പട്‌ന: ജെഡിയു നിയമസഭാ കക്ഷി നേതാവായി നിതീഷ് കുമാറിനെ തെരഞ്ഞെടുത്ത നടപടി പട്‌ന ഹൈക്കോടതി സ്റ്റേ ചെയ്തു. രാഷ്ട്രീയ പ്രതിസന്ധിയിൽ നട്ടം തിരിയുന്ന ബിഹാറിൽ വീണ്ടും ചർച്ചകൾക്കും പാലംവലികൾക്കും ഇടം നൽകിയിരിക്കുകയാണ് കോടതി നടപടി.

മുഖ്യമന്ത്രി ജിതൻ റാം മാഞ്ജിയെ നിയമസഭാ കക്ഷി നേതാവ് എന്ന സ്ഥാനത്തു നിന്നു പുറത്താക്കിയ ശേഷം ചൊവ്വാഴ്ചയാണ് നിതീഷിനെ പാർട്ടി നേതാവായി തിരഞ്ഞെടുത്തത്. ഇതു ചോദ്യം ചെയ്ത് മാഞ്ജിയുടെ അനുയായികളാണ് കോടതിയെ സമീപിച്ചത്.

നിലവിലെ നിയമസഭാ കക്ഷി നേതാവും മുഖ്യമന്ത്രിയുമായ ജിതൻ റാം മാഞ്ജിയാവണം യോഗം വിളിക്കേണ്ടത് എന്നു കോടതിയിൽ മാഞ്ജി അനുകൂലികൾ വാദിച്ചു. നിതീഷ് കുമാർ വിളിച്ചു ചേർത്ത യോഗത്തിലാണ് നിതീഷിനെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തതെന്നും ഇത് ചട്ടങ്ങൾ പാലിക്കാതെയുള്ളതാണെന്നും അവർ വാദിച്ചു. ഈ വാദഗതികൾ കോടതി ശരിവച്ചു. കേസ് അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.

മുഖ്യമന്ത്രിപദം രാജി വയ്ക്കില്ലെന്ന് ആവർത്തിച്ചതോടെയാണ് മാഞ്ജിയെ ജെഡിയു പുറത്താക്കി. മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാൻ തയ്യാറാകാത്തതിനെ തുടർന്ന് പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് ജെഡിയുവിൽ നിന്നും പുറത്താക്കിയത്. ഇതിനെ ചോദ്യം ചെയ്താണ് മാഞ്ജി അനുകൂലികൾ കോടതിയെ സമീപിച്ചത്.

അതിനിടെ നിതീഷ് കുമാറും തന്നെ അനുകൂലിക്കുന്ന 130 എംഎൽഎമാരും രാഷ്ട്രപതി പ്രണബ് മുഖർജിയെ കാണാൻ ഒരുങ്ങുകയാണ്. ചൊവ്വാഴ്ച രാത്രിയാണ് നിതീഷും സംഘവും ഡൽഹിയിൽ എത്തിയത്. നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട് നിതീഷും ഭൂരിപക്ഷം തെളിയിക്കാൻ അവസരം നൽകണമെന്ന് മാഞ്ജിയും ഗവർണറെ കണ്ട് അഭ്യർത്ഥിച്ചിരുന്നു.