കോട്ടയം: പത്താമുട്ടം കൂമ്പാടി സെന്റ് പോൾസ് ആംഗ്ലിക്കൻ പള്ളിയിൽ കയറി കാരൾ സംഘത്തെ ആക്രമിച്ച സംഭവത്തിന് പിന്നിൽ പെൺകുട്ടികളെ ആക്രമിക്കാനുള്ള ശ്രമമെന്ന് ആരോപണം. സംഭവത്തിൽ ഏഴു ഡിവൈഎഫ്‌ഐ പ്രവർത്തകർക്കെതിരെ ചിങ്ങവനം പൊലീസ് കേസെടുത്തു. വ്യാപകമായ ആക്രമണമാണ് സംഭവവുമായി ബന്ധപ്പെട്ടുണ്ടായത്.

പരിസരത്തെ നാലു വീടുകൾക്കു നേരെയും ആക്രമണമുണ്ടായി. സ്ത്രീകളടക്കമുള്ളവർക്കു പരുക്കേറ്റു. ബൈക്കുകളും ഓട്ടോറിക്ഷയും തകർത്തു. വാഴക്കൃഷി നശിപ്പിച്ചു. പള്ളിക്കു നേരെ കല്ലേറുമുണ്ടായി. ഞായറാഴ്ച രാത്രിയാണ് സംഭവങ്ങളുടെ തുടക്കം. കാരൾ സംഘവും ഡിവൈഎഫ്‌ഐ പ്രവർത്തകരും തമ്മിൽ റോഡിൽ വച്ചു തർക്കമുണ്ടായി. കുട്ടികളുൾപ്പെടെ 43 പേർ കാരൾസംഘത്തിലുണ്ടായിരുന്നു. മുട്ടുചിറ കോളനിക്കു സമീപത്തെ വീടുകളിൽ കയറിയപ്പോൾ ഡിവൈഎഫ്‌ഐ സംഘം ഇവർക്കൊപ്പം പാട്ടു പാടി. ഇതുമുതലാണ് പ്രശ്‌നങ്ങളുടെ തുടക്കം,

ഇതു ചോദ്യം ചെയ്തതോടെ സംഘത്തിലെ പെൺകുട്ടികളെ ഉപദ്രവിക്കാൻ ശ്രമിച്ചെന്ന് പള്ളി ഭാരവാഹികൾ പറയുന്നു. തുടർന്ന് അടി തുടങ്ങുകയായിരുന്നു. ഇതു ചോദ്യം ചെയ്തവരെ സംഘം മർദ്ദിച്ചു. ചിങ്ങവനം പൊലീസ് എത്തിയതോടെ ഡിവൈഎഫ്‌ഐ സംഘം പിൻവാങ്ങി. പൊലീസിന്റെ നിർദേശ പ്രകാരം കാരൾ സംഘം പള്ളിയിലേക്കു മടങ്ങി. പള്ളിയിലെത്തി ഭക്ഷണം കഴിക്കുന്നതിനിടെ 25 ഡിവൈഎഫ്‌ഐ പ്രവർത്തകർ വടിവാളും കല്ലുമായി എത്തി ആക്രമിച്ചെന്നാണ് ആരോപണം.

ചേലച്ചിറ തങ്കച്ചന്റെ മകൾ എമിയയ്ക്കു പരുക്കേറ്റു. മുഖത്ത് ആറ് തുന്നലുണ്ട്. എമിയയെ പൊലീസ് ചങ്ങനാശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു. അക്രമത്തിൽ ഡിവൈഎഫ്‌ഐ നേതൃത്വത്തിനോ പ്രവർത്തകർക്കോ ബന്ധമില്ലെന്ന് ബ്ലോക്ക് പ്രസിഡന്റ് പി.ഡി. ഡിലീഷ് പറഞ്ഞു. പള്ളിയിലെ കാരൾ സംഘവും മറ്റൊരു കാരൾ സംഘവുമായി ഉണ്ടായ തർക്കവും സംഘർഷവുമാണ് പ്രശ്‌നങ്ങൾക്കു കാരണമെന്നും ഡിലീഷ് പറഞ്ഞു.

എന്നാൽ അറസ്റ്റിലായവരെല്ലാം ഡിവൈഎഫ് ഐക്കാരാണ്. ഇത് സിപിഎം നേതൃത്വത്തേയും വെട്ടിലാക്കിയിട്ടുണ്ട്. ഇവരെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്നാണ് സൂചന.