മീററ്റ്: പത്മാവതിയുടെ പേരിലുള്ള വിവാദങ്ങൾ അവസാനിക്കുന്നില്ല ഇപ്പോൾ കൊലവിളിയിൽ തന്നെ എത്തിയിരിക്കുകയാണ് സിനിമയുടെ പേരിലുള്ള തർക്കം. സംവിധായകന്റേയും നായിക ദീപിക പദുകോണിന്റേയും തല വെട്ടുന്നവർക്ക് അഞ്ച് കോടി ഇനാം പ്രഖ്യാപിച്ച് ക്ഷത്രിയ സമാജം ഇപ്പോൾ രംഗത്ത് എത്തിയിരിക്കുകയാണ്.

മീററ്റിലെ അഖില ഭാരതീയ ക്ഷത്രിയ യുവ മഹാസഭ ദേശീയ അദ്ധ്യക്ഷൻ അഭിഷേക് സോമാണ് വിവാദ പ്രസ്താവന നടത്തിയത്. ആരും വെട്ടിയില്ലെങ്കിൽ താൻ തന്നെ അത് ചെയ്യുമെന്ന് ഇയാൾ പറയുന്നു.

സമാജ് വാദി പാർട്ടിയുടെ അനുഭാവിയായ താൻ ക്ഷത്രിയ സമാജത്തിന് വേണ്ടിയാണ് പ്രഖ്യാപനം നടത്തുന്നതെന്ന് ഇയാൾ പറയുന്നു. ദീപിക പദുക്കോൺ രാജ്യം വിട്ടുപോകുന്നതാണ് നല്ലത്. ഇല്ലെങ്കിൽ അവരുടെ തല വെട്ടിയെടുക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വിചാരിച്ചാൽ പോലും ദീപികയേയും ബൽസാലിയേയും രക്ഷിക്കാനാവില്ലെന്നും അഭിഷേക് പറഞ്ഞു.

രജപുത്ര സ്ത്രീകൾ പാതിവ്രത്യം സൂക്ഷിക്കാൻ കൂട്ട ആത്മഹത്യ ചെയ്യുന്ന ജോഹർ ആചാരത്തിന്റെ ഭാഗമായി 12,000 സ്ത്രീകൾക്കൊപ്പം ജീവൻ ബലി കഴിപ്പിച്ച റാണി മാ പത്മാവതിയുടെ ധൈര്യത്തെ ബൻസാലി ചോദ്യം ചെയ്യുകയാണെന്നും അവരുടെ ജീവിതം മോശമാക്കി കാണിക്കുന്നതിനെ അംഗീകരിക്കാനാകില്ലെന്ന് സോം പറയുന്നു. ഇരുവരും തലപോകാതിരിക്കാൻ രാജ്യം വിടാൻ നോക്കിക്കോളാനാണ് ആഹ്വാനം.

ഈ പരാമർശത്തിന്റെ പേരിൽ വരാവുന്ന പരിണിത ഫലങ്ങളെക്കുറിച്ച് താൻ ചിന്തിക്കുന്നില്ലെന്നും ഇക്കാര്യത്തിൽ സ്വന്തം ജീവൻ പോലും ബലിയർപ്പിക്കാൻ താൻ തയ്യാറാണെന്നും അഭിഷേക് സോം പറഞ്ഞു. പത്മാവതി റാണിക്ക് അലാവുദ്ദീൻ ഖിൽജിയുമായി പ്രണയമുണ്ടെന്ന് സിനിമയിൽ ചിത്രീകരിക്കുന്നുണ്ടെന്നാണ് അഭിഷേകിന്റെ ആക്ഷേപം.

അതേസമയം, രാഷ്ട്രം എന്ന നിലയിൽ ഇന്ത്യ പിന്നോട്ടാണ് പോകുന്നതെന്ന് ഭീഷണി വാർത്തകളോട് പ്രതികരിക്കവെ ദീപിക പദുകോൺ പറഞ്ഞു. ഇത് ഭയാനകമായ അവസ്ഥയാണെന്നും താരം പറഞ്ഞു.

സിനിമയുടെ അണിയറ പ്രവർത്തകർക്ക് സെൻസർ ബോർഡിനോട് മാത്രമേ കാര്യങ്ങൾ ബോധിപ്പിക്കേണ്ടതുള്ളൂ. ഇതൊരു സിനിമയ്ക്കുവേണ്ടിയുള്ള മാത്രമുള്ള പോരാട്ടമല്ല എന്നാണ് സിനിമാ ലോകം നൽകുന്ന പിന്തുണ തെളിയിക്കുന്നത്. വലിയൊരു കാര്യത്തിനുവേണ്ടിയാണ് നമ്മൾ പോരാടുന്നതെന്നും ദീപിക പറഞ്ഞു.

തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ ക്രമസമാധാന പരിപാലനത്തെ ബാധിക്കുന്ന പ്രശ്നമായതിനാൽ നിലവിലെ സാഹചര്യത്തിൽ സിനിമ റിലീസ് ചെയ്യരുതെന്ന് യുപി പ്രിൻസിപ്പൽ സെക്രട്ടറി അരവിന്ദ് കുമാർ കേന്ദ്ര പ്രക്ഷേപണ മന്ത്രാലയത്തിന് കത്തെഴുതിയതിന് പിന്നാലെയാണ് ഠാക്കൂർ നേതാവിന്റെ ഞെട്ടിപ്പിക്കുന്ന ഭീഷണി