തിരുവനന്തപുരം: പത്തനംതിട്ട പൊതുമരാമത്ത് റസ്റ്റ്ഹൗസിൽ ആഭ്യന്തര വകുപ്പിലെ ഉന്നതനും പൊലീസ് ഉദ്യോഗസ്ഥരും അടക്കമുള്ളവരുടെ മദ്യപാന സദസ്. ആഘോഷം അതിരു വിട്ടപ്പോൾ അമിതമായി മദ്യപിച്ചയാൾ മുറി മുഴുവൻ വാളു വച്ച് വൃത്തികേടാക്കി. ബോധം തെളിഞ്ഞപ്പോൾ പുലർച്ചെ തന്നെ സ്ഥലം വിട്ടുവെന്നും മുറി വാടകയും വൃത്തിയാക്കുന്നതിനുള്ള ചെലവും നൽകിയില്ലെന്ന് പരാതി. വിവരം റിപ്പോർട്ട് ചെയ്യേണ്ട രഹസ്യാന്വേഷണ വിഭാഗം എസ്‌പി അറിയാതെ സൂക്ഷിച്ചിരിക്കുകയാണ്.

ഒക്ടോബർ ആറിന് ഉച്ച കഴിഞ്ഞാണ് പൊലീസ് ഉന്നത ഉദ്യോഗസ്ഥർ അടക്കമുള്ള സംഘം റസ്റ്റ് ഹൗസിൽ മുറിയെടുത്തത്. ആഭ്യന്തരവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനാണ് ഇവിടെ മുറി എടുത്തത്. അദ്ദേഹത്തിന്റെ മദ്യ സൽക്കാരത്തിൽ പങ്കെടുക്കാൻ ഡിവൈഎസ്‌പിയും റിട്ടയർ ചെയ്ത രണ്ടു ഡിവൈഎസ്‌പിമാരും മറ്റു ചിലരും ഉണ്ടായിരുന്നു.

പൊലീസിന്റെ പ്രതിമാസ അവലോകന മീറ്റിങ് നടന്നതിനാൽ ഡിവൈഎസ്‌പി വൈകിട്ട് നാലു മണിയോടെയാണ് സ്ഥലത്ത് ചെന്നത്. ആറു മണിയോടെ ഇദ്ദേഹം സ്ഥലം വിടുകയും ചെയ്തു. ഈ വിവരം ഇദ്ദേഹത്തിന്റെ കീഴിൽ ജോലി ചെയ്യുന്നവർ കൃത്യമായി റിപ്പോർട്ട് ചെയ്തെങ്കിലും എസ്‌പി അറിയാതെ മുക്കി.

ഇദ്ദേഹത്തിന് ശേഷം മുറിയിൽ ശേഷിച്ചവരാണ് അമിതമായി മദ്യപിച്ച് മുറിയിൽ വാൾ വച്ചത്. ബോധം വന്നപ്പോൾ ഇവർ ഓരോരുത്തരായി സ്ഥലം വിട്ടു. ഏറ്റവും അവസാനത്തെയാൾ പുലർച്ചെ മൂന്നു മണിയോടെ മുങ്ങി. റൂം വാടക നൽകിയില്ല. മുറി വൃത്തിയാക്കുന്നതിനുള്ള പണവും കൊടുത്തില്ല. വിഐപികൾ താമസിക്കുന്ന എസി മുറിയാണ് വൃത്തികേടാക്കിയത്. രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥർ അന്വേഷിച്ച് വിവരം ശരിയാണെന്ന് കണ്ടെത്തിയെങ്കിലും റിപ്പോർട്ട് ഉന്നതൻ മുക്കിയെന്നാണ് അറിയുന്നത്.

പൊതുമരാമത്ത് റസ്റ്റ് ഹൗസിലെ ജീവനക്കാർ വിവരം തുറന്നു പറയാൻ ഭയക്കുകയാണ്. പൊലീസിലെ ഉന്നതരാണ് പ്രതിസ്ഥാനത്ത് എന്നതിനാൽ തങ്ങൾക്ക് എതിരേ കേസെടുത്താലോ എന്നാണ് ഇവരുടെ ഭയം. ഈ ദിവസം ഈ പറഞ്ഞവർ ഒക്കെ അവിടെയുണ്ടായിരുന്നുവെന്ന കാര്യം വ്യക്തമായിട്ടുണ്ട്.

സംഭവം ജില്ലയിലെ പൊലീസുകാർക്കിടയിൽ ചർച്ചാ വിഷയമായിട്ടുണ്ട്. ജില്ലയിലെ പൊലീസുകാർക്ക് നാണക്കേടുണ്ടാക്കിന്നെ ആക്ഷേപവും ശക്തമാണ്. സേനയിൽ ഒരാൾക്കു പോലും ഇനി ഇവിടെ മുറിയെടുക്കാൻ സാധിക്കുമോ എന്നാണ് പലരുടെയും ചോദ്യം.