ന്യൂഡൽഹി: ജനങ്ങളെ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനത്തിൽ പലതട്ടിലായി മുദ്രകുത്താനുള്ള നീക്കം കേന്ദ്രസർക്കാർ ഉപേക്ഷിച്ചു. പാസ്‌പോർട്ടിൽ വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് നിറവ്യത്യാസം വരുത്താനുള്ള നീക്കമാണ് കേന്ദ്രസർക്കാർ ശക്തമായ എതിർപ്പിനെ തുടർന്ന് ഉപേക്ഷിച്ചത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യത്തിൽ തീരുമാനം എടുത്തത്. ഇതോടെ പാസ്പോർട്ട് നിലവിലെ സ്ഥിതി തുടരും. പത്താം ക്ലാസ് പാസാകാത്തവർക്ക് ഓറഞ്ച് പാസ്പോർട്ട് നൽകാനാനായിരുന്നു സർക്കാർ തീരുമാനം. ഈ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇത് ഉപേക്ഷിച്ചത്.

പാസ്പോർട്ടിൽ വിലാസമുള്ള അവസാന പേജ് ഒഴിവാക്കാനുള്ള തീരുമാനവും പിൻവലിച്ചു. വിലാസം തെളിയിക്കുന്നതിനുള്ള രേഖയായി തുടർന്നും പാസ്പോർട്ട് ഉപയോഗിക്കാം. സാധാരണക്കാരായ തൊഴിലാളികളെ വിദേശ രാജ്യങ്ങളിലെ ചൂഷണത്തിൽ നിന്ന് തടയുന്നതിന് ഓറഞ്ച് പാസ്പോർട്ട് കൊണ്ടു വരുന്നു എന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ വിമർശനം. എന്നാൽ ഇത് രണ്ട് തരം പൗരന്മാരെ സൃഷ്ടിക്കുമെന്ന വ്യാപക വിമർശനം ഉയർന്നതോടെയാണ് നീക്കം ഉപേക്ഷിച്ചത്.

സർക്കാർ ഉദ്യോഗസ്ഥർക്ക് വെള്ള നിറത്തിലുള്ള പാസ്പോർട്ടും നയതന്ത്ര പാസ്പോർട്ടിന് അർഹതയുള്ളവർക്ക് ചുവപ്പ് നിറത്തിലുള്ള പാസ്പോർട്ടുമാണ് രാജ്യത്ത് നിലവിലുള്ളത്. മറ്റ് പൗരന്മാർക്ക് നീല പാസ്പോർട്ടാണ് അനുവദിച്ചിരുന്നത്. ഇതിൽ തന്നെ പത്താം €ാസ് ജയിക്കാത്തവർക്ക് ഓറഞ്ച് പാസ്പോർട്ട് നൽകാനായിരുന്നു നീക്കം.

നീല പാസ്പോർട്ട് കൈവശമുള്ളവരിൽ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാകാത്തവർ എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമുള്ള വിഭാഗമാണ്. ഈ വിഭാഗം കൂടുതലായി ഗൾഫ് രാജ്യങ്ങളിലേക്കാണ് യാത്ര ചെയ്യുന്നത്. ഇവരെ രണ്ടാം തരം പൗരന്മാരായി കണക്കാക്കാൻ പാസ്പോർട്ടിലെ നിറവ്യത്യാസം കാരണമാകുമെന്നായിരുന്നു വിമർശനം.