ലക്‌നൗ : കാത്തിരിപ്പിനൊടുവിൽ സഞ്ജയ് ലീലാ ബൻസാലിയുടെ വിവാദ ചിത്രം പത്മാവത് നാളെ റിലീസ് ചെയ്യുന്നു. ചിത്രത്തിനെതിരെ പ്രതിഷേധങ്ങൾ ഉയരുമ്പോൾ എത്തുന്നു ചിത്രം പ്രദർശിപ്പിക്കുന്ന തീയേറ്ററുകൾക്കെല്ലാം സുരക്ഷയൊരുക്കുമെന്ന് ഉത്തർപ്രദേശ് സർക്കാർ അറിയിച്ചു. യുപി ആരോഗ്യമന്ത്രി സിദ്ധാർഥ് നാഥ് സിംഗാണ് ഇക്കാര്യം അറിയിച്ചത്.

പത്മാവദ് പ്രദർശിപ്പിക്കാൻ സുപ്രീംകോടതി അനുമതി നൽകിയിട്ടുണ്ടെന്നും അതിന് ശേഷം ചിത്രത്തിനെതിരെ അക്രമം അഴിച്ചുവിടുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

ഒട്ടേറെ പ്രതിബന്ധങ്ങൾ തരണംചെയ്താണ് സഞ്ജയ് ലീല ബൻസാലി സിനിമയ്ക്ക് പ്രദർശനാനുമതി ലഭിച്ചത്. സിനിമയുടെ പേര് പത്മാവതി എന്നതിനു പകരം പത്മാവത് എന്നു മാറ്റിയതോടെയാണ് റിലീസിന് അനുമതി ലഭിച്ചത്. ബോളിവുഡ് താരങ്ങളായ ദീപികാ പദുക്കോണും ഷാഹിദ് കപൂറും രൺവീർ സിംഗുമാണു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡിസംബർ ഒന്നിനാണു ചിത്രം റിലീസ് നിശ്ചയിച്ചിരുന്നത്. സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകാത്തതിനെത്തുടർന്നു റിലീസ് തീയതി മാറ്റുകയായിരുന്നു.

സിനിമയിലെ കഥാപാത്രങ്ങൾക്കു ചരിത്രവ്യക്തിത്വങ്ങളുമായി സാമ്യമുണ്ടെന്ന ആക്ഷേപമാണു ചിത്രത്തെ വിവാദത്തിലേക്കു വലിച്ചിഴച്ചത്. രജപുത്ര സമുദായക്കാർ ചിത്രം പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു. ഇതേതുടർന്നു ചില രംഗങ്ങളിൽ മാറ്റംവരുത്താൻ കേന്ദ്ര സെൻസർബോർഡ് നിർദ്ദേശിക്കുകയായിരുന്നു.

അതേ സമയം പത്മാവതിന്റെ വലിയ റിലീസിങ്ങിനെ ഭയന്ന മറ്റു സിനിമകളുടെ പ്രദർശന തീയതി മാറ്റുകയാണ്. സിദ്ദാർത്ഥ് മൽഹോത്രയുടെ ഐയാരിയുടേയും അനുഷ്‌ക ശർമ്മ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന പാരിയുടെയും റിലീസാണ് മാറ്റി വെച്ചത്.

ഫെബ്രുവരി ഒമ്ബതിലേക്കാണ് ഐയാരിയുടെ റിലീസിങ് മാറ്റിയത്. പാരിയുടെ റിലീസിങ് മാർച്ച് രണ്ടിലേക്കാണ് മാറ്റിയത്. ജനുവരി 25നാണ് പത്മാവത് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. പത്മാവത് തരംഗത്തിൽ തങ്ങളുടെ ചിത്രം മുങ്ങിപ്പോകുമോയെന്ന് ഭയന്നാണ് അണിയറപ്രവർത്തകർ റിലീസിങ് നീട്ടാൻ തീരുമാനിച്ചത്.

യുഎ സർട്ടിഫിക്കറ്റാണ് സെൻസർബോർഡ് നൽകിയിരിക്കുന്നത്. ഏകദേശം അഞ്ചോളം മാറ്റങ്ങൾ വരുത്തണമെന്നാണ് പ്രത്യേക സമിതി നിർദ്ദേശിച്ചത്. ചിത്രം തുടങ്ങുന്നതിനു മുൻപുള്ള അറിയിപ്പിൽ ചരിത്രം അതേപടി പകർത്തിയിരിക്കുന്നു എന്ന് കാണിക്കാതിരിക്കുക, സതി ആചാരത്തെ മഹത്വവത്കരിക്കുന്ന രംഗങ്ങൾ ഒഴിവാക്കുക, ചിത്രത്തിന്റെ പേര് പത്മാവതി എന്നതിൽ നിന്ന് പത്മാവത് എന്നാക്കി മാറ്റുക, ഘൂമർ എന്ന് തുടങ്ങുന്ന ഗാനത്തിലെ വർണനകൾ കഥാപാത്രത്തിനു ചേർന്നതാക്കി മാറ്റുക, ചരിത്രത്തെ അടിയാളപ്പെടുത്തുന്ന സ്ഥലങ്ങൾ സംബന്ധിച്ച് തെറ്റായ വിവരങ്ങൾ നൽകുന്ന രംഗങ്ങൾ ഒഴിവാക്കുക തുടങ്ങിയ നിർദ്ദേശങ്ങളാണ് മുന്നോട്ട് വച്ചത്