- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാടം വനമേഖലയിൽ തമ്പടിച്ച ഭീകരർ വനത്തിനുള്ളിൽ മാനുകളെ വേട്ടയാടി ഭക്ഷിച്ചു; കൊന്നത്; ഐയുസിഎൻ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയ സാംബർ വിഭാഗം മാനുകളെ; പണ തർക്കത്തിനിടെ ബോംബ് സ്ഫോടനം നടന്നതും അന്വേഷണ പരിധിയിൽ; കാട്ടിൽ ഒത്തുകൂടിയത് തീവ്രമത നിലപാടുകാർ തന്നെ
കൊല്ലം: പത്തനാപുരം പാടം വനമേഖലയിൽ തമ്പടിച്ച ഭീകരർ വനത്തിനുള്ളിൽ മാനുകളെ വേട്ടയാടി ഭക്ഷണമാക്കിയെന്ന് സൂചന. സ്‌ഫോടക ശേഖരം കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങൾ കണ്ടെത്തിയത്. തീവ്രമത നിലപാടുള്ള സംഘടനകളുടെ സാന്നിധ്യം വനമേഖലയിൽ അന്വേഷണസംഘം സ്ഥിരീകരിച്ചിട്ടുണ്ട്. കൊല്ലം ജില്ലയിലെ പുനലൂർ ഡിവിഷന് കീഴിലുള്ള പുന്നല റീജിയണിൽപെടുന്നതാണ് പാടം വനമേഖല.
ആയുധ പരിശീലനം നടത്തിയതായി കരുതുന്ന സ്ഥലത്തിന് സമീപം വനത്തിനുള്ളിൽ സാംബർ ഇനത്തിൽപെട്ട മാനുകളുടെ അവശിഷ്ടങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. ഉൾവനത്തിൽ ഇവർ ആയുധപരിശീലനം നടത്തുന്ന സമയത്ത് ഭക്ഷണത്തിനായി ഇവയെ വേട്ടയാടിയതാകാം എന്നാണ് നിഗമനം. ഇന്ത്യയിൽ അംഗസംഖ്യ ഗണ്യമായി കുറഞ്ഞതിനെ തുടർന്ന് 2008ൽ ഐയുസിഎൻ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയ സാംബർ വിഭാഗം മാനുകളെയാണ് വേട്ടയാടിയിരിക്കുന്നത്.
പതിനഞ്ചിലധികം സാംബർ ഇനത്തിൽപെട്ട മാനുകളുടെ അവശിഷ്ടം മുൻപും വനത്തിനുള്ളിൽ കണ്ടെത്തിയിരുന്നു. ഇതിൽ അന്വേഷണം ഇപ്പോഴും പൂർത്തിയായിട്ടില്ല. ഭീകരബന്ധമുള്ള സംഘടനകൾ വന്യമൃഗങ്ങളെ വേട്ടയാടി ഭക്ഷണമാക്കിയ സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്കും വ്യക്തമായ പങ്കുണ്ടെന്ന ആരോപണം ശക്തമാണ്. സംഭവത്തിൽ ഉദ്യോഗസ്ഥരുടെ ഇടപെടൽ പ്രത്യേകസംഘം അന്വേഷിക്കും. കൊല്ലം ജില്ലയുടെ വനാതിർത്തി കേന്ദ്രീകരിച്ചു തീവ്രവാദ സ്വഭാവമുള്ള സംഘടനകൾ പ്രവർത്തിക്കുന്നതായി തമിഴ്‌നാട് ക്യൂ ബ്രാഞ്ചാണ് ആദ്യം കണ്ടെത്തിയത്. പിന്നീട് ബോംബുകളും കണ്ടെത്തി.
അതിനിടെ സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയ സ്ഥലത്ത് അന്വേഷണം നടക്കുന്നതിനിടെ പണം കൊടുക്കൽ വാങ്ങലിലെ തർക്കം ബോംബേറിൽ കലാശിച്ചു. രണ്ടു യുവാക്കൾ അത്ഭുതകരമായി രക്ഷപ്പെട്ടു. കഴിഞ്ഞദിവസം സ്‌ഫോടകവസ്തുക്കൾ കണ്ടെടുത്ത സ്ഥലത്താണ് സംഭവമെന്നതിനാൽ എടിഎസും കൊല്ലം,- പത്തനംതിട്ട ജില്ലകളിലെ ഉന്നത പൊലീസ് സംഘവും സ്ഥലം സന്ദർശിച്ചു. ജില്ലാ അതിർത്തിയിലെ പാടത്ത് തിങ്കളാഴ്ച രാത്രിയാണ് സംഭവം. പാടം സ്വദേശികളായ നൈസാം, സുൾഫിക്കർ എന്നിവരാണ് ബോംബേറിൽനിന്ന് രക്ഷപ്പെട്ടത്. ഇവരുടെ ബൈക്കുകളും സംഘം അടിച്ചു തകർത്തു. അക്രമിസംഘത്തിലുണ്ടായിരുന്ന ഫൈസൽ രാജിനും സംഘത്തിനുമെതിരെ കൂടൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
തിങ്കളാഴ്ച രാവിലെ പത്തനാപുരം മാങ്കോട്ട് നൈസാമും സുൾഫിക്കറുമായി ഫൈസൽ രാജ് പണം സംബന്ധിച്ച് സംസാരിച്ച് മുഷിഞ്ഞു. അക്രമത്തിന് മുതിർന്നപ്പോൾ നാട്ടുകാർ ഇടപെട്ടു. തുടർന്ന് കാണിച്ചുതരാമെന്ന് പരസ്പരം പറഞ്ഞ് ഇരുസംഘവും മടങ്ങി. സന്ധ്യയോടെ ഫൈസൽ രാജും സംഘവും കാറിൽ വന്നപ്പോൾ പാടം ജങ്ഷനിൽ നൈസാമിനെയും സുൾഫിക്കറേയും കണ്ടു. ഇവർ വാഹനം നിർത്തി ഇറങ്ങുന്നതു കണ്ട് ഇരുവരും ബൈക്കിൽ രക്ഷപ്പെട്ടു. കാറിൽ പിന്തുടരുന്നതറിഞ്ഞ ഇരുവരും ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. പിന്നാലെയെത്തിയ ഫൈസൽ രാജും സംഘവും സ്‌ഫോടക വസ്തു എറിയുകയായിരുന്നു. സമീപത്തെ പാറയിൽ വീണ് പൊട്ടിയതിന്റെ ഉഗ്രശബ്ദം കേട്ട് സമീപവാസികൾ എത്തിയപ്പോഴേക്കും ബൈക്ക് തകർത്ത് സംഘം രക്ഷപ്പെട്ടു. നാട്ടുകാർ വിവരമറിയിച്ചതോടെ കൂടൽ പൊലീസ് സ്ഥലത്തെത്തി.
സംഭവമറിഞ്ഞ് എറണാകുളത്തുനിന്ന് എടിഎസ് ഡിവൈഎസ്‌പി ജോസ്, കൊല്ലം റൂറൽ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി അനിൽകുമാർ, പുനലൂർ ഡിവൈഎസ്‌പി സന്തോഷ് കുമാർ, പത്തനാപുരം ഇൻസ്പെക്ടർ സുരേഷ് കുമാർ തുടങ്ങിയവരും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആർ നിശാന്തിനി അടക്കമുള്ള ഉന്നത പൊലീസ് ഉദ്യാേഗസ്ഥരും സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. ഇതോടെ ആ മേഖലയിൽ ഉള്ളവർക്കും ബോംബ് നിർമ്മാണത്തിലും മറ്റും പരിശീലനം കിട്ടിയിരുന്നോ എന്ന സംശയം സജീവമാകുകയാണ്.
മറുനാടന് മലയാളി ബ്യൂറോ