാകുന്നത്. മുൻ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ഇത്തരത്തിൽ പാസ്‌പോർട്ട് മോഷണം പോകുന്നതിൽ 50 ശതമാനമാണ് വർധനയുണ്ടായിട്ടുള്ളതെന്ന് എംബസി വൃത്തങ്ങൾ സൂചിപ്പിക്കുന്നു. പബ്ലിക് ട്രാൻസ്‌പോർട്ടുകളിൽ വച്ചാണ് ഡോക്യുമെന്റുകൾ നഷ്ടമാകുന്നതെന്നും എംബസി ചൂണ്ടിക്കാട്ടി.

ഇത്തരത്തിൽ പബ്ലിക് ട്രാൻസ്‌പോർട്ടുകളിൽ വച്ച് ഡോക്യുമെന്റുകൾ മോഷണം പോകുന്നതിനെ കുറിച്ച് ഓസ്ട്രിയൻ അഥോറിറ്റികൾ ശ്രദ്ധിക്കണമെന്നും ഇക്കാര്യത്തിൽ പൊതുജനബോധവത്ക്കരണം നടത്തണമെന്നും ബ്രിട്ടീഷ് എംബസി അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തുടർന്ന് യുകെ ഫോറിൻ ആൻഡ് കോമൺവെൽത്ത് ഓഫീസ് (എഫ്‌സിഒ) പൗരന്മാർക്കിടയിൽ ബോധവത്ക്കരണം ആരംഭിച്ചിട്ടുണ്ട്. തങ്ങളുടെ പാസ്‌പോർട്ടുകൾ സുരക്ഷിതമായി സൂക്ഷിക്കാൻ യാത്രക്കാരെ ബോധവത്ക്കരിക്കുകയാണ് ലക്ഷ്യം. പാസ്‌പോർട്ട് കള്ളന്മാരെ തുരത്താനുള്ള ചെറിയ തന്ത്രങ്ങളും ബോധവത്ക്കരണത്തിന്റെ ഭാഗമായി നൽകുന്നുണ്ട്.