ഡബ്ലിൻ: സർക്കാർ വാഗ്ദാനം ചെയ്തിരുന്ന സാമ്പത്തിക സഹായം മുഴുവൻ ലഭിക്കാത്തിനെത്തുടർന്ന് രോഗികൾ ക്ലിനിക്കൽ റിസ്‌കിലാണെന്ന് എച്ച്എസ്ഇ തലവൻ മുന്നറിയിപ്പു നൽകുന്നു. ഹെൽത്ത് സർവീസിനു ലഭിക്കേണ്ട സാമ്പത്തിക സഹായം ചുരുങ്ങിയത് വൻ പ്രതിസന്ധിക്ക് കാരണമാക്കുന്നുവെന്ന് സർക്കാരിന് അയച്ച സ്വകാര്യ കത്തിൽ വ്യക്തമാക്കുന്നു.

ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്ത് സെക്രട്ടറി ജനറലിനാണ് എച്ച്എസ്ഇ ഡയറക്ടർ ജനറൽ ടോണി ഒബ്രയാൻ പ്രതിസന്ധി ചൂണ്ടിക്കാട്ടി വളരെ സ്വകാര്യമായി കത്ത് അയച്ചിരിക്കുന്നത്. 2015 വർഷത്തേക്ക് ഹെൽത്ത് സർവീസിലേക്ക് നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്ന തുകയുടെ പകുതി മാത്രമേ ലഭ്യമായിട്ടുള്ളൂവെന്നും നിലവിലുള്ള അവസ്ഥയിൽ ആരോഗ്യമേഖല പ്രതിസന്ധിയിലാകാൻ ഇതുകാരണമാകുമെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സാമ്പത്തിക സഹായം ചുരുങ്ങിയതോടെ ആശുപത്രികളിലെ എമർജൻസി ഡിപ്പാർട്ട്‌മെന്റുകൾ, മറ്റേണിറ്റി സർവീസുകൾ എന്നീ മേഖലകളിൽ പ്രതിസന്ധി ഉടലെടുത്തിട്ടുണ്ടെന്നും തത്ഫലമായി വെയിറ്റിങ് ലിസ്റ്റ് വർധിക്കാൻ ഇടയാകുന്നുണ്ടെന്നും കത്ത് വെളിപ്പെടുത്തുന്നു. ഇത് രോഗികളെ ക്ലിനിക്കൽ റിസ്‌കിൽ ആക്കുകയാണെന്നാണ് എച്ച്എസ്ഇ തലവൻ വ്യക്തമാക്കുന്നത്.

കത്തിലെ ഉള്ളടക്കത്തെക്കുറിച്ച് ആരോഗ്യമന്ത്രി ലിയോ വരാദ്ക്കറും ഒബ്രയാനും ഇന്ന് നടത്തുന്ന കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യും. മാസങ്ങൾക്കു മുമ്പ് അയച്ച കത്തിൽ ചർച്ച ഇത്രയും വൈകിപ്പിച്ചതു തന്നെ എച്ച്എസ്ഇ തലവനെ ചൊടിപ്പിച്ചിട്ടുണ്ട്. കത്ത് അയയ്ക്കുന്ന സമയത്തു തന്നെ രണ്ടായിരത്തിലധികം പേരാണ് വെയിറ്റിങ് ലിസ്റ്റിൽ ഇടംപിടിച്ചിരുന്നത്. അതിൽ മിക്കവരും ഒരു നഴ്‌സിങ് ഹോം ബെഡിനായി 15 ആഴ്ച വരെ കാത്തിരിക്കേണ്ടതായി വന്നിട്ടുണ്ട്.