- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിമോചന സമരാനന്തരം ഇംഎംസിനെ തോൽപിക്കാൻ നെഹ്റുവും ഇന്ദിരാഗാന്ധിയും മൊറാർജി ദേശായിയും നേരിട്ടെത്തിയെങ്കിലും ഇഎംഎസ് ജയിച്ചു കയറി; കെഇ ഇസ്മായിലിനെ തോൽപിച്ച് ഹാട്രിക് വിജയം സ്വന്തമാക്കിയ സിപി മുഹമ്മദിനെ മുട്ടുകുത്തിച്ചത് കഴിഞ്ഞ തവണ മുഹമ്മദ് മുഹ്സിൻ; യുഡിഎഫിൽ തീരുമാനമാകാത്ത മൂന്ന് സീറ്റുകളിലൊന്നായി പട്ടാമ്പി
പാലക്കാട്; യുഡിഎഫിൽ സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഇപ്പോഴും തീരുമാനമാകാത്ത മൂന്ന് സീറ്റുകളിലൊന്നാണ് പട്ടാമ്പി. എൽഡിഎഫിൽ സിപിഐക്കാണ് പട്ടാമ്പി സീറ്റ്. കഴിഞ്ഞ തവണ മണ്ഡലം തിരിച്ചുപിടിച്ച മുഹമ്മദ് മുഹ്സിൻ തന്നെയാണ് പട്ടാമ്പിയിൽ ഇത്തവണയും എൽഡിഎഫ് സ്ഥാനാർത്ഥി. പ്രാദേശികമായ എതിർപ്പുകൾ തുടക്കത്തിൽ മുഹ്സിൻ നേരിട്ടിരുന്നെങ്കിലും പ്രചരണം ആരംഭിച്ചുകഴിഞ്ഞതോടെ ആ എതിർപ്പുകളെല്ലാം പതുക്കെ കെട്ടടങ്ങിയിരിക്കുന്നു. യുഡിഎഫിൽ ഇപ്പോഴും തീരുമാനമാകാത്ത മണ്ഡലങ്ങളിലൊന്നാണ് പട്ടാമ്പി. പട്ടാമ്പി സീറ്റ് തങ്ങൾക്ക് വേണമെന്ന് മുസ്ലിം ലീഗും ഒരു തവണ കൂടി പാർട്ടി പറയുകയാണെങ്കിൽ മത്സരിക്കാൻ തയ്യാറാണെന്ന് കെപിസിസി വൈസ് പ്രസിഡണ്ടും മുൻ എംഎൽഎയുമായ സിപി മുഹമ്മദും അറിയിച്ചിരിക്കുന്നു.
തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിക്കുകയാണെങ്കിൽ പട്ടാമ്പി സിപിഐയുടെ ഉരുക്കുകോട്ടകളിലൊന്നാണ്. 1957 മുതലുള്ള തെരഞ്ഞെടുപ്പുകളിൽ കേവലം 5 തവണ മാത്രമാണ് ഇവിടെ കോൺഗ്രസ് വിജയിച്ചിട്ടുള്ളത്. ബാക്കിയെല്ലായിപ്പോഴും കമ്മ്യൂണിസ്റ്റ് പാർട്ടികളാണ് പട്ടാമ്പിയിൽ നിന്നും ജയിച്ചിട്ടുള്ളത്. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുതിർന്ന നേതാവായ ഇപി ഗോപാലനാണ് പട്ടാമ്പിയിൽ നിന്ന് 1957ലെ ആദ്യ തെരഞ്ഞെടുപ്പിൽ വിജയിച്ചത്. പിന്നീട് തുടർച്ചയായി മൂന്ന് തവണ ഇഎംഎസും പട്ടാമ്പിയെ പ്രതിനിധീകരിച്ച് കേരള നിയമസഭയിലെത്തി. പട്ടാമ്പിയിലെ ഇടതുവേരോട്ടത്തിന് അടിത്തറ പാകിയ തെരഞ്ഞെടുപ്പായിരുന്നു 1960ലേത്.
വിമോചന സമരത്തെ തുടർന്ന് കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാറിനെ പിരിച്ചുവിട്ടതിന് ശേഷമുള്ള തെരഞ്ഞെടുപ്പായിരുന്നു അത്. മുഖ്യമന്ത്രിയായിരുന്ന ഇഎംഎസായിരുന്നു പട്ടാമ്പിയിലെ ഇടതു സ്ഥാനാർത്ഥി. കോൺഗ്രസ്-പിഎസ്പി-മുസ്ലിം ലീഗ് സഖ്യസ്ഥാനാർത്ഥിയായി രാഘവൻ നായർ ഇഎംസിനെതിരെ മത്സരിച്ചു. ഇംഎസിനെ പരാജയപ്പെടുത്താൻ കോൺഗ്രസ് സാക്ഷാൽ ജവഹർലാൽ നെഹ്റുവിനെ പട്ടാമ്പിയിൽ പ്രചരണത്തിനെത്തിച്ചു. നെഹ്റുവിന് പുറമെ ഇന്ദിരാഗാന്ധി, അന്നത്തെ എഐസിസി അദ്ധ്യക്ഷൻ നീലം സഞ്ജീവ് റെഡ്ഡി, കേന്ദ്രമന്ത്രിമാരായിരുന്ന മൊറാർജിദേശായി, കാമരാജ്, സി സുബ്രഹ്മണ്യും തുടങ്ങിയവരും ഇഎംഎസിനെ തോൽപിക്കാനായി പട്ടാമ്പിയിൽ ക്യാമ്പ് ചെയ്ത് പ്രചരണം നടത്തി. ഒരു ഭാഗത്ത് കോൺഗ്രസിന്റെ അഖിലേന്ത്യ നേതാക്കളാണെങ്കിൽ മറ്റൊരു ഭാഗത്ത് നിന്ന് ജനസംഘത്തിന്റെ ദേശീയ നേതാക്കളും പട്ടാമ്പിയിൽ ഇഎംസിനെതിരെ പ്രചരണം നടത്തി.
ജനസംഘത്തിന്റെ ദേശീയ നേതവ് ദീൻദയാൽ ഉപാദ്ധ്യയും പട്ടാമ്പിയിൽ ഇഎംസിനെതിരെ പ്രചരണം നടത്തി. എന്നാൽ എല്ലാ പ്രചരണങ്ങളെയും നിഷ്പ്രഭമാക്കിക്കൊണ്ട് ഇഎംഎസ് 7322 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ആ തെരഞ്ഞെടുപ്പിൽ പട്ടാമ്പിയിൽ നിന്നും ജയിച്ചുകയറി. പട്ടാമ്പി ഇടതുപക്ഷത്തിന്റെ ഉറച്ചകോട്ടകളിലൊന്നായി നിലകൊള്ളുകയും ചെയ്തു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിന് ശേഷം സിപിഐയാണ് മണ്ഡലത്തിൽ ജയിച്ചുപോന്നത്. പിളർപ്പിന് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ ഇപി ഗോപാലൻ പട്ടാമ്പിയിൽ നിന്നും വിജയിച്ചു. മണ്ഡലം രൂപീകരിച്ച് രണ്ട് പതിറ്റാണ്ടിന് ശേഷമാണ് പട്ടാമ്പിയിൽ കോൺഗ്രസ് ആദ്യമായി ജയിക്കുന്നത്.
1980ൽ കോൺഗ്രസിലെ എംപി ഗംഗാധരനായരുന്നു പട്ടാമ്പിയിൽ നിന്നും ആദ്യമായി വിജയിച്ച കോൺഗ്രസുകാരൻ. 1982 സിപിഐയിലെ കെഇ ഇസ്മായിൽ പട്ടാമ്പിയിൽ നിന്നും ജയിച്ചെങ്കിലും തൊട്ടടുത്ത തെരഞ്ഞെടുപ്പിൽ 1987ൽ ലീലാദാമോദരനെ രംഗത്തിറക്കി കോൺഗ്രസ് മണ്ഡലം തിരിച്ചുപിടിച്ചു.പിന്നീട് 91ലും 96ലും കെഇ ഇസ്മായിലിലൂടെ സിപിഐ പട്ടാമ്പി മണ്ഡലം നിലനിർത്തി. എന്നാൽ 2001ൽ സിപി മുഹമ്മദിലൂടെ കോൺഗ്രസ് പട്ടാമ്പി തിരിച്ചുപിടിച്ചു. അത് പിന്നീട് തുടർച്ചയായി 2011 വരെ തുടർന്നു. എന്നാൽ 2016ൽ ജെഎൻയു സമരനേതാവും നാട്ടുകാരനും ചെറുപ്പക്കാരനുമായ മുഹമ്മദ് മുഹ്സിനെ രംഗത്തിറക്കി സിപിഐ പട്ടാമ്പി തിരിച്ച് പിടിച്ചു.
തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാൽ ഇടതുപക്ഷത്തിന് വേരോട്ടമുള്ള മണ്ണാണ് പട്ടാമ്പിയുടേത്. തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലങ്ങളും ഇടതുപക്ഷത്തിന് പ്രതീക്ഷ നൽകുന്നു. മുഹമ്മദ് മുഹ്സിനെ സ്ഥാനാർത്ഥിയാക്കിയതിൽ പ്രദേശിക എതിർപ്പുകളുണ്ടായിരുന്നെങ്കിലും അതിപ്പോൾ കെട്ടടങ്ങിയിരിക്കുന്നു. പാർട്ടിയെ അവഗണിക്കുന്നുവെന്നും സ്വന്തം നിലക്ക് തീരുമാനമെടുക്കുകയാണ് എന്നെല്ലാമായിരുന്നു മുഹ്സിനെതിരെയുള്ള പട്ടാമ്പിയിലെ പ്രാദേശിക സിപിഐ നേതൃത്വത്തിന്റെ ആരോപണങ്ങൾ. മുഹ്സിന് പകരം ഒകെ സൈതലവിയെ സ്ഥാനാർത്ഥിയാക്കണമെന്നും ആവശ്യമുയർന്നിരുന്നു.
എന്നാൽ ആ ചർച്ച അധികം നീളുന്നതിന് മുമ്പ് തന്നെ സിപിഐ മുഹ്സിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുയും ചെയ്തിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലം എൽഡിഎഫിന് പട്ടാമ്പിയിൽ പ്രതീക്ഷ നൽകുന്നതാണ്. പട്ടാമ്പി താലൂക്കിലെ കൊപ്പം, കുലുക്കല്ലൂർ, മുതുമല, ഓങ്ങല്ലൂർ,തിരുവേഗപ്പുറ, വല്ലപ്പുഴ, വിളയൂർ ഗ്രാമപഞ്ചായത്തുകളും പട്ടാമ്പി നഗരസഭയും ചേർന്നതാണ് പട്ടാമ്പി നിയമസഭ മണ്ഡലം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മുഹമ്മദ് മുഹ്സിന് 7404 വോട്ടിന്റെ ഭൂരിപക്ഷമാണ് ഉണ്ടായിരുന്നത് എങ്കിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ എൽഡിഎഫ് എട്ടായിരത്തിലേറെ വോട്ടിന് മുന്നിലാണ്. പട്ടാമ്പി നഗരസഭയിൽ യുഡിഎഫിന് കഴിഞ്ഞ തവണ 19 സീറ്റുണ്ടായിരുന്നെങ്കിൽ തദ്ദേശ തെരഞ്ഞെടുപ്പ് പൂർത്തിയായപ്പോൾ അത് 11ലേക്ക് ചുരുങ്ങി.ആറ് സീറ്റുണ്ടായിരുന്ന എൽഡിഎഫ് പത്താക്കി ഉയർത്തി.
കോൺഗ്രസ് വിമത നേതാവ് ടിപി ഷാജി രൂപീകരിച്ച വി ഫോർ പട്ടാമ്പിക്ക് ആറ് സീറ്റു ലഭിച്ചു. വി ഫോർപട്ടാമ്പി നിയമസഭ തെരഞ്ഞെടുപ്പിൽ ആരെ പിന്തുണക്കുമെന്നതും പ്രധാനപ്പെട്ട ഘടകമാണ്. യുഡിഎഫിൽ ഇപ്പോഴും സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയാകാത്തതും തിരിച്ചടിയാകുമെന്നാണ് വിലയിരുത്തലുകൾ. മുഹ്സിൻ ഒന്നാം ഘട്ട പ്രചരണം ആരംഭിച്ചുകഴിഞ്ഞു. പ്രദേശത്തെ പ്രധാനപ്പെട്ട മതപണ്ഡിതന്റെ കൊച്ചുമകനാണെന്ന മുൻതൂക്കവും മുഹ്സിന് കഴിഞ്ഞ തവണത്തേത് പോലെ ഈ തെരഞ്ഞെടുപ്പിലും ലഭിക്കും.