- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജില്ലാ സെക്രട്ടറി പറഞ്ഞ് അവസാനിപ്പിക്കുന്നതിന് മുൻപ് ചാനലുകളിൽ ഫ്ളാഷ് ന്യൂസ് വന്നത് നേതൃത്വത്തെ ഞെട്ടിച്ചു; വീണാ ജോർജിനെതിരായ ആരോപണങ്ങൾ ജില്ലാ സമ്മേളനത്തിന് ശേഷം ചർച്ച ചെയ്യും; മന്ത്രിയെ സംരക്ഷിക്കണം എന്നത് സംസ്ഥാന കമ്മറ്റിയുടെ തീരുമാനം; വിവരങ്ങൾ ചോർത്തുന്നവരെ കോൾലിസ്റ്റിൽ കുടുക്കാൻ സിപിഎം
പത്തനംതിട്ട: സിപിഎം ഏരിയാ സമ്മേളനത്തിൽ മന്ത്രി വീണാ ജോർജിനെതിരേ ഉയർന്ന ആരോപണങ്ങൾ പാർട്ടി ഗൗരവമായി ചർച്ച ചെയ്യും. ജില്ലാ സമ്മേളനത്തിന് ശേഷം ഈ വിഷയങ്ങൾ ജില്ലാ കമ്മറ്റിയിൽ ചർച്ച ചെയ്യാൻ കഴിഞ്ഞ ദിവസം ചേർന്ന ഏരിയാ കമ്മറ്റി യോഗമാണ് തീരുമാനിച്ചത്. ഏരിയാ കമ്മറ്റിയിൽ ഉയർന്ന ആരോപണങ്ങൾക്കും ചോദ്യങ്ങൾക്കും മറുപടി നൽകുന്നതിനായി ചേർന്ന നിലവിലുള്ള കമ്മറ്റിയിലാണ് ഇക്കാര്യം ചർച്ചയ്ക്ക് വന്നത്.
വീണാ ജോർജിനെതിരേ അങ്ങനെയൊരു ആരോപണം ഉന്നയിച്ചത് ശരിയായില്ലെന്നും ഒരു അജണ്ടയുടെ ഭാഗമാണിതെന്നും ജില്ലാ സെക്രട്ടറിയേറ്റംഗം ടികെജി നായർ അഭിപ്രായപ്പെട്ടു. എങ്കിൽ പിന്നെ കമ്യൂണിസ്റ്റ് പാർട്ടിയുടെ സമ്മേളനം നടത്തേണ്ട കാര്യമില്ലായിരുന്നല്ലോ കോൺഗ്രസുകാരെപ്പോലെ നോമിനേറ്റ് ചെയ്താൽ പോരായിരുന്നില്ലേ എന്ന് മറ്റ് ജില്ലാ നേതാക്കൾ പറഞ്ഞു. വീണയ്ക്ക് എതിരായ ആരോപണം ഗൗരവമേറിയതാണെന്നും അത് ചർച്ച ചെയ്യപ്പെടേണ്ടതാണെന്നും ആവശ്യമുയർന്നു. ഈ സാഹചര്യത്തിലാണ് ജില്ലാ സമ്മേളനത്തിന് ശേഷം ജില്ലാ കമ്മറ്റി വീണ വിഷയം ചർച്ച ചെയ്യാൻ തീരുമാനിച്ചത്.
തുടർന്ന് പ്രതിനിധികളുടെ ആരോപണങ്ങൾക്ക് മറുപടി നൽകുമ്പോഴാണ് വീണയ്ക്ക് വേണ്ടി ജില്ലാ സെക്രട്ടറി കെപി ഉദയഭാനു രംഗത്ത് വന്നത്. വീണയെ സംരക്ഷിച്ച് വേണം മറുപടി നൽകാനെന്ന് ജില്ലാ സെക്രട്ടറിക്ക് സംസ്ഥാന കമ്മറ്റിയിൽ നിന്ന് നിർദ്ദേശമുണ്ടായിരുന്നുവെന്നും പറയുന്നു. പിണറായി വിജയന്റെ വലം കൈയാണ് വീണാ ജോർജ്. ആ സ്ഥിതിക്ക് വീണയ്ക്ക് എതിരേ ഉയരുന്ന ആരോപണങ്ങൾ മുഖ്യമന്ത്രിയെ കൂടി ലക്ഷ്യം വച്ചുള്ളതാണ്. അങ്ങനെ ഒരു നീക്കം മുളയിലേ നുള്ളുക എന്നതിന്റെ ഭാഗം കൂടിയായിരുന്നു ജില്ലാ സെക്രട്ടറിയുടെ വാക്കുകൾ.
എന്നാൽ, ജില്ലാ സെക്രട്ടറി ഇത് പറഞ്ഞ് അവസാനിപ്പിക്കുന്നതിന് മുൻപ് ചാനലുകളിൽ ഫ്ളാഷ് ന്യൂസ് വന്നത് നേതൃത്വത്തെ ഞെട്ടിച്ചു. മാധ്യമങ്ങൾക്ക് വാർത്ത ചോർത്തുന്നവരെയും സംശയിക്കപ്പെടുന്ന മാധ്യമപ്രവർത്തകരുടെയും കാൾ ലിസ്റ്റ് എടുക്കുമെന്നൊരു ഭീഷണി കൂടി സമ്മേളനം മുന്നോട്ട് വച്ചിട്ടുണ്ട്. നേരത്തേ അടൂർ ഏരിയാ സമ്മേളനത്തിന് മുന്നോടിയായി വാർത്ത ചോർത്തിയവരുടെ കാൾ ലിസ്റ്റാണെന്ന് പറഞ്ഞ് സെക്രട്ടറി എസ്. മനോജ് കുറച്ചു കടലാസു കഷണങ്ങൾ സമ്മേളനങ്ങളിൽ ഉയർത്തിക്കാട്ടിയിരുന്നു.
ഇങ്ങനെ രഹസ്യമായി മാധ്യമപ്രവർത്തകരുടെ ഫോൺ വിവരങ്ങൾ ചോർത്താൻ സിപിഎം തയ്യാറെടുക്കുന്നുവെന്ന് മുൻപ് മറുനാടൻ വാർത്ത നൽകിയിരുന്നു. ഇതിനായി മാധ്യമ പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കുകയും അവരുടെ കാൾ ഡീറ്റൈയ്ൽസ് എടുക്കുകയും ചെയ്തിരുന്നു. അന്വേഷണ ഉദ്യോഗസ്ഥർ ഈ വിവരം പുറത്തു ചോർത്തിയെന്ന സംശയവും നിലനിൽക്കുകയാണ്.
പിആർ പ്രദീപാണ് പുതിയ ഏരിയാ സെക്രട്ടറി. ബിജെപിയിൽ നിന്ന് വന്ന് സിപിഎം ഏരിയാ കമ്മറ്റി അംഗമാവുകയും ആനുകൂല്യങ്ങൾ നേടുകയും ചെയ്തിട്ട് പാർട്ടി പരിപാടികളിൽ നിന്ന് വിട്ടു നിൽക്കുന്ന എജി ഉണ്ണികൃഷ്ണനെ ഏരിയാ കമ്മറ്റിയിൽ നിന്നൊഴിവാക്കി. മന്ത്രി വീണാ ജോർജ് ഏരിയാ കമ്മറ്റിയംഗമായി തുടരും.
മറുനാടന് മലയാളി ബ്യൂറോ