മുംബൈ: മെർസലിന് ശേഷം വീണ്ടും അടുത്ത സിനിമക്കെതിരെ ബിജെപി വീണ്ടും രംഗത്ത്. സഞ്ജയ് ലീല ബൻസാലിയുടെ പത്മാവതിക്കാണ് ബിജെപി വക വീണ്ടും ' ഫ്രീ പ്രമോഷൻ' വർക്കുമായി രംഗത്ത് ഇറങ്ങിയത്. സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്യുന്ന ചിത്രത്തിനെതിരേ ഗുജറാത്തിലെ 17 ജില്ലകളിലെ ക്ഷത്രിയ സമൂഹങ്ങളിൽ നിന്ന് പരാതിയുണ്ടെന്നും അതുകൊണ്ട് തന്നെ ചിത്രത്തിന്റെ റിലീസ് നീട്ടി വെക്കണമെന്നുമാണ് ബിജെപിയുടെ ആവശ്യം.

റിലീസ് താൽക്കാലികമായി നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് സെൻസർ ബോർഡിനും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും കത്തയക്കാനുള്ള ഒരുക്കത്തിലാണ് ബിജെപി ഇപ്പോൾ. രജപുത്ര വിഭാഗത്തെ മോശമായി ചിത്രീകരിക്കുന്നു എന്ന് കാണിച്ചാണ് ഇപ്പോൾ ബിജെപി രംഗത്ത് എത്തിയിരിക്കുന്നത്. ഗുജറാത്ത് ബിജെപി ഉപാധ്യക്ഷൻ ഐ.കെ ജഡേജയാണ് സിനിമക്കെതിരെ രംഗത്ത് എത്തിയത്.

ചിത്രീകരണം തുടങ്ങിയപ്പോൾ മുതൽ വാർത്തകളിൽ ഇടം പിടിച്ച ചിത്രമാണ് പത്മാവതി.ബാജിറാവോ മസ്താനിക്ക് ശേഷം സഞ്ജയ് ലീല ബൻസാലി ഒരുക്കുന്ന ചിത്രത്തിന്റെ പ്രമേയം, റാണി പത്മിനിയോട് ഖിൽജി രാജവംശത്തിലെ സുൽത്താൻ അലാവുദ്ദീൻ ഖിൽജിക്ക് തോന്നുന്ന പ്രണയമാണ്.160 കോടി രൂപ മുതൽ മുടക്കിൽ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിൽ ദീപിക പദുക്കോണാണ് ചിത്രത്തിൽ പത്മാവതിയായി എത്തുന്നത്. രൺവീർ സിങ്ങാണ് ചിത്രത്തിൽ അലാവുദ്ദീൻ ഖിൽജിയാകുന്നത്. റാണി പത്മിനിയുടെ ഭർത്താവ് രത്തൻ സിങ്ങിന്റെ വേഷമിടുന്നത് ഷാഹിദ് കപൂറാണ്.

അല്ലാവുദീൻ ഖിൽജിയായി രൺവീർ സിങ് എത്തുന്നു എന്നതാണ് തീവ്ര മത സംഘടനകളെ ചൊടിപ്പിക്കുന്നത്. നേരത്തേ രജപുത്ര സേന ചിത്രത്തിന്റെ സെറ്റ് അക്രമിച്ചിരുന്നു.ഗുജറാത്തിൽ നിയമസഭാ തെരഞ്ഞടുപ്പ് സമയത്ത് അനാവശ്യമായ സംഘർഷം ഒഴിവാക്കാന് റിലീസിന് മുൻപ് രജപുത്ര വിഭാഗം നേതാക്കൾക്ക് പ്രദർശനം നടത്തണമെന്നാണ് ബിജെപിയുടെ പ്രധാന ആവശ്യം. ചിത്രം ഡിസംബർ 1ന് തിയേറ്ററുകളിലെത്തും