തൃശൂർ: ചന്ദ്രബോസെന്ന സെക്യൂരിറ്റിക്കാരനെ ക്രൂരമായി കൊന്ന കോടിശ്വരൻ നിസാമിന് തൃശൂർ ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ.പി. സുധീർ വിധിച്ചത് 39 കൊല്ലത്തെ ശിക്ഷയാണ്. വധശിക്ഷ നൽകാൻ വകുപ്പില്ലെന്ന് തിരിച്ചറിഞ്ഞ് നിയമത്തിനുള്ളിൽ നിന്ന് പരമാവധി ശിക്ഷ നിസാമിന് നൽകിയ ന്യായാധിപൻ. ഇതേ കണിശത തന്നെയാണ് പള്ളി മേടയിലെ പീഡനത്തിൽ പാസ്റ്റർ സനിൽ കെ. ജെയിംസിനും ജഡ്ജി കെപി സുധീർ വിധിക്കുന്നത്. കുട്ടികളോടുള്ള ലൈംഗികാതിക്രമങ്ങളുടെ വ്യാപ്തിയും അതിന് നൽകേണ്ട ശിക്ഷയും എത്രത്തോളം വലുതാകണമെന്ന് ഓർമിപ്പിക്കുകയാണ് ഈ വിധി ന്യായത്തിലൂടെ സുധീർ.

കുട്ടികൾക്ക് എതിരായ ലൈംഗികാതിക്രമം തടയൽ (പോക്‌സോ) കേസിൽ സംസ്ഥാനത്ത് ഏറ്റവും വലിയ ശിക്ഷയാണ് ഇത്. നിയമത്തിന്റെ സാധ്യതകളെ കൊടുംകുറ്റവാളികൾക്കെതിരെ എങ്ങനെ ഉപയോഗിക്കാമെന്നാണ് ജഡ്ജി തെളിയിക്കുന്നത്. കുട്ടികളെ പീഡിപ്പിക്കുന്നവർക്കുള്ള ഏറ്റവും വലിയ മുന്നറിയിപ്പാണ് ഇത്. വിശ്വാസം ആർജ്ജിച്ചുള്ള ഇത്തരം കുട്ടികൾക്കെതിരായ പീഡനങ്ങളുടെ ക്രിമിനൽ സ്വഭാവമാണ് വിധിയിലൂടെ ജഡ്ജി വരച്ചുകാട്ടുന്നത്. അത്യപൂർവ്വ വിധിക്ക് നിയമ വിദഗ്ദ്ധർ കൈയടി നൽകുകയാണ്. പോസ്‌കോ നിയമത്തിന്റെ സാധ്യത മുഴുവൻ ജഡ്ജി ഇവിടെ ഉപയോഗിക്കുകയായിരുന്നു. 2012ലാണ് പോസ്‌കോ നിയമം നിലവിൽ വരുന്നത്. ഈ നിയമത്തെ സമഗ്രമായി വിശകലനം ചെയ്യുന്ന വിധി തന്നെയാണ് ഇത്.

തൃശൂർ പീച്ചിയിൽ ഏഴാം ക്‌ളാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പാസ്റ്റർക്ക് 40 വർഷം കഠിന തടവും 20,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ഇരക്ക് മൂന്ന് ലക്ഷം രൂപ സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും തൃശൂർ ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ.പി. സുധീർ വിധിച്ചത്. കുട്ടികളുടെ സംരക്ഷണത്തിൽ സർക്കാരിന്റെ ഉത്തരവാദിത്തമാണ് ഇവിടെ വ്യക്തമാകുന്നത്. പീച്ചി സാൽവേഷൻ ആർമി പള്ളിയിൽ പാസ്റ്ററായിരുന്ന പ്രതി 2014 ഏപ്രിലിൽ അവിടെ വച്ചാണ് പെൺകുട്ടിയെ ഉപദ്രവിച്ചത്. തൃശൂർ ചൈൽഡ് വെൽഫെയർ കമ്മിറ്റി മുഖേന ലഭിച്ച പരാതിയത്തെുടർന്നാണ് പൊലിസ് അന്വേഷണം നടത്തിയത്. പ്രായപൂർത്തിയാകാത്ത, പട്ടിക വിഭാഗത്തിൽപ്പെട്ട ഒരു പെൺകുട്ടിയെ ബലാത്സംഗം ചെയ്തതിന് പ്രതിക്കെതിരെ പീച്ചി പൊലിസ് രജിസ്റ്റർ ചെയ്ത മറ്റൊരു കേസിലും ഇതേ പാസ്റ്റർ പ്രതിയാണ്.

ആദ്യകേസിൽ കോടതി തന്നെ തെളിവുകളുടെ വിശ്വാസ്യത ഉറപ്പുവരുത്തിയിരുന്നു. പ്രതി താമസിച്ചിരുന്ന പീച്ചി സാൽവേഷൻ ആർമി പള്ളിമേടയിലാണ് ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ മാനഭംഗപ്പെടുത്തിയത്. പീച്ചി-പായിക്കണ്ടം സാൽവേഷൻ ആർമി ചർച്ചിലെ പാസ്റ്ററായ ഇയാൾ പള്ളിയുടെ ഈ പ്രദേശത്തെ കുടുംബങ്ങളിലെ നിത്യസന്ദർശകനായിരുന്നു. പാസ്റ്ററെന്ന നിലയിൽ ഭാര്യയോടൊപ്പമേ വീടുസന്ദർശനം നടത്താവൂവെന്ന് നിബന്ധനയുണ്ടെങ്കിലും പലപ്പോഴും ഇയാൾ ഒറ്റയ്ക്കാണ് ഇത്തരം സന്ദർശനങ്ങൾ നടത്താറുണ്ടായിരുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഈ കുടുംബങ്ങളിലെ മുതിർന്നവർ അതിരാവിലെ തന്നെ ജോലിക്ക് പോകുന്നത് മുതലെടുത്താണ് ഇയാൾ കുട്ടികളുമായി ചങ്ങാത്തം കൂടിയത്.

വീട്ടുകാരുമായും കുട്ടികളുമായും നല്ലരീതിയിൽ പെരുമാറി ഇവരുടെ വിശ്വാസം നേടിയെടുത്ത ഇയാൾ പീന്നീട് രഹസ്യമായി കുട്ടികളെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും ചെറിയതോതിലുള്ള പീഡനങ്ങൾ തുടങ്ങി. പാസ്റ്ററെപ്പറ്റി എന്ത് പറഞ്ഞാലും ആരും വിശ്വസിക്കില്ല എന്ന ധൈര്യം ഇയാൾക്ക് പീഡനം നടത്താൻ തുണയായി. പീഡനത്തിന് ഇരയായ പെൺകുട്ടികളിലൊരാൾ ഈ വിവരം അദ്ധ്യാപികയോട് പറഞ്ഞു. അദ്ധ്യാപിക ഇത് ചൈൽഡ് വെൽഫെയർ കമ്മിറ്റിയിലും പൊലീസിലും അറിയിച്ചതിനെ തുടർന്ന് പൊലീസ് പെൺകുട്ടിയുടെ മൊഴിയെടുത്തു. അങ്ങനെയാണ് പാസ്റ്ററുടെ പീഡനം പുറം ലോകത്ത് എത്തുന്നത്.

പെൺകുട്ടിയുടെ മൊഴിയിൽനിന്നാണ് ഈ കുട്ടിയുടെ കൂട്ടുകാരിയായ മറ്റൊരു പെൺകുട്ടിയേയും ഇയാൾ പീഡിപ്പിച്ചിട്ടുണ്ടെന്ന വിവരം പുറത്താവുന്നത്. കേസ് രജിസ്റ്റർ ചെയ്യുന്ന വിവരം അറിഞ്ഞ് കോട്ടയം ഭാഗത്തേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. കേസിൽ കുറ്റപത്രം നൽകി. ഒരു വർഷത്തിനകം വിചാരണയും പൂർത്തിയാക്കി ശിക്ഷാ വിധിയിലേക്കും കാര്യങ്ങളെത്തി. രണ്ടാമത്തെ കേസിൽ ഇനി വിചാരണ നടക്കും. അതിലും ശിക്ഷ ഉറപ്പാണെന്നാണ് പൊലീസ് പറയുന്നത്.