ന്യൂഡൽഹി: അഴിമതി വിരുദ്ധ പ്രതിച്ഛായയാണ് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ കരുത്ത്. എന്നാൽ മന്ത്രിസഭയിലെ സഖ്യകക്ഷിയായ ആർജിഡിയുടെ മേലുള്ളത് കാലിത്തീറ്റ കുംഭകോണത്തിന്റെ ആരോപണ മുനകളും. അതിനിടെ ആർജെഡിയേയും ബിഹാർ സർക്കാരിനേയും പ്രതിക്കൂട്ടിൽ നിർത്താൻ പുതിയ വിവാദമെത്തുന്നു.

ലാലു പ്രസാദ് യാദവിന്റെ കുടുംബ ഭൂമിയിൽ കെട്ടിട നിർമ്മാണത്തിനിടെ കുഴിച്ചെടുത്ത മണ്ണ് ടെൻഡർ പോലുമില്ലാതെ ബിഹാർ വനം വകുപ്പ് വാങ്ങിയതാണ് ഇതിന് കാരണം. ഷോപ്പിങ് മാൾ നിർമ്മാണത്തിന്റെ ഭാഗമായി കുഴിച്ചെടുത്ത മണ്ണാണ് പാട്ന മൃഗശാലയിലെ നിർമ്മാണങ്ങൾക്കു വേണ്ടിയാണ് വനം വകുപ്പ് വാങ്ങിയത്. ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വിയും വനം-പരിസ്ഥിതി മന്ത്രി തേജ് പ്രതാപും ഡയറക്ടർമാരായ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയാണിത്.

ബിജെപിയാണ് വിഷയം ഏറ്റെടുത്തിരിക്കുന്നത്. ടെൻഡർ പോലുമില്ലാതെ കുടുംബാാംഗങ്ങൾ തമ്മിൽ നടത്തിയ ഇടപാടാണിതെന്നാണ് ബിജെപി ആരോപിക്കുന്നത്. ലക്ഷങ്ങളുടെ ഈ ഇടപാട് അഴിമതിയാണെന്നായിരുന്നു ബിജെപി നേതാവ് സുശീൽ മോദിയുടെ വാദം. ലാലു പ്രസാദ് യാദവിന്റെ കുടുംബ ഭൂമിയിൽ കെട്ടിടം നിർമ്മാണത്തിനിടെ കുഴിച്ചെടുത്ത മണ്ണ്, ടെൻഡർ പോലുമില്ലാതെ ബിഹാർ വനംവകുപ്പ് വാങ്ങിയത്. 90 ലക്ഷം രൂപയുടെ ഇടപാടിന് മറ്റാരിൽ നിന്നും ടെൻഡർ വാങ്ങിയിട്ടുണ്ടായിരുന്നില്ല.

ടെൻഡർ പോലുമില്ലാതെ കുടുംബാംഗങ്ങൾ തമ്മിൽ നടത്തിയ ഇടപാടാണിത്. സ്ഥലമുടമയും വകുപ്പ് മന്ത്രിയും ബന്ധുക്കൾ. ലക്ഷങ്ങളുടെ ഈ ഇടപാട് അഴിമതിയാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല - ബിജെപി നേതാവ് സുശീൽ മോദി ആരോപിച്ചു.