പത്തനംതിട്ട: ഓർത്തഡോക്‌സ് സമുദായാംഗവും കേരളാ കോൺഗ്രസ്(എം) നേതാവുമായ ജോസഫ് എം പുതുശേരിയെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തോൽപിക്കാൻ കൂട്ടുനിന്നതിന് ഓർത്തഡോക്‌സ് സഭയോട് കോൺഗ്രസ് നേതാവ് പി ജെ കുര്യന്റെ പ്രായശ്ചിത്തം.

സമുദായ സമവാക്യങ്ങൾ മറികടന്ന് ഓർത്തഡോക്‌സ് സഭയിൽപ്പെട്ടയാളെ ജില്ലാ കോൺഗ്രസ് കമ്മറ്റി പ്രസിഡന്റാക്കിയാണ് കുര്യൻ പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കുന്നത്. ഗ്രൂപ്പ്, സമുദായ സമവാക്യങ്ങൾ പരിഗണിച്ചാൽ നായരോ ഈഴവനോ പ്രസിഡന്റാകേണ്ടിയിരുന്നിടത്താണ് നിലവിൽ യുഡിഎഫ് ജില്ലാ കൺവീനറും മുൻജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ ബാബു ജോർജിനെ അവരോധിച്ചിരിക്കുന്നത്. ഈ നിയമനത്തിലൂടെ കുര്യനെ എതിർത്ത മുഴുവൻ നേതാക്കളെയും വെട്ടിനിരത്തിയിരിക്കുകയാണ്.

ഡിസിസി, കെപിസിസി ഭാരവാഹികളോ ഏതെങ്കിലും തദ്ദേശസ്ഥാപനത്തിന്റെ തലപ്പത്തുണ്ടായിരുന്നവരോ ആയിരുന്ന ഇവരൊക്കെ ഇന്ന് സാദാപ്രവർത്തകർ ആയി മാറിക്കഴിഞ്ഞു. ുര്യന്റെ നിലപാടിനെതിരേ പരസ്യമായി രംഗത്തുവന്നിരിക്കുയാണ് ഇവർ. കെപിസിസിക്കും ഹൈക്കമാൻഡിനും കാര്യകാരണ സഹിതം കത്തും അയച്ചിട്ടുണ്ട്. ജില്ലാ കോൺഗ്രസ് കമ്മറ്റി പ്രസിഡന്റിന്റെ നിയമനത്തെച്ചൊല്ലി വിവാദവുമായി മുതിർന്ന നേതാക്കളാണ് രംഗത്തു വന്നിരിക്കുന്നത്. അർഹതയുള്ള പലരെയും തഴഞ്ഞുവെന്നും ജാതി-സമുദായ-ഗ്രൂപ്പ് സമവാക്യങ്ങൾ പരിഗണിച്ചില്ലെന്നുമാണ് ഇവരുടെ പരാതി.

ഡിസിസി പ്രസിഡന്റായി ബാബു ജോർജിനെ കഴിഞ്ഞ ദിവസമാണ് ഹൈക്കമാൻഡ് നിയമിച്ചത്. കെപിസിസി മുന്നോട്ടു വച്ചിരിക്കുന്ന ഫോർമുല അനുസരിച്ചല്ല നിയമനമെന്നാണ് സ്ഥാനം ലഭിക്കാതെ പോയ നേതാക്കളുടെ ആരോപണം. കഴിഞ്ഞ ഡിസിസി പുനഃസംഘടനയിൽ പല മുതിർന്ന നേതാക്കളെയും ഭാരവാഹിത്വത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു. 10 വർഷമോ അതിലധികമോ ഭാരവാഹിത്വമുണ്ടായിരുന്നവരെ ഒഴിവാക്കുകയും അവർക്ക് മറ്റു പദവികൾ നൽകുകയും വേണമെന്നായിരുന്നു കെപിസിസി നിർദ്ദേശം. കെ. ജയവർമ, മാത്യു കുളത്തുങ്കൽ, സജി ചാക്കോ, പഴകുളം ശിവദാസൻ എന്നിവരെ ഡിസിസി ഭാരവാഹിത്വത്തിൽ നിന്ന് നീക്കിയെങ്കിലും പുതിയ പദവികൾ ഒന്നും നൽകിയില്ല.

ഇങ്ങനെ ഒഴിവാക്കപ്പെട്ടവരിൽ ബാബു ജോർജിന് ആദ്യം യുഡിഎഫ് കൺവീനർ സ്ഥാനവും ഇപ്പോൾ ഡിസിസി പ്രസിഡന്റ് സ്ഥാനവും നൽകി. ഡിസിസി വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്നൊഴിവാക്കപ്പെട്ട എ. ഷംസുദ്ദീനെ സംസ്ഥാന സഹകരണ ബാങ്ക് വൈസ് പ്രസിഡന്റാക്കി. സതീഷ് കൊച്ചുപറമ്പിൽ, ഏബ്രഹാം ജോർജ് പച്ചയിൽ എന്നിവർക്ക് കെപിസിസി നിർവാഹക സമിതിയിൽ സ്ഥാനം നൽകി. പുനഃസംഘടനയിൽ തഴയപ്പെട്ടവരാണിപ്പോൾ അതൃപ്തി പ്രകടിപ്പിച്ചിട്ടുള്ളത്. ഇവർ കെപിസിസിയെ ഇക്കാര്യം അറിയിച്ചിട്ടുമുണ്ട്. ഡിസിസി പ്രസിഡന്റ് സ്ഥാനം നൽകുന്ന കാര്യത്തിൽ സാമുദായിക സമവാക്യം പരിഗണിച്ചിട്ടില്ല എന്നും പറയുന്നു.

മോഹൻരാജിനെ ഒഴിവാക്കിയപ്പോൾ ഒരു ഹൈന്ദവ സമുദായാംഗത്തിന് വേണമായിരുന്നുവത്രേ അത് നൽകാൻ. അതുപോലെ തന്നെ ഒരാൾക്ക് ഒരു പദവിയെന്ന കെപിസിസി നിർദ്ദേശം ഇക്കാര്യത്തിൽ കർശനമായി നടപ്പാക്കണമെന്നും മുതിർന്ന അംഗങ്ങൾ പറയുന്നു. പാർട്ടി ഭാരവാഹിത്വത്തിന് പുറമേ തദ്ദേശ സ്ഥാപനങ്ങളിലും സഹകരണ സ്ഥാപനങ്ങളിലും പദവി വഹിക്കുന്നവരുടെ എണ്ണവും കുറവല്ല. നിലവിൽ ഒരു ജില്ലാ പഞ്ചായത്തംഗത്തെ തിരുവല്ല ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരാനും നീക്കം നടക്കുന്നുണ്ട്. അടുത്തയാഴ്ചയാണ് അവിടെ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. നിലവിൽ കെ. ജയവർമയാണ് പ്രസിഡന്റ്.

ഗ്രൂപ്പിനുള്ളിലെ ഗ്രൂപ്പുകളിയുടെ ഭാഗമായി ജയവർമയെ തെറിപ്പിക്കാനുള്ള നീക്കം അണിയറയിൽ നടക്കുന്നുമുണ്ട്. ഇക്കാര്യങ്ങളെല്ലാമാണ് അസംതൃപ്തർ കെപിസിസിയോട് ചൂണ്ടിക്കാട്ടിയിരിക്കുന്നത്.