- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പത്തേമാരിയിൽ' പ്രവാസത്തിന്റെ കണ്ണീരും കിനാവും; വിസ്മയിപ്പിച്ച് മമ്മൂട്ടിയും സിദ്ദീഖും! കല്ലുകടിയാവുന്നത് ചത്ത സംഭാഷണങ്ങളും തിരക്കഥയിലെ പൈങ്കിളിത്തവും
പ്രാരാബ്ധവും, വിഷാദവും, വല്യേട്ടൻ പ്രതിസന്ധികളും ചേരുമ്പടി ചേർത്ത ഒരു ശരാശി പൈങ്കിളി സനിമയെന്ന മട്ടിലാണ് ദേശീയ അവാർഡ് ജേതാവ് സലീം അഹമ്മദിന്റെ 'പത്തേമാരി' കാണാൻപോയത്. ആദ്യപകുതിയൊക്കെ കടന്നുപോയത് ആ ധാരണ ശരിവെക്കുന്ന രീതിയിലായിരുന്നു. എന്നാൽ അവസാനത്തെ പത്തുമിനിട്ടിലാണ് പടം തകർക്കുന്നത്. സത്യസന്ധമായി പറയട്ടെ, കണ്ണു നിറയാതെ ആ രംഗങ്
പ്രാരാബ്ധവും, വിഷാദവും, വല്യേട്ടൻ പ്രതിസന്ധികളും ചേരുമ്പടി ചേർത്ത ഒരു ശരാശി പൈങ്കിളി സനിമയെന്ന മട്ടിലാണ് ദേശീയ അവാർഡ് ജേതാവ് സലീം അഹമ്മദിന്റെ 'പത്തേമാരി' കാണാൻപോയത്. ആദ്യപകുതിയൊക്കെ കടന്നുപോയത് ആ ധാരണ ശരിവെക്കുന്ന രീതിയിലായിരുന്നു. എന്നാൽ അവസാനത്തെ പത്തുമിനിട്ടിലാണ് പടം തകർക്കുന്നത്. സത്യസന്ധമായി പറയട്ടെ, കണ്ണു നിറയാതെ ആ രംഗങ്ങൾ കാണാനാവില്ല. മമ്മൂട്ടിയെന്ന മഹാനടന്റെ അതി ഗംഭീരമായ പ്രകടനവും ഇവിടെ കാണാം. ആ ശബ്ദ നിയന്ത്രണവും ശരീരഭാഷയുമൊക്കെ പുതു തലമുറാനായകന്മാർ സീഡിയിട്ട് പഠിക്കേണ്ടതാണ്.
അംബേദ്ക്കറിലും,തനിയാവർത്തനത്തിലും, അമരത്തിലും, വാൽസല്യത്തിലുമൊക്കെ നമ്മെ കൊതിപ്പിച്ച മമ്മൂട്ടിയുടെ മാസ്മരിക പ്രകടനം ഏറെക്കാലത്തിനുശേഷം കാണിച്ചുതന്നതിന് സലീം അഹമ്മദിനോട് പെരുത്ത് നന്ദിയുണ്ട്. ഇതുതന്നെയാണ് മമ്മൂട്ടിയുടെ പ്രശ്‌നം. അദ്ദേഹത്തിന് പെർഫോം ചെയ്യാനായി കാമ്പും കരുത്തുമുള്ള ഒരു കഥാപാത്രം വേണം. 'ഉട്ടോപ്പിയയിലെ രാജാവു'പോലുള്ള ഒരു തട്ടിക്കൂട്ട് കഥാപാത്രത്തെ തന്നാൽ ഈ നടന് ഒന്നും ചെയ്യാനാവില്ല. പള്ളിക്കൽ നാരായണൻ എന്ന 'പത്തേമാരിയിലെ' നായകൻ മമ്മൂട്ടി എന്ന നടന് നൽകുന്ന ഗുണപാഠവും അതുതന്നെ.
വലിയ സംഭവമൊന്നുമല്‌ളെങ്കിലും കണ്ടിരിക്കാവുന്ന ശരാശരി സിനിമയാണ് 'പത്തേമാരി'. 'അഛാദിന്നിന്റെയും', ഉട്ടോപ്പിയയിലെ രാജാവിന്റെയുമൊക്കെ' ചൊരുക്കുമാറിക്കിട്ടാൻ ഒരു വിജയം മമ്മൂട്ടിക്ക് അനിവാര്യമായ സമയത്താണ 'പത്തേമാരി' കരയടുക്കുന്നത്. ദേശീയ അവാർഡ് നേടിയ 'ആദാമിന്റെ മകൻ അബുവിന്'ശേഷം, സലീം അഹമ്മദ് എടുത്ത 'കുഞ്ഞനന്തന്റെ കട' തീർത്തും നിരാശാജനകവും, അരാഷ്ട്രീയ ആശയങ്ങൾ പ്രചരിപ്പിക്കുന്ന സാമൂഹിക വിരുദ്ധ സിനിമയായിരുന്നു. കുഞ്ഞനന്തന്റെ'സൂപ്പർമാർക്കറ്റ്' ഉണ്ടാക്കിതീർത്ത ചീത്തപ്പേരിൽനിന്ന് 'പത്തേമാരി' സലീമിന് ഒരു പരിധിവരെ മോചനം നൽകുന്നുണ്ട്.
അരനൂറ്റാണ്ട് പിന്നിട്ട പ്രവാസത്തിന്റെ കഥ
മലയാളിയുടെ പ്രവാസം അരനൂറ്റാണ്ട് പിന്നിടുമ്പോൾ ഉള്ള പിന്തിരിഞ്ഞ് നോട്ടമാണ് 'പത്തേമാരിയെന്ന്' വേണമെങ്കിൽ ഒറ്റ വാക്കിൽ പറയാം. തീർത്തും വ്യത്യസ്തമായ രീതിയിലാണ് സലീം സിനിമ തുടങ്ങുന്നത്. ചിത്രത്തിലെ നായകനായ പള്ളിക്കൽ നാരായണനെന്ന വയോധികനായ തൊഴിലാളി, പുലർച്ചെ അഞ്ചുമണിക്ക് പതിവുപോലെ അയാൾവച്ച അലാറം അടിച്ചിട്ടും ഒരിക്കലും എഴുനേൽക്കാൻ കഴിയാത്ത ലോകത്തേക്ക് യാത്രയാവുന്നിടത്താണ് കഥ തുടങ്ങുന്നത്. പിന്നീട് ആ മനുഷ്യൻ സുഹൃത്ത് മൊയ്തീന്റെ ( ശ്രീനിവാസൻ) ഓർമ്മകളിലൂടെയാണ് ജീവിക്കുന്നത്.
നാട്ടിലെ ദാരിദ്രം താങ്ങാനാവാഞ്ഞതോടെ ചേറ്റുവ കടപ്പുറത്ത് നിന്ന് പുറപ്പെടുന്ന ഒരു പത്തേമാരിയിൽ അറുപതുകളിൽ പേർഷ്യക്ക് കടന്നവരാണ് മൊയ്തീനും, നാരായണനും. അമ്പതുവർഷത്തിലേറെ നീണ്ട ഗൾഫ് ജീവിതത്തിൽനിന്ന് നാരായണൻ സാമ്പത്തികമായി കാര്യമായി ഒന്നു നേടിയിട്ടില്ല. മണലാരണ്യത്തിൽ ഒന്നുമാവാതെപോവുന്ന പതിനായിരക്കണക്കിന് വരുന്ന മലയാളികളുടെ പ്രതിനിധിയാണ് അയാൾ.നാലു കാലഘട്ടങ്ങളിലുടെ നാരായണന്റെ കഥ പറഞ്ഞ് മലയാളിയുടെ പ്രവാസ ജീവിതത്തെ വിലയിരുത്താൻ ശ്രമിക്കയാണ് സലീം അഹമ്മദ്.
ഇത്തരത്തിലുള്ള അന്വേഷണങ്ങൾ വിരളമായാണ്‌നമ്മുടെ സിനിമയിൽ ഉണ്ടാവാറ്. അറബിക്കഥ, ഗർഷോം, ഗദ്ദാമ തുടങ്ങിയ എതാനും ചിത്രങ്ങളെ മാറ്റിനിർത്തിയാൽ പ്രവാസത്തിന്റെ പൊള്ളുന്ന അനുഭവങ്ങൾ ചിത്രീകരിക്കാൻ മലയാള സിനിമക്ക് അധികമൊന്നും കഴിഞ്ഞിട്ടില്ല. ഇവിടെ സലീം അഹമ്മദും കൂട്ടരും നടത്തിയ ഗവേഷണത്തെയും അഭിനന്ദിക്കേണ്ടതുണ്ട്. നടൻ സിദ്ദീഖ് തകർത്ത് അഭിനയിച്ച ലാഞ്ച് വേലായുധൻ എന്ന കഥാപാത്രമൊക്കെ ജീവിച്ചിരുന്നവരാണ്. പാസ്‌പോർട്ടും വിസയുമൊന്നുമില്ലാതെ പത്തേമാരിയിൽ കടൽ കടക്കുന്നവരുടെ ദയനീയത മധുഅമ്പാട്ടിന്റെ വിസ്മയിപ്പിക്കുന്ന കാമറയിൽ സലീം വരച്ചിടുന്നുണ്ട്.കാറ്റും കോളിലും പെട്ട് പത്തേമാരി ആടിയുലയുമ്പോഴുള്ള ഗ്രാഫിക്‌സ് അമ്പേപാളിപ്പോയെങ്കിലും, ഇതുവരെ കാണാത്ത പ്രവാസ കുടിയേറ്റത്തിന്റെ ദൈന്യത അടയാളപ്പെടുത്താൻ ഈ പടത്തിനായി.വെള്ളവും ഭക്ഷണവും വേണ്ടവിധം കിട്ടാതെ, കടൽച്ചൊരുക്കമനുഭവിച്ച് പാതിവഴിൽ മരിച്ചുവീണ യാത്രക്കാരനെ ശവം കടലിൽ എറിഞ്ഞ് 'ഖബറടക്കുന്ന' രംഗങ്ങളൊക്കെ ശരിക്കും പിടിച്ചു കുലുക്കുന്നവയാണ്.ഭാര്യയുടെ ശബ്ദത്തിന്റെ ടേപ്പ് റെക്കോർഡ് ,കത്തുപാട്ട്, ലേബർ ക്യാമ്പിലെ കഷ്ടതകളും അൽപ്പം തമാശകളും എന്നിവയൊക്കെയായി മലയാളിയുടെ ഗർഫ് ജീവിതത്തെ പ്രതിഫലിപ്പിക്കുന്നുമുണ്ട് ചിത്രം.
പക്ഷേ ഇവിടെയും സിനിമയോടുള്ള ഗൗരവമായ ചില വിയോജിപ്പുകൾ ഉയർന്നുവരുണ്ട്. കാക്കത്തൊള്ളായിരം വട്ടം ആവർത്തിച്ച 'ഗൾഫുകാരൻ വേഴ്‌സസ് സൊസൈറ്റി ആൻഡ് ഫാമിലി' എന്ന ആശയത്തിനാണ് തിരക്കഥയിൽ പ്രമുഖ്യം നൽകിയത്. മണലാരണ്യത്തിൽ ബന്ധുക്കൾക്കായി വിയർപ്പൊഴുക്കുകയും ഒടുവിൽ അവർ ചൂഷണം ചെയ്യുകയും ചെയ്യുന്ന കഥ എത്രകേട്ടതാണ്. എത്രകിട്ടിയാലും മതിവരാത്തവരായി നാട്ടിലുള്ളവരെ ചിത്രീകരിക്കുന്ന പല ഡയലോഗുകളും സിനിമയിലുണ്ട്. പ്രാരബ്ധക്കാരനായ ഗൃഹനാഥന്റെയായി മമ്മൂട്ടിചെയ്ത മുൻകാല ചിത്രങ്ങളുടെ വാർപ്പുമാതൃകയിലാണ് 'പത്തേമാരിയും' പടുത്തുയർത്തിയത്.പക്ഷേ കൈ്‌ളമാക്‌സിൽ അതുവരെ പറഞ്ഞ ഈ പൈങ്കിളിയുക്തിയിൽനിന്ന് കുതറിച്ചാടി എന്താണ ്ജീവിത വിജയമെന്ന് പള്ളിക്കൽ നാരായണൻ വ്യക്തമായി പറയുന്നിടത്ത് സലീം അഹമ്മദ് കൈയടി നേടന്നു. 'തിരിച്ചുകിട്ടുമെന്ന് ആഗ്രഹിച്ച് കൊടുക്കുന്നത് സ്‌നേഹമല്ല,കടമാണെന്ന' നാരായണന്റെ ഒറ്റ വാക്കിൽനിന്ന് സിനിമയുടെ നിലവാരം കുത്തനെ ഉയരുകയാണ്. പക്ഷേ അവസാന പത്തുമിനിട്ടിലെ വ്യതിരിക്തമായ ജീവിത സമീപനം സിനിമയുടെ മുഖ്യധാരയിലേക്ക് മാറ്റിപ്പിടിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ തികച്ചും നൂതനമായ ചിത്രം ആവുമായിരുന്നു പത്തേമാരി.
വില്ലനാവുന്നത് ചത്ത സംഭാഷണങ്ങൾ
താൻ ഒരു കലയിൽ മാസ്റ്ററല്‌ളെന്ന് ഉത്തമ ബോധ്യമുണ്ടെങ്കിലും ആളാവാൻവേണ്ടി എന്തും ചെയ്യുക. മലയാള സിനിമയിൽ ഫാഷനാവുന്ന കഥ, തിരക്കഥ, സംഭാഷണമൊക്കെ ഒറ്റക്ക് ചെയ്യുന്ന പ്രവണതയാണ് ഈ സിനിമയിലും കല്ലുകടിയായത്. കഥയും സംവിധാനവും മാത്രം ചെയ്ത് തിരക്കഥയും സംഭാഷണവും മറ്റാരെയെങ്കിലും എൽപ്പിച്ച് സലീം അഹമ്മദ് മാറി നിൽക്കയായിരുന്നെങ്കിൽ ഈ പടം എത്രയോ ഉന്നതങ്ങളിൽ എത്തിയേനെ. 'കൂട്ടുകാരാ നീ എവിടെപ്പോകുന്നു' എന്ന രീതിയിൽ അമേച്വർ നാടകങ്ങളെ ഓർമ്മിപ്പിക്കുന്ന രീതിയിലാണ് പലപ്പോഴും ഈ പടത്തിലെ സംഭാഷണങ്ങൾ. ഇടക്കിടെ പ്രാദേശിക ഭാഷയും, ഇടക്കിടെ നമ്മുടെ കേരളീയ സിനിമാ പൊതു ഭാഷയായ വള്ളുവനാടനും കടന്നുവരുന്ന രീതിയാണ് ഇവിടെയുള്ളത്.ഒന്നാന്തരം വൈകാരിക അനുഭവം ആവേണ്ട പല രംഗങ്ങളും വേണ്ടത്ര ഹൃദയസ്പർശിയാവാത്തത് ഇതുകൊണ്ടുതന്നെയാണ്.
ആവോളം ചത്ത സംഭാഷണങ്ങൾ ഉള്ള ഈ പടത്തിൽ ഒന്നിരണ്ടിടത്ത് കുറിക്കുകൊള്ളുന്ന വാക്കുൾ എഴുതി പിടപ്പിക്കാൻ സലീം അഹമ്മദിന് കഴിഞ്ഞിട്ടുണ്ട്.ഗൾഫിലെ കുടുസ്സുമുറിയിൽ കഴിയുമ്പോൾ, സൃഹൃത്ത് മൊയ്തീൻ നാരായണനോട് ഇങ്ങനെ പറയുന്നു. 'നാട്ടിൽ പോവുമ്പോഴുള്ള ഏക ആശ്വാസം ക്യൂനിൽക്കാതെ കക്കൂസിൽ പോവാമല്ലോ എന്നതാണ്' . 'അപ്പോൾ നാരായണന്റെ മറുപടി 'നാലും അഞ്ചും കക്കൂസുള്ള വീട് നാട്ടിൽ പൂട്ടിയിട്ട് ഇവിടെ വന്ന് കക്കൂസിന് ക്യൂനിൽക്കുന്നവരുണ്ട്' എന്നാണ് . ഗൾഫിൽ പോവാനായി വീടും പൊന്നുമെല്ലാം പണയപ്പെടുത്തി ഏജന്റിനാൽ ചതിക്കപ്പെട്ട്, നാട്ടിലേക്കു മടങ്ങാനാവാതെ മുംബൈയിൽ കഴിയുന്ന മജീദെന്ന ആദ്യമായി കണ്ട യുവാവിന് നാരായണൻ കുറച്ച് പണം അയാൾ ആവശ്യപ്പെടാതെ തന്നെ കൈയിൽ വൈച്ചുകൊടുക്കുന്നു. അതിശയം പൂണ്ട മജീദ് നാരയണനോട് പേരു ചോദിക്കുന്നു. 'എന്തിനാ പേര് അറിയുന്നത്' എന്നു നാരായണൻ. 'കുട്ടിക്കാലത്തു കാണാതെ പഠിച്ച പടച്ചോന്മാരുടെ പല പേരുകളിൽ ഉണ്ടോ എന്ന് അറിയാനാ' എന്ന് മജീദിന്റെ മറുപടി!
വിസ്മയിപ്പിച്ച് മമ്മൂട്ടിയും സിദ്ദീഖും ; പ്രതിഭ തെളിയിച്ച് ജുവൽമേരി
ഭാവാഭിനയത്തിന്റെ ഒരു കടൽതന്നെയാണ് താനെന്നും ഇനിയും ഖനനം ചെയ്തിട്ടില്ലാത്ത ഒരുപാട് അഭിനയമുഹൂർത്തങ്ങൾ ഉള്ളിൽ ഒളിപ്പിച്ചിട്ടുണ്ടെന്നും ഈ സിനിമയിലെ പള്ളിക്കൽ നാരായണനിലൂടെ മമ്മൂട്ടി തെളിയിക്കുന്നു. ഈ ഷഷ്ടിപൂർത്തിക്കാലത്തും യുവ നടന്മാരെ തന്നെ അഭിനയിച്ച് തോൽപ്പിക്കാൻ അദ്ദേഹം വെല്ലുവിളിക്കയാണ്! ഈ പടത്തിൽ സിദ്ദീഖിന്റെ പ്രകടനവും തീർത്തും വേറിട്ടതും ഉജ്വലവുമാണ്. തൊട്ടുമുമ്പ് ഇറങ്ങിയ 'ലോഹത്തിലെ' കള്ളക്കടത്തുകാരനായ ജൂവലറിക്കാരന്റെ വേഷവുമായി താരതമ്യം ചെയ്താൽ അറിയാം ഈ നടന്റെ റേഞ്ച്. വില്ലനായും, നായകനായും, ഗായകനായും, കൊമേഡിയനായും, സ്വഭാവ നടനായുമൊക്കെ എന്തും ചെയ്യുന്ന സിദ്ദീഖിന്റെ ഈ റേഞ്ച് മോഹൻലാലിന് മാത്രം അവകാശപ്പെട്ടതാണ്. അർഹിക്കുന്ന പരിഗണനകൾ ഒന്നും തന്നെ ഈ നടന് കിട്ടിയിട്ടില്‌ളെന്നതും ചിന്തിക്കേണ്ട വിഷയമാണ്.
പള്ളിക്കൽ നാരായണന്റെ ഭാര്യയായി വേഷമിട്ട ജുവൽമേരി ഇത്തവണ അവസരം ശരിക്കും മുതലാക്കി.
മുൻ ചിത്രമായ 'ഉട്ടോപ്യയിലെ രാജാവിൽ' ആദിമധ്യാന്തം ബോറായിരുന്നു ജുവൽമേരിയുടെ പ്രകടനം. ആരോടൊ എന്തോ വൈര്യാഗ്യമുള്ള രീതിയിൽ എപ്പോഴും ഒരേ ഭാവത്തോടെയായിരുന്ന ഈ ചിത്ത്രിൽ ജുവലിനെ കണ്ടത്. അതുകൊണ്ടുതന്നെ, ആദ്യം ഷൂട്ടിങ്ങ് തുടങ്ങിയ സിനിമയായ പത്തേമാരിയിലെ പ്രകടനം കണ്ട് മമ്മൂട്ടി തന്നെ ജുവലിനെ രണ്ടാമത്തെ സിനിമയായ ഉട്ടോപ്യയിലേക്ക് ശിപാർശ ചെയ്‌തെന്നും, സാധാരണ മമ്മൂട്ടി ഇങ്ങനെ ചെയ്യാറില്‌ളെന്നുമുള്ള വാർത്തകളൊക്കെ ചിലരുടെ ഉപജാപങ്ങളാണെന്നും സോഷ്യൽ മീഡിയയിൽ അടക്കം വിമർശനം ഉയർന്നിരുന്നു. എന്നാൽ 'പത്തേമാരി' കണ്ടതോടെ ആ സംശയം മാറിക്കിട്ടി. കഥാപാത്രമായി ജുവൽ മനോഹരമായി താദാത്മ്യം പ്രാപിച്ചിരിക്കുന്നു. ഒരു നോട്ടത്തിൽപോലും പിഴക്കാത്ത ഈർച്ചവാൾചേർച്ചയുണ്ട്, പള്ളിക്കൽ നാരായണനും ഭാര്യയും തമ്മിൽ. ഈ സിനിമയിലെ പ്രകടനം കണ്ട് മമ്മൂട്ടി രണ്ടാമത്തെ പടത്തിലേക്കും ജുവലിനെ ശിപാർശ ചെയ്തതിൽ ഒരു അദ്ഭുദവുമില്ല.
ബിജിപാലിന്റെ സംഗീതം ഈ പടത്തിന്റെ കടൽ രംഗങ്ങളൊയൊക്കെ ശരിക്കും ഉയർത്തുന്നുണ്ട്. റഫീക്ക് അഹമ്മദിന്റെ മനോഹരമായ വരികളും എടുത്തു പറയേണ്ടതാണ്.
വാൽക്കഷ്ണം:വർഗവർണ വിശകലനങ്ങൾക്ക് സിനിമയും വിധേയമായി വരുന്ന കാലമാണെല്ലോ ഇത്. 'കറുത്തമ്മ'യായി അഭിനയിക്കാൻപോലും വെളുത്തു തുടുത്ത ഷീലയെ കാസ്റ്റുചെയ്ത ചെമ്മീൻ യുഗത്തിൽനിന്ന് എറെയൊന്നും മാറാൻ മലയാള സിനിമക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ല. അതിനൊരു ചെറിയ തിരുത്തും പത്തേമാരി നൽകുന്നുണ്ട്. മമ്മൂട്ടി അവതരിപ്പിച്ച പള്ളിക്കൽ നാരായണന്റെ പിതാവായി സിനിമയിൽ വേഷമിടുന്നത് കറുത്ത് അശുവായ സലീം കുമാറാണ്.സാധാരണ മമ്മൂട്ടിയെപ്പോലൊരു താരം വേഷമിടുന്നതുകൊണ്ട് കുടംബം താമസിക്കുക, 'ചിറകൊടിഞ്ഞ കിനാക്കളിൽ' പരിഹസിക്കപ്പെടുന്നതുപോലെ വരിക്കാശ്ശേരി മനയിലോ മറ്റോ ആയിരിക്കും! എന്നാൽ ഇവിടെ ഒരു കൊച്ചു ഈഴവ കുടിലിലാണ് പള്ളിക്കൽ നാരയാണന്റെ ബാല്യം.ജാതിയിലും സാമൂഹിക ഘടനയിലും ഉന്നതരായ വല്‌ള്യേട്ടൻ കഥാപാത്രങ്ങളുടെ ഹാങ്ങ് ഓവർ മാറി, പച്ചയായ ജീവിത സത്യങ്ങളിലേക്കും, പ്രാന്തവത്ക്കരിക്കപ്പെട്ട മനുഷ്യരിലേക്കും സിനിമ കടന്നുവരുന്നതിനെ അഭിവാദ്യം ചെയ്യാതെ വയ്യ.