ന്യൂഡൽഹി: പത്താൻകോട്ട് ഭീകരാക്രമണത്തിന്റെ കാര്യത്തിൽ കേന്ദ്രത്തിനു വീഴ്ചയുണ്ടായെന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച പാർലമെന്ററി സമിതിയുടെ വിലയിരുത്തൽ. പഞ്ചാബ് പൊലീസിനെയും സമിതി രൂക്ഷമായി വിമർശിച്ചു. ഭീകരാക്രമണ മുന്നറിയിപ്പുണ്ടായിട്ടും അതീവ സുരക്ഷാമേഖലയിൽ എങ്ങനെ അതിക്രമമുണ്ടായെന്നും സമിതി ചോദിച്ചു.

ഭീകരാക്രമണം തടയുന്നതിൽ കേന്ദ്രം പരാജയപ്പെട്ടുവെന്നും രാജ്യത്തിന്റെ ഭീകരവിരുദ്ധ വ്യവസ്ഥിതിയിൽ ഗുരുതരമായ പിഴവ് സംഭവിച്ചിട്ടുണ്ടെന്നും സംഭവം അന്വേഷിച്ച എംപിമാരുടെ പാനൽ റിപ്പോർട്ട് വിമർശിക്കുന്നു. പത്താൻകോട്ട് ഭീകരാക്രമണത്തെ കുറിച്ച് പാർലമെന്ററി സാറ്റാൻഡിങ് കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിലാണ് കേന്ദ്ര സർക്കാരിനെയും പഞ്ചാബ് പൊലീസിനെയും രൂക്ഷമായി വിമർശിക്കുന്നത്.

തന്ത്രപ്രധാന മേഖലയായ പത്താൻകോട്ട് വ്യോമതാവളത്തിന് ശക്തമായ സുരക്ഷ ഇല്ലായിരുന്നു. ആക്രമണത്തിൽ പഞ്ചാബ് പൊലീസിനുള്ള പങ്ക് സംശയകരവും അന്വേഷിക്കേണ്ടതാണെന്നും റിപ്പോർട്ട് പറയുന്നു. ജനുവരി രണ്ടിനാണ് പത്താൻകോട്ട് വ്യോമതാവളത്തിൽ ഭീകരാക്രമണമുണ്ടായത്.

ഗുർദാസ്പൂർ എസ്‌പിയെയും സുഹൃത്തുക്കളെയും തട്ടിക്കൊണ്ടുപോയെന്ന വിശ്വസനീയവും സുദൃഢവുമായ രഹസ്യാന്വേഷണ വിവരം ലഭിച്ചിട്ടും വേണ്ട മുൻകരുതലുകൾ സ്വീകരിച്ചില്ല. ഇന്റലിജൻസ് ചോർത്തിയ ഫോൺ സംഭാഷണങ്ങളിൽ നിന്നും ഭീകരർ പ്രതിരോധ കേന്ദ്രത്തെയാണ് ലക്ഷ്യമിടുന്നതെന്നും വ്യക്തമായിരുന്നു. എന്നിട്ടും സുരക്ഷാ ഏജൻസികൾ മുൻകരുതൽ നടപടികൾ സ്വീകരിക്കുകയോ ഭീകരരെ തുരത്താൻ സജ്ജരാവുകയോ ചെയ്തില്ല.

രാജ്യത്തെ ഭീകരവിരുദ്ധ ഏജൻസികളുടെ പ്രവർത്തനത്തിൽ എന്തോ ഗുരുതരമായ പിഴവുണ്ടെന്നും പാനൽ ചൂണ്ടിക്കാട്ടുന്നു. എയർബേസിന്റെ ചുറ്റുമതിലിന് ചുറ്റും റോഡില്ലെന്ന് അവിടെ സന്ദർശിച്ചപ്പോൾ കാണാൻ കഴിഞ്ഞു. മതിൽ കാട്മൂടിക്കിടക്കുകയാണ്. ഇതൊക്കെ ഭീകരർ നുഴഞ്ഞ്കയറുന്നത് കാണാതിരിക്കാനും ഭീകരരെ തുരത്തുന്നത് പ്രയാസമാക്കാനും ഇടയാക്കി. എയർബേസിന്റെ ചുറ്റുമതിലിന് ചുറ്റും വേണ്ടത്ര കാവൽ ഏർപ്പെടുത്തിയിട്ടില്ലെന്നും റിപ്പോർട്ട് പറയുന്നു. ഭീകരാക്രമണത്തിന് പിന്നിൽ പാക് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദാണെന്നതിൽ ഒട്ടും സംശയമില്ലെന്നും ചോർത്തിയ ഫോൺ സംഭാഷണങ്ങളിൽ നിന്നും ഇക്കാര്യം വ്യക്തമാണ്. കൊല്ലപ്പെട്ട ഭീകരരിൽ നിന്നും ലഭിച്ച ആയുധങ്ങളും സ്ഫോടക വസ്തുക്കളും പാക് നിർമ്മിതമാണെന്നും റിപ്പോർട്ട് പറയുന്നു. പാക് പ്രതിരോധ കേന്ദ്രങ്ങൾ ഉൾപ്പെടുന്നതിനാൽ അതീവ സുരക്ഷ ഏർപ്പെടുത്തിയ പത്താൻകോട്ട് അതിർത്തി ഭേദിച്ച് സായുധരായ നാല് ഭീകരർ കടക്കണമെങ്കിൽ പാക് സൈന്യത്തിന്റെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും സഹായത്തോടെയല്ലാതെ കഴിയില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.