തിരുവനന്തപുരം: ദേശീയ ഗെയിംസിന്റെ ടെക്‌നിക്കൽ കമ്മറ്റി കോ ചെയർമാൻ സ്ഥാനത്ത് നിന്ന് സായി മുൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ കൂടിയായ പത്രോസ് മത്തായി രാജിവച്ചു. ബാഹ്യഇടപെടലിനെ തുടർന്നാണ് രാജിവച്ചത്. കേരള സർവ്വകലാശാലയുടെ മുൻ കായിക വിഭാഗം മേധാവിയായിരുന്നു. 1987ൽ കേരളത്തിൽ ദേശീയ ഗെയിംസ് നടന്നപ്പോൾ പത്രോസ് മത്തായി ആയിരുന്നു ടെക്‌നിക്കൽ കമ്മറ്റി കൺവീനർ.

അതിനിടെ ഗെയിംസിനെ പ്രതിസന്ധിയിലാക്കുന്ന തരത്തിൽ ഉദ്യോഗസ്ഥരുടെ ആത്മവിശ്വാസം തകർക്കരുതെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. ക്രമക്കേട് ഉൾപ്പെടെയുള്ളവ അന്വേഷിക്കാം. കൗൺഡൗൺ ചടങ്ങിൽ ഒന്നിച്ചിരുന്നവരാണ് ഇപ്പോൾ ആക്ഷേപങ്ങൾ ഉന്നയിക്കുന്നതെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു. ആരോപണങ്ങൾ അനാവശ്യമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

അതിനിടെ ദേശീയ ഗെയിംസ് സെക്രട്ടറിയേറ്റിലുള്ളവരുമായി ഒരുമിച്ച് പോകാൻ കഴിയാത്തതിനാലാണ് രാജിയെന്ന് പത്രോസ് മത്തായി പറഞ്ഞു. കായിക ഉപകരണങ്ങൾ എത്താൻ വൈകിയത് വലിയ പിഴവാണെന്നും പത്രോസ് മത്തായി പറഞ്ഞു. നടത്തിപ്പിൽ ഏകോപനമില്ലെന്നും ടെക്‌നിക്കൽ കമ്മറ്റി കോ ചെയർമാൻ പറയുന്നു. ആർ നാരയണനാണ് ടെക്‌നിക്കൽ കമ്മറ്റിയുടെ ചെയർമാൻ. കായിക സംഘാടനത്തിൽ ഏറെ അനുഭവ സമ്പത്തുള്ള വ്യക്തിയാണ് പത്രോസ് മത്തായി. കേരളത്തിൽ നടക്കുന്ന എല്ലാ അന്തരാഷ്ട്ര മത്സരങ്ങളിലും പത്രോസ് മത്തായിയുടെ ഉപദേശങ്ങൾ തേടുക പതിവാണ്. ദേശീയ തലത്തിൽ തന്നെ കായിക മേഖലയിലെ സാങ്കേതിക വശങ്ങളെ കുറിച്ച് നല്ല അറിവാണ് പത്രോസ് മത്തായിക്കുള്ളത്.

ബാഹ്യ ഇടപെടൽ ചൂണ്ടിക്കാട്ടി പത്രോസ് മത്തായിയും രാജിവയ്ക്കുമ്പോൾ ദേശീയ ഗെയിംസ് പ്രതിസന്ധി കൂടുകയാണ്. ആറോ ഏഴോ പേർ ചേർന്നാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. ദേശീയ ഗെയിംസ് സിഇഒ ജേക്കബ് പുന്നൂസിന്റെ ഓർഗനൈസിങ് സെക്രട്ടറി അനിൽ കുമാറാണ് കാര്യങ്ങളാണ് നിയന്ത്രിക്കുന്നത്. അതുകൊണ്ട് തന്നെ ടെക്‌നിക്കൽ കമ്മറ്റിയുമായി സഹകരിക്കുന്നതിൽ അർത്ഥമില്ലെന്നും പത്രോസ് മത്തായി പറഞ്ഞു. അതിനിടെ പത്രോസ് മത്തായിയെ അപമാനിച്ചാണ് പുറത്താക്കിയത് എന്ന് വിശിവൻകുട്ടി എംഎൽഎ അറിയിച്ചു.

ഫയലുകൾ നീക്കുന്നതിൽ വീഴ്ച വരുത്തി എന്ന് വരുത്താൻ പത്രോസ് മത്തായിയ്‌ക്കെതിരെ വിചത്രമായ അഭിപ്രായമാണ് ഉന്നയിക്കുന്നതെന്ന് ശിവൻകുട്ടി പറഞ്ഞു. കമ്പ്യൂട്ടറിൽ സാങ്കേതിക പരിജ്ഞാനം ഇല്ലാത്ത വ്യക്തിക്ക് എങ്ങനെ ഗെയിംസുമായി സഹകരിക്കാൻ കഴിയും. അതുകൊണ്ട് പത്രോസ് മത്തായി രാജിവച്ചാലും കുഴപ്പമില്ലെന്ന നിലപാടാണ് ഗെയിംസ് സെക്രട്ടറിയേറ്റ് എടുത്തതെന്ന് ശിവൻകുട്ടി പറഞ്ഞു. അതിനിടെ ദേശീയ ഗെയിംസിൽ ഉയരുന്ന ആരോപണങ്ങളെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് മുൻ കായിക മന്ത്രി എം വിജയകുമാർ ആവശ്യപ്പെട്ടു.

നേരത്തെ സംഘാടക സമിതിയിൽ നിന്ന് മുൻ കായിക മന്ത്രി കെബി ഗണേശ് കുമാർ രാജിവച്ചിരുന്നു. സംഘാടക സമിതിയിൽ നിന്ന് പലോട് രവി എംഎൽഎയും ഒഴിവായിരുന്നു. ഇരുവരും പരാതികൾ എഴുതി മുഖ്യമന്ത്രിക്ക് നൽകിയിട്ടുണ്ട്. ഇതോടെയാണ് ഗെയിംസിന് എതിരെ പ്രതിപക്ഷവും ആരോപണങ്ങൾക്ക് മൂർച്ച കൂടിയത്. ജനവരി 31നാണ് ഗെയിംസ് തുടങ്ങേണ്ടത്. ഈ തീയതിക്ക് മുമ്പ് സ്റ്റേഡിയമൊന്നും പൂർത്തിയാകില്ലെന്നാണ് വിലയിരുത്തൽ. മത്സരങ്ങൾക്കുള്ള ഉപകരണങ്ങളും എത്തിതുടങ്ങുന്നതേ ഉള്ളൂ. അതുകൊണ്ട് തന്നെ വലിയ പ്രതിസന്ധിയിലേയ്ക്കാണ് ഗെയിംസ് നീങ്ങുന്നതെന്നാണ് സൂചന.