മസ്‌ക്കറ്റ്: ആത്മഹത്യ ചെയ്യാൻ പോകുന്നതിനെ സൂചിപ്പിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടതിന് പിന്നാലെ പത്തനംതിട്ട സ്വദേശി ഒമാനിലെ നിസ്‌വയിൽ മരിച്ച സംഭവത്തിന്റെ ഞെട്ടലിലാണ് സുഹൃത്തുക്കൾ.

ജെ.സി.ബി ഓപറേറ്ററായിരുന്ന കോന്നി പയ്യാനമൺ സ്വദേശി പ്രശാന്ത് തമ്പിയാണ് (33) മരിച്ചത്. മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് ജീവനൊടുക്കുന്നത് സംബന്ധിച്ച സൂചന നൽകി പ്രശാന്ത് തമ്പി ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിരുന്നു.

'അർഹതയില്ലാത്തവർ അങ്ങോട്ട് മാറി നിൽക്ക്, ഇവിടെ ഏട്ടൻ കാണിക്കും മരിക്കുന്നത് എങ്ങനെ എന്ന്', വെള്ളിയാഴ്ച രാത്രി പന്ത്രണ്ടരയോടെ പ്രശാന്ത് ഫേസ്‌ബുക്കിൽ കുറിച്ചത് ഇങ്ങനെയായിരുന്നു.

ആദ്യം തമാശ രീതിയിലാണ് പോസ്റ്റ് എല്ലാവരും കണ്ടത്. പിന്നാലെ മണിക്കൂറുകൾക്കകം മരണവാർത്തയുമെത്തി.

ഇബ്രയിൽ ജോലി ചെയ്തിരുന്ന പ്രശാന്ത് ഒന്നര മാസം മുമ്പാണ് നിസ്‌വയിലേക്ക് വന്നത്. പോസ്റ്റ് ഇട്ട ശേഷം ജെ.സി.ബിയുടെ കൈ ഉയർത്തി അതിൽ തൂങ്ങുകയായിരുന്നു. അവിവാഹിതനാണ്.

നിസ്‌വ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരുകയാണ്‌