കുവൈത്തിലെ പത്തനംതിട്ട ജില്ലാ നിവാസികളുടെ കൂട്ടായ്മയായ പത്തനംതിട്ട ജില്ലാ അസോസിയേഷൻ ഹോപ്പ് സ്‌കോളർഷിപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഈ വർഷം ജില്ലയിലെ മുഴുവൻ പഞ്ചായത്ത് / മുനിസിപ്പാലിറ്റകളിൽ നിന്നുമായി തെരഞ്ഞെടുക്കപ്പെട്ട 75 സ്‌കൂളുകളിൽ നിന്നായി 150 കുട്ടികൾക്കും, കലാ-കായിക രംഗത്ത് പത്തനംതിട്ടയുടെ യശസ്സ് ഉയർത്തിയ പ്രതിഭകൾക്കുമുള്ള സാമ്പത്തിക സഹായം വിതരണം ചെയ്തു. തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിലെ പ്രധാനാധ്യാപകരിൽ നിന്നും പൂർണ്ണമായും ഓൺലൈൻ രജിസ്‌ട്രേഷൻ വഴിയാണ് അർഹരായ കുട്ടികളെ കണ്ടെത്തിയത്.

അർഹരായ ഒരോ കുട്ടിക്കും 3000 രൂപാ സ്‌കോളർഷിപ്പ് തുകയും, യാത്രാപ്പടിയായി 250 രൂപയും ഉൾപ്പെടെ ആകെ 3250 രൂപാ വിതം ആണ് വിതരണം ചെയ്തത്. അതോടൊപ്പം തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടുലക്ഷം രൂപയും, കൂടാതെ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ പ്രളയദുരിതം നേരിട്ടവരിൽ നിന്നും തിരഞ്ഞെടുത്ത 10 പേർക്ക് 10000 രൂപാ വീതവും ചടങ്ങിൽ വിതരണം ചെയ്തു.

2018 ഒക്ടോബർ 20 ന്, രാവിലെ 09 മണിക്ക് പത്തനംതിട്ട ഗീതാഞ്ജലി ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ച ചടങ്ങിൽ ഹോപ്പ് സ്‌കോളർഷിപ്പിന്റെ വിതരണോൽഘാടനം കോന്നി എം എൽ എ അടൂർ പ്രകാശും, വ്യക്തികൾക്കുള്ള ദുരിതാശ്വാസവിതരണം റാന്നി എം എൽ എ രാജു ഏബ്രഹാമും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ സ്വീകരണം ആറന്മുള എം എൽ എ യും നിർവ്വഹിച്ചു.

ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോർജ്ജ് മാമ്മൻ കൊണ്ടൂർ, ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് കോന്നിയൂർ രാധാകൃഷ്ണൻ, അദ്ധ്യാപക സംഘടനാ പ്രതിനിധി സന്തോഷ്, സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് അനിൽ കുമാർ, മുൻ മുൻസിപ്പൽ ചെയർമാൻ അഡ്വ. സക്കീർ ഹുസ്സൈൻ, കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജെറി ഈശോ ഉമ്മൻ, മറ്റ് വിദ്യാഭ്യാസ പ്രവർത്തകർ എന്നിവർ പരിപാടിയിൽ പങ്കെടുത്ത് കുട്ടികളെ ആശീർവദിച്ചു. പ്രസിഡണ്ട് മുരളി എസ് പണിക്കർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അഡൈ്വസറി ബോർഡ് ചെയർമാൻ കെ ജയകുമാർ സ്വാഗതവും, ജനറൽ കൺവിനർ പി റ്റി ശാമുവേൽകുട്ടി നന്ദിയും പറഞ്ഞു. അസ്സോസിയേഷൻ പത്തനംതിട്ട കോഓർഡിനേറ്റർമാരായ എബ്രഹാം ഡാനിയേൽ, വർഗീസ് പോൾ, ഗീതാ ജയകുമാർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം വഹിച്ചു.