ഡബ്ലിൻ: ട്രോളിയിൽ കിടത്തി ചികിത്സിക്കുന്ന രോഗികളുടെ എണ്ണം 600 കവിഞ്ഞതോടെ പ്രശ്‌നത്തിൽ ഉടൻ പരിഹാരം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഐറീഷ് നഴ്‌സസ് ആൻഡ് മിഡ് വൈഫ്‌സ് ഓർഡനൈസേഷൻ (ഐഎൻഎംഒ) സമരനടപടികൾ കൂടുതൽ ശക്തമാക്കുന്നു. സമരത്തിന്റെ ആദ്യപടിയെന്നോണം ഇന്നലെ ബോമോണ്ട് ആശുപത്രിയിൽ നഴ്‌സുമാർ പ്രതിഷേധ സൂചക സമരം നടത്തി.

ഉച്ചഭക്ഷണ സമയത്ത് നൂറ്റമ്പതോളം സ്റ്റാഫുകളാണ് പ്രതിഷേധ സമരത്തിൽ പങ്കെടുത്തത്. ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിക്കാത്ത വിധത്തിൽ വർക്ക് ടു റൂൾ എന്ന രീതിയിൽ ഉച്ചയ്ക്ക് ഒന്നു മുതൽ രണ്ടു വരെയാണ് സമരം നീണ്ടു നിന്നത്. ചികിത്സയും പരിചരണവും ആവശ്യമുള്ള രോഗികൾക്ക് അതു നൽകുകയും അതേസമയം താരതമ്യേന പ്രാധാന്യമല്ലാത്ത അഡ്‌മിനിസ്‌ട്രേറ്റീവ് ജോലിയിൽ നിന്നും സ്റ്റാഫുകൾ വിട്ടു നിൽക്കുകയും ചെയ്തുകൊണ്ട് സമരപരിപാടികൾ അരങ്ങേറിയത്.

ട്രോളിയിലുള്ള രോഗികളുടെ എണ്ണം വർധിക്കുന്നതിനെതിരേ ഐഎൻഎംഒ നടത്തുന്ന സമരത്തിന് അംഗങ്ങളെല്ലാം തന്നെ അനുകൂലമാണ്. അംഗങ്ങൾക്കിടയിൽ ഇനിയും വോട്ടിങ് നടത്തുമെന്നും ഇതനുസരിച്ചായിരിക്കും സമരപരിപാടികൾ ശക്തമാക്കുന്നതെന്നും ഐഎൻഎംഒ ജനറൽ സെക്രട്ടറി ലിയാം ഡോറൻ വ്യക്തമാക്കി. അഡ്‌മിനിസ്‌ട്രേറ്റീവ്, ക്ലറിക്കൽ തുടങ്ങിയ ജോലികളിൽ നിന്നു അംഗങ്ങൾ വിട്ടു നിന്നുകൊണ്ടായിരിക്കും സമരപരിപാടികൾ ആരംഭിക്കുക. പ്രശ്‌നത്തിൽ പരിഹാരം  കണ്ടെത്തിയില്ലെങ്കിൽ കൂടുതൽ മേഖലകളിലേക്കും സമരം വ്യാപിപ്പിക്കും.

ട്രോളിയിലുള്ള രോഗികളുടെ എണ്ണം 600 കവിയുന്നത് അപകടകരമായ അവസ്ഥയാണെന്നും ഇത് രോഗികൾക്കു മാത്രമല്ല, ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതെന്നും ലിയാം ഡോറൽ ചൂണ്ടിക്കാട്ടി. രോഗികൾക്ക് മതിയായ ശ്രദ്ധ നൽകാൻ ഇതുമൂലം പല സ്റ്റാഫുകൾക്കും സാധിക്കില്ലെന്നും രോഗികളുടെ ജീവൻ തന്നെ അപകടത്തിലാക്കുന്ന സാഹചര്യത്തിലേക്കാണ് നീങ്ങുന്നതെന്നും യൂണിയൻ വ്യക്തമാക്കി. രാജ്യമെമ്പാടുമുള്ള ആശുപത്രികൾ ട്രോളിയിൽ എത്തുന്ന രോഗികളുടെ എണ്ണം വർധിക്കുന്നതു മൂലം വലയുകയാണ്. പ്രശ്‌നം ഉടൻ കൈകാര്യം ചെയ്യുമെന്ന് ആരോഗ്യമന്ത്രി പ്രഖ്യാപിച്ചിരുന്നുവെങ്കിലും നടപടികളൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് യൂണിയൻ സമരപരിപാടികളുമായി മുന്നിട്ടിറങ്ങിയിരിക്കുന്നത്.