ഞ്ചസാരയുടെ മാധുര്യം നുകരാൻ ഇഷ്ടമില്ലാത്തവർ ചുരുക്കമായിരിക്കും. പഞ്ചസാര വെളുത്ത വിഷമാണെന്നറിഞ്ഞു കൊണ്ടാണ് അത് മിക്കവരും അകത്താക്കുന്നത്. അതിന്റെ പിടിയിൽ നിന്ന് മോചനം നേടുകയെന്നത് പലർക്കും ബുദ്ധിമുട്ടുള്ള കാര്യമാണെന്നാണ് യാഥാർത്ഥ്യം. അതിന് തങ്ങൾ ആശങ്കപ്പെടാൻ മാത്രം അളവിലുള്ള പഞ്ചസാരയൊന്നും കഴിക്കുന്നില്ലെന്നായിരിക്കും ചിലർ ഇതിനെ പ്രതിരോധിക്കാനായി വാദിക്കുന്നത്. എന്നാൽ നമ്മുടെ ശരീരത്തിലെത്തുന്ന പഞ്ചസാരയുടെ അളവിനെക്കുറിച്ച് പലർക്കും കൃത്യമായി അറിയില്ലെന്നാണ് യാഥാർത്ഥ്യം. അതായത് നാം കഴിക്കുന്ന പല പ്രിയവിഭവങ്ങളിലും അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അളവിനെക്കുറിച്ച് പലരും അജ്ഞരാണെന്ന് സാരം. ഉദാഹരണമായി പാസ്റ്റ സോസിൽ മാർസ് ബാറിലുള്ളതിനേക്കാൾ പഞ്ചസാരയുണ്ടെന്ന് എത്ര പേർക്കറിയാം...? . അതുപോലെത്തന്നെ സൈഡറിനേക്കാൾ മധുരതരം സൂപ്പാണെന്നും പലർക്കും അറിയില്ല.

അതായത് പലരും അറിയാതെയാണ് അവരുടെ ഉള്ളിൽ കൂടുതൽ പഞ്ചസാരയെത്തുന്നതെന്ന് സാരം. കൊക്കോക്കോള, ഐസ്‌ക്രീം തുടങ്ങിയവയാണ് പഞ്ചസാരയുടെ കലവറയെന്നും അതിനാൽ അവ ഒഴിവാക്കിയാൽ പഞ്ചസാരയുണ്ടാക്കുന്ന ബുദ്ധിമുട്ടുകളെ പടിക്ക് പുറത്ത് നിർത്താമെന്നുമാണ് പലരും ധരിച്ച് വച്ചിരിക്കുന്നത്. എന്നാൽ പാസ്റ്റ സോസ്, ചില തരം സൂപ്പുകൾ, ഗ്രനോള തുടങ്ങിയവയിലും കുടൂതൽ അളവിൽ പഞ്ചസാരയുണ്ടെന്ന് ഭൂരിഭാഗം പേർക്കും അറിയില്ല. ഉദാഹരണമായി 500 ഗ്രാം ഡോൽമിയോ ബൊലോഗ്‌നൈസ് സോസിൽ ആറ് ക്യൂബിലധികം പഞ്ചസാര അടങ്ങിയിട്ടുണ്ടെന്ന് അത് പതിവാക്കിയവർക്ക് പോലും അറിയില്ല. മാർസ് ബാറിലും ഇതിന് സമാനമായ അളവിലുള്ള പഞ്ചസാരയുണ്ട്. വിവിധ ഭക്ഷ്യപദാർത്ഥങ്ങളിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ ക്യൂബ് സൂചിപ്പിക്കുന്ന ഒരു ഗ്രാഫിക് പുറത്തിറങ്ങിയിട്ടുണ്ട്.

ഒരു മാർസ് ബാറിൽ ആറര ക്യൂബ് പഞ്ചസാരയും ഒരു മാങ്ങയിൽ ഒമ്പത് ക്യൂബ് പഞ്ചസാരയും ഉണ്ടെന്നാണ് പ്രസ്തുത ഗ്രാഫിക് വെളിപ്പെടുത്തുന്നത്. മാങ്ങയെ താരമ്യേന ആരോഗ്യകരമായ ഫലമായാണ് വിലയിരുത്തപ്പെടുന്നത്. അത്തരമൊരു ഫലത്തിൽ പോലും ഇത്രയും കൂടിയ അളവിലുള്ള പഞ്ചസാര അടങ്ങിയിരിക്കുന്നുവെന്നത് അത്ര നല്ല അവസ്ഥയെയല്ല സൂചിപ്പിക്കുന്നത്. വൈപ്പ്ഡ് ക്രീം സഹിതമുള്ള ഒരു സ്റ്റാർബക്ക്‌സ് ഹോട്ട് ചോക്കലേറ്റിൽ ഒമ്പതരക്യൂബ് പഞ്ചസാരയും ബെൻ ആൻഡ് ജെറീസ് ഫിഷ് ഫുഡ് ഐസ്‌ക്രീമിൽ 25.5 ക്യൂബും 500 മില്ലി ലി്‌ററർ ഓറഞ്ച് ജ്യൂസിൽ 10 ക്യൂബും മാക് ഡോണാൾഡ് ചോക്കളേറ്റ് മിൽക്ക് ഷെയ്ക്കിൽ 12 ക്യൂബും പഞ്ചസാര അടങ്ങിയിട്ടുണ്ടെന്നാണ് പ്രസ്തുത ഗ്രാഫിക് വ്യക്തമാക്കുന്നത്. ഇത്തരത്തിലുള്ള ആഹാരങ്ങളിലൂടെ ഭൂരിഭാഗം പേരും 18 ക്യൂബ് പ്ഞ്ചസാരയെങ്കിലും നിത്യേന അകത്താക്കുന്നുണ്ടെന്നാണ് കണക്ക്. ആവശ്യത്തിൽ കൂടുതൽ പഞ്ചസാര ശരീരത്തിലെത്തിയാൽ അത് പ്രമേഹത്തിനും പൊണ്ണത്തടിക്കും കാരണമാകുമെന്ന് വിവിധ പഠനങ്ങളിലൂടെ നിസ്സംശയം തെളിഞ്ഞിരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ നാം അകത്താക്കുന്ന പഞ്ചസാരയുടെ അറിയാക്കണക്കുകൾ ആശങ്ക ജനിപ്പിക്കുന്നു. ഇത്തരത്തിൽ ആവശ്യത്തിൽ കൂടുതൽ നാം അകത്താക്കുന്ന പഞ്ചസാര പല രോഗങ്ങൾക്കും വഴിയൊരുക്കുന്നുണ്ടെന്നാണ് ന്യൂകാസ്റ്റിൽ യൂണിവേഴ്‌സിറ്റിയിലെ മെഡിസിൻ ആൻഡ് മെറ്റബോളിസം പ്രഫസറായ റോയ് ടെയ്‌ലർ മുന്നറിയിപ്പ് നൽകുന്നു. കഴിക്കുന്ന പഞ്ചസാരയുടെ അളവ് കുറച്ച് ഭാരം കുറയ്ക്കാനും ആരോഗ്യം വർധിപ്പിക്കാനും സാധിക്കുമെന്നും അദ്ദേഹം പറയുന്നു.

ഒരാൾക്ക് ഒരു ദിവസം വേണ്ടുന്ന ഊർജത്തിന്റെ പത്ത് ശതമാനത്തിലധികം ഫ്രീ ഷുഗറിൽ നിന്നുണ്ടാവരുതെന്നാണ് ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്നത്. തേൻ, സിറപ്പുകൾ, ഫ്രൂട്ട് ജ്യൂസുകൾ എന്നിവയിൽ നിന്ന് ഇവ ലഭിക്കും. ഇതിനായി 50 ഗ്രാം അല്ലെങ്കിൽ 10 ക്യൂബ് പഞ്ചസാര മാത്രമെ നമുക്കാവശ്യമുള്ളൂ. ആവശ്യമുള്ളതിൽ കൂടുതൽ അഞ്ച് ശതമാനം വരെ അല്ലെങ്കിൽ 25ഗ്രാം അല്ലെങ്കിൽ ആറ് ടീ സ്പൂൺ വരെ പഞ്ചസാര അധികരിക്കാരിക്കാനാകണം ആളുകൾ ലക്ഷ്യമിടേണ്ടെതെന്നാണ് യുഎൻ ഏജൻസി നിർദ്ദേശിക്കുന്നത്. എന്നാൽ ഇന്ന് പലരും ഇതിലധികം പഞ്ചസാര അകത്താക്കുന്നതാണ് പ്രശ്‌നമായിത്തീരുന്നത്.

ലോകാരോഗ്യസംഘടന ഈ മാസമാദ്യം പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം നോർത്ത് അമേരിക്കയിലും സെൻട്രൽ അമേരിക്കയിലുമുള്ളവർ ദിവസേന അകത്താക്കുന്ന ഫ്രീ ഷുഗറിന്റെ അളവ് 95 ഗ്രാം അല്ലെങ്കിൽ 19 ക്യൂബ് ആണ്. എന്നാൽ തെക്കേ അമേരിക്കയിലുള്ളവർ 130 ഗ്രാം അല്ലെങ്കിൽ 26 ക്യൂബാണത്രെ ഒരു ദിവസം അകത്താക്കുന്നത്. എന്നാൽ പടിഞ്ഞാറൻ യൂറോപ്പിലുള്ളവർ അകത്താക്കുന്ന ശരാശരി പഞ്ചസാരയുടെ അളവ് 101 ഗ്രാം അഥവാ 20 ക്യൂബ് ആണ്. പൊണ്ണത്തടി നിയന്ത്രണമില്ലാത്ത ആഗോള പ്രശ്‌നമായി വ്യാപിച്ചതിനെ തുടർന്ന് ഭക്ഷ്യപദാർത്ഥങ്ങളിൽ മറഞ്ഞിരിക്കുന്ന പഞ്ചസാരയെക്കുറിച്ച് ആരോഗ്യവിഗദ്ധർ മുമ്പത്തേക്കാൾ ബോധവാന്മാരായിരിക്കുകയാണ്. അനാവശ്യമായ പഞ്ചസാര അകത്തെത്തുന്നത് ഒഴിവാക്കണമെന്ന് അവർ മുന്നറിയിപ്പ് നൽകുന്നുമുണ്ട്.