പെരുമ്പാവൂർ: യാക്കോബായ സുറിയാനി സഭയെ മുന്നിൽനിന്ന് നയിക്കുമ്പോഴും സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളേയും ഒരുപോലെ സ്‌നേഹിക്കുകയും അവർക്കുവേണ്ടി പ്രവർത്തിക്കുകയും ചെയ്ത വ്യക്തിയായിരുന്നു വിടവാങ്ങിയ എന്ന് പെരുമ്പാവൂരുകാരടെ 'പാത്തിക്കലച്ചൻ' എന്ന പാത്തിക്കൽ ഔസേഫ് കോർ എപ്പിസ്‌കോപ്പ. രണ്ടു കൊല്ലത്തോളമായി പെരുമ്പാവൂരിലെ വീട്ടിൽ വിശ്രമത്തിലായിരുന്ന അച്ചൻ വെള്ളിയാഴ്ച പുലർച്ചെ 1.45-നാണ് മരിച്ചത്.

രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളിൽ വിപുലമായ സുഹൃദ് വലയത്തിന്റെ ഉടമയായിരുന്നു അച്ചൻ. തന്നെ സമീപിക്കുന്ന ഏതൊരാളേയും മതമോ രാഷ്ട്രീയമോ നോക്കാതെ സഹായിക്കുമായിരുന്നു. ആരേയും മുഖംനോക്കാതെ ശാസിക്കുകയും ചെയ്യും.

1988-95 കാലഘട്ടത്തിൽ പെരുമ്പാവൂർ നഗരസഭയിൽ കൗൺസിലറായിരുന്ന പാത്തിക്കലച്ചൻ കൗൺസിൽ യോഗത്തിന് പതിവായി ബ്രീഫ്കേസുമായാണ് എത്തിയിരുന്നത്. വാർഡിലെ ജനങ്ങളുടെ ആവശ്യങ്ങളും പരാതികളും അവ സംബന്ധിച്ച് ശേഖരിച്ച രേഖകളും മറ്റുമായിരിക്കും ബ്രീഫ്കേസിൽ.

നഗരഹൃദയത്തിലെ കുപ്പത്തൊട്ടിയായിരുന്ന പെരുങ്കുളം പുഞ്ചയിലെ മാലിന്യ നിക്ഷേപത്തിന് അറുതിവരുത്തിയത് അച്ചന്റെ ശക്തമായ ഇടപെടലിലൂടെയാണ്. കൗൺസിലിലേക്ക് മത്സരിക്കുമ്പോൾ 'ഈച്ചയെ ആട്ടാതെ' ഭക്ഷണം കഴിക്കാൻ അവസരമുണ്ടാക്കുമെന്നായിരുന്നു പെരുങ്കുളം പുഞ്ച കോളനിയിലെ കുടുംബങ്ങൾക്ക് അച്ചൻ കൊടുത്ത വാക്ക്. പെരുങ്കുളം പുഞ്ചയിലാണ് ഇപ്പോൾ നഗരസഭയുടെ ഇ.എം.എസ്. സ്മാരക ടൗൺഹാൾ.

പിന്നീട് 95-ലും 2000-ത്തിലും നഗരസഭയിലേക്ക് മത്സരിച്ചു. 1977-ൽ കുന്നത്തുനാട് മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്നു. മന്ത്രിയായിരുന്ന പോൾ പി. മാണിയുടെ പരാജയത്തിന് വഴിവച്ചത് അച്ചന്റെ സ്ഥാനാർത്ഥിത്വമാണ്. മന്ത്രിയോട് തോന്നിയ അനിഷ്ടമാണ് തന്നെ മത്സര രംഗത്തിറക്കിയതെന്ന് അച്ചൻ സുഹൃത്തുക്കളോട് പറഞ്ഞിട്ടുണ്ട്.

പരേതനായ ഫാ. പൗലോസ് പാത്തിക്കലിന്റേയും അന്നമ്മയുടേയും മകനായി 1936 സെപ്റ്റംബർ ആറിനാണ് ജനനം.1956 ജൂൺ 30-ന് ഗ്രിഗോറിയോസ് ഗീവർഗീസ് മെത്രാപ്പൊലീത്തായിൽനിന്ന് കോറൂയോ പട്ടവും 1961 മാർച്ച് 31-ന് കശീശ പട്ടവും സ്വീകരിച്ചു. 1987-ൽ ദമസ്‌ക്കോസിൽ വെച്ച് മോറാൻ മോർ ഇഗ്‌നാത്തിയോസ് സാഖാ പ്രഥമൻ പാത്രിയർക്കീസ് ബാവ കോർ എപ്പിസ്‌കോപ്പയായി ഉയർത്തി.
1992-ൽ പെരുമ്പാവൂർ ബഥേൽ സുലോക്കോ കത്തീഡ്രൽ പുനർ നിർമ്മിച്ചത് പാത്തിക്കലച്ചനാണ്.

പോത്താനിക്കാട് സെയ്ന്റ് മേരീസ്, തൃശ്ശൂർ ചെമ്പൂക്കാവ് സെയ്ന്റ് തോമസ്, കിഴക്കമ്പലം സെയ്ന്റ് പീറ്റേഴ്സ് ആൻഡ് സെയ്ന്റ് പോൾസ്, പിണ്ടിമന സെയ്ന്റ് ജോൺസ്, ഏലൂർ മാർ ഗ്രിഗോറിയോസ്, വേങ്ങൂർ മാർ കൗമ, ഓടയ്ക്കാലി സെയ്ന്റ് മേരീസ്, കൽക്കുരിശ് സെയ്ന്റ് ജോർജ്, ആലുവ യു.സി. കോളേജ് സെയ്ന്റ് മേരീസ്, ആലുവ തൃക്കുന്നത്ത് സെയ്ന്റ് മേരീസ്, ചെറിയ വാപ്പാലശ്ശേരി മാർ ഇഗ്‌നാത്തിയോസ്, അകപ്പറമ്പ് മാർ ശാബോർ അഫ്രോത്ത്, പിറവം രാജാധിരാജ സെയ്ന്റ് മേരീസ്, പെരുമ്പാവൂർ ബെഥേൽ സുലോക്കോ, ടൊറൊന്റോ സെയ്ന്റ് ഗ്രിഗോറിയോസ്, ഇടവകകളിലും ഒഡിഷ ബിഹാർ എന്നീ സംസ്ഥാനങ്ങളിലെ റൂർക്കേല, ജംഷേദ്പുർ, കാൻസ് ബഹാർ, ബുർള, ഹിറാക്കുഡ്, സാമ്പൽപുർ തുടങ്ങിയ ഇടവകകളിലും വികാരിയായി സേവനമനുഷ്ടിച്ചു.

ഭാര്യ: പരേതയായ സാറാമ്മ, വെങ്ങോല പട്ടളാട്ട് കുടുംബാംഗം. മക്കൾ: എബ്രഹാം, ജോർജ് (പാത്തിക്കൽ ഓട്ടോ സ്റ്റോഴ്സ് ആൻഡ് പാത്തിക്കൽ ഓട്ടോ ഏജൻസീസ്, പെരുമ്പാവൂർ), ഫാ. ജോൺ ജോസഫ് (വികാരി, സെയ്ന്റ് ജോർജ് ചാപ്പൽ, മംഗലത്തുനട), അന്നം, പരേതനായ പോൾ. മരുമക്കൾ: ലിസി വള്ളിക്കാട്ടിൽ മഴുവന്നൂർ, മെറീന എടപ്പങ്ങാട്ടിൽ മുളന്തുരുത്തി, രജനി പേന്താലയിൽ വേളൂർ (പട്ടിമറ്റം മോർ കൂറിലോസ് സ്‌കൂൾ അദ്ധ്യാപിക), ഷാബു പോൾ കാഞ്ഞിരവേലി. സഹോദരങ്ങൾ: പൗലോസ് പാത്തിക്കൽ, അമ്മിണി വർഗീസ് പൊയ്ക്കാട്ടിൽ.