പത്തനംതിട്ട: ദളിത് സ്നേഹം വഴിഞ്ഞൊഴുകുന്നവരാണ് സിപിഐഎമ്മുകാർ; അതിന് പക്ഷേ, വടക്കേ ഇന്ത്യയിലെ ദലിതർക്ക് എന്തെങ്കിലും സംഭവിക്കേണ്ടി വരും. പിന്നെ ഇവിടെ പന്തം കൊളുത്തി പ്രകടനമായി, കോലം കത്തിക്കലായി, സംഘികളെ തെറിവിളിയായി...അങ്ങനെ ആഘോഷമാക്കും. എന്നാൽ, കേരളത്തിലെ ദലിതരോട് സിപിഎമ്മിനിപ്പോൾ അയിത്തമാണ്. അതിന് ഉദാഹരണമാണ് സിപിഎമ്മിന്റെ പത്തനംതിട്ട ജില്ലാ കമ്മറ്റിയും സെക്രട്ടറിയേറ്റും.

ഇന്നലെ നിലവിൽ വന്ന ജില്ലാ സെക്രട്ടറിയേറ്റിൽ ആറു പേർ നായന്മാർ, രണ്ടുപേർ ഈഴവർ, ഒരാൾ ക്രിസ്ത്യാനി. ദലിതരെയും വനിതകളെയും ഏഴയലത്ത് അടുപ്പിച്ചില്ല. ജില്ലാ സെക്രട്ടറിയേറ്റിലേക്ക് പരിഗണിക്കപ്പെടേണ്ടിയിരുന്ന ദലിത് നേതാവിനെ ജില്ലാ കമ്മറ്റിയിൽ വച്ചേ വെട്ടി നിരത്തി വരാൻ പോകുന്നതിന്റെ സൂചനകൾ നൽകിയിരുന്നു. ദോഷം പറയരുതല്ലോ, ജില്ലാ കമ്മറ്റിയിൽ വെട്ടിനിരത്തപ്പെട്ട മറ്റൊരാൾ നായരാണ്. അദ്ദേഹമാകട്ടെ പാർട്ടി വിട്ട് സിപിഐയിൽ ചേരുകയാണ് എന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്. ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ അജണ്ടയാണ് ഇന്നലെ നടപ്പായത്.

കെപി ഉദയഭാനു, ടിഡിബൈജൂ, പ്രഫ ടികെജി നായർ, പിജെ അജയകുമാർ, അഡ്വ. ആർ സനൽകുമാർ, രാജു ഏബ്രഹാം എംഎൽഎ, എ പത്മകുമാർ, പിബി ഹർഷകുമാർ, അഡ്വ. ഓമല്ലൂർ ശങ്കരൻ എന്നിവരെ തെരഞ്ഞെടുത്തു. പിഎസ് മോഹനൻ, ബാബു കോയിക്കലേത്ത് എന്നിവർക്ക് പകരക്കാരായിട്ടാണ് ഓമല്ലൂർ ശങ്കരനും പിബി ഹർഷകുമാറും എത്തിയിട്ടുള്ളത്. ഇരുവരും കന്നിക്കാർ. യോഗത്തിൽ കേന്ദ്ര കമ്മിറ്റിയംഗങ്ങളായ എ വിജയരാഘവൻ, വൈക്കം വിശ്വൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ.ജെ തോമസ്, ആർ ഉണ്ണികൃഷ്ണപിള്ള എന്നിവർ പങ്കെടുത്തു. സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനന്തഗോപൻ അധ്യക്ഷത വഹിച്ചു.

ദേവസ്വം ബോർഡ് പ്രസിഡന്റായ പത്മകുമാറിനെ ജില്ലാ സെക്രട്ടറിയേറ്റിൽ നിന്ന് ഒഴിവാക്കുമെന്നാണ് കരുതിയിരുന്നത്. അതുണ്ടായില്ല. അവൈലബിൾ ജില്ലാ സെക്രട്ടറിയേറ്റ് അടൂരിൽ ചേരത്തക്ക വിധമാണ് പുനഃസംഘടനയെന്ന് വിമർശനം ഉയർന്നു കഴിഞ്ഞു. മുതിർന്നനേതാക്കളെയും ദളിത് വിഭാഗത്തെയും പാടെ തഴഞ്ഞ പുനഃസംഘടനയിൽ ഓമല്ലൂർ ശങ്കരനെ ഉൾപ്പെടുത്തിയതിനെ മാത്രമാണ് പ്രവർത്തകർഅനുകൂലിക്കുന്നത്. ജില്ലാ കമ്മറ്റി തെരഞ്ഞെടുപ്പ് നടന്നപ്പോൾ തന്നെ വെട്ടി നിരത്തേണ്ടവരുടെ ആദ്യ ഘട്ടം പൂർത്തിയായിരുന്നു. പിന്നാലെ ഇപ്പോൾ സെക്രട്ടേറിയേറ്റിലും വെട്ടി നിരത്തൽ നടത്തി. പാർട്ടിക്കൊപ്പം എന്നും നിന്ന ദളിത് സമൂഹത്തെ പൂർണമായും ഒഴിവാക്കുകയും ചെയ്തു. മല്ലപ്പള്ളി, പന്തളം, ഇരവിപേരൂർ തുടങ്ങിയ ഏരിയകൾക്കൊപ്പം പുതുതായി രൂപം കൊണ്ട പെരുനാട് നിന്നും സെക്രട്ടറിയേറ്റിലേക്ക് പ്രാതിനിധ്യം ഇല്ല.

അടൂരിൽ നിന്ന് ജില്ലാ സെക്രട്ടറി അടക്കം മൂന്ന് പേരും സംസ്ഥാന സമിതി അംഗവും ഉണ്ട്. പരിഗണിക്കപ്പെടും എന്ന് കരുതിയിരുന്ന മുൻ എംഎൽഎ കെസി രാജഗോപാൽ ഒഴിവാക്കപ്പെട്ടു. അടൂരിൽ നിന്നും പിബി ഹർഷകുമാറിനെ ഉൾപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ തവണ തന്നെ പരിഗണിക്കപ്പെട്ടിരുന്ന പ്രകാശ് ബാബു വീണ്ടും ഒഴിവാക്കപ്പെട്ടു എന്നതും ശ്രദ്ധേയമാണ്. ജി അജയകുമാർ, എൻ സജികുമാർ, പികെ ശ്രീധരൻ, മഹിളാ വിഭാഗത്തിൽ നിന്നും കോമളം അനിരുദ്ധൻ എന്നിവരും പരിഗണനാ പട്ടികയിൽ ഉണ്ടായിരുന്നു. വി എസ് ചന്ദ്രശേഖര പിള്ള ജില്ലാ സെക്രട്ടറി ആയിരുന്നപ്പോൾ വിആർ ശിവരാജൻ, എംഎം സുകുമാരൻ, പികെ കുമാരൻ എന്നിങ്ങനെ ദളിത് സമുദായത്തിന് മുന്തിയ പരിഗണന ലഭിച്ചിരുന്നു. ഇപ്പോൾ പട്ടികജാതിയിൽ നിന്നും ആരെയും ഉൾപ്പെടുത്തിയതുമില്ല. തിരുവല്ലയിൽ നടന്ന ജില്ലാ സമ്മേളനത്തിൽ തെരഞ്ഞെടുക്കപ്പെട്ട ജില്ലാ കമ്മറ്റിയംഗങ്ങളിൽ നിന്ന് വികെ പുരുഷോത്തമൻ പിള്ള, കെഎം ഗോപി എന്നിവരെ ഒഴിവാക്കിയതിനെതിരെയാണ് അണികൾ പരസ്യമായി അമർഷം രേഖപ്പെടുത്തിയത്.

പട്ടികജാതി വിഭാഗക്കാരനും മുതിർന്ന നേതാവുമായ കെഎം ഗോപി കമ്യൂണിസ്റ്റ് ശൈലി പിന്തുടരുന്ന നേതാവാണന്ന കാര്യത്തിൽ ആർക്കും എതിരഭിപ്രായമില്ല. കുളനട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ഔദ്യോഗിക വാഹനം പോലും ഇദ്ദേഹം ഉപയോഗിച്ചിരുന്നില്ല. ലളിത ജീവിതത്തിന് ഉടമയായ ഗോപി ജാതി,മത, രാഷ്ട്രീയ വ്യത്യാസമില്ലാതെ പൊതുസമൂഹത്തിന്റെ ആദരവ് പിടിച്ചു പറ്റിയ നേതാവുമാണ്. ജില്ലാ കമ്മറ്റിയംഗം, പട്ടികജാതി ക്ഷേമ സമിതി ജില്ലാ പ്രസിഡന്റ്, കെഎസ്‌കെടിയു ജില്ലാ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ഗോപി ജില്ലാ കമ്മറ്റിയിൽ വീണ്ടും എത്തിയാൽ ജില്ലാ സെക്രട്ടറിയേറ്റിലേക്ക് ഉൾപ്പെടാൻ സാധ്യത മുന്നിൽ കണ്ടാണ് അന്നേ ഒഴിവാക്കിയത്.

പ്രവർത്തക ഘടകങ്ങളിൽ നിന്ന് നിലവിലുള്ളവരെ ഒഴിവാക്കുന്നതിന് അനാരോഗ്യവും പാർട്ടി വിരുദ്ധ പ്രവർത്തനവുമാണ് മാനദണ്ഡം എന്നിരിക്കേ പാർട്ടി പദവിയിലും സ്ഥാനങ്ങളിലും ഒരു പരാതിക്കുമിടയില്ലാതെ പ്രവർത്തിക്കുന്ന ഗോപിയെ ഒഴിവാക്കിയതാണ് പാർട്ടി അണികളിലെ പ്രതിഷേധത്തിന് കാരണമായായത്. പാർട്ടിക്ക് പുറത്ത് നിന്ന് എത്തിയ ആറന്മുളയിലെ നിയമസഭാ സ്ഥാനാർത്ഥിക്ക് വേണ്ടി ഇദ്ദേഹം ചെയ്ത പ്രവർത്തനവും അതിൽ നേടിയ വിജയവും പാർട്ടി അണികളെപ്പോലും അമ്പരപ്പിച്ചിരുന്നു. മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഒഴിവാക്കിയവരിൽ ചിലർ മറ്റ് ഇടത് പാർട്ടികളിലേക്കും കോൺഗ്രസിലേക്കും പോകാൻ തയ്യാറെടുക്കുകയാണ്.

ജില്ലാ കമ്മറ്റിയിൽ നിന്ന് ഒഴിവാക്കപ്പെട്ട വികെ പുരുഷോത്തമൻ പിള്ള സിപിഐയിൽ ചേരുമെന്ന് അറിയിച്ചു കഴിഞ്ഞു. ഇതിനെതിരേ സിപിഐഎം സൈബർ സഖാക്കൾ അപകീർത്തി പ്രചാരണവും ആരംഭിച്ചു കഴിഞ്ഞു. കെഎം ഗോപിയെ ജില്ലാ കമ്മറ്റിയിൽ പ്രത്യേക ക്ഷണിതാവാക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. നടപ്പായില്ലെങ്കിൽ അദ്ദേഹവും ജില്ലാ സെക്രട്ടറിയേറ്റിൽ നിന്നൊഴിവാക്കപ്പെട്ട ബാബു കോയിക്കലേത്തും സിപിഐയിലേക്ക് പോകും. ഒരു വിഭാഗം കൂട്ടത്തോടെ കോൺഗ്രസിലേക്കും ചേരാനുറച്ച് രംഗത്തു വന്നിട്ടുണ്ട്.