ഒക്‌ലഹോമ: നീണ്ട മൂന്നു വർഷത്തെ കാത്തിരിപ്പിനുശേഷം നോർത്ത് അമേരിക്ക-യൂറോപ്പ് മാർത്തോമ ഭദ്രാസനം പ്രഖ്യാപിച്ച പാട്രിക് മിഷൻ പ്രോജക്ട് യഥാർഥ്യമാകുന്നു. പാട്രിക് ചെറിയാൻ മരുതുംമൂട്ടിലിന്റെ സ്മരണാർഥം നിർമ്മിക്കുന്ന ലൈബ്രറി കെട്ടിടത്തിന്റെ ഗ്രൗഡ് ബ്രേക്കിങ് സെറിമണി ഓഗസ്റ്റ് 13നു (ശനി) ഒക്‌ലഹോമയിൽ ഭദ്രാസന എപ്പിസ്‌കോപ്പ റവ. ഡോ. ഐസക് മാർ ഫീലക്‌സിനോസ് നിർവഹിക്കും.

നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന ജൂബിലി സമ്മേളനത്തിന്റെ സമാപന ദിനം ഭദ്രാസന എപ്പിസ്‌കോപ്പ പ്രഖ്യാപിച്ച പാട്രിക് മിഷൻ പ്രോജക്ടിനു ആദ്യ സംഭാവന നൽകിയത് മാർത്തോമ മെത്രാപ്പൊലീത്തായായിരുന്നു. ഏഴു വർഷത്തെ സേവനത്തിനുശേഷം ഇന്ത്യയിലേക്ക് തിരിച്ചു പോയ ഭദ്രാസന എപ്പിസ്‌കോപ്പായായിരുന്നു പ്രോജക്ടിന്റെ പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചതെങ്കിലും നിരവധി കടമ്പകൾ കടക്കേണ്ടിയിരുന്നതുകൊണ്ട് ഫലപ്രാപ്തിയിലെത്തിയില്ല. പുതിയ ഭദ്രാസന എപ്പിസ്‌കോപ്പാ ചുമതലയേറ്റപ്പോൾ പാട്രിക് മിഷൻ പ്രോജക്ടിനു നൽകിയ മുൻഗണനയാണ് ഇപ്പോൾ യഥാർഥ്യമായിരിക്കുന്നത്.

മാർത്തോമ സഭയുടെ ചരിത്രത്തിൽ ആദ്യമായാണ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ സഭാംഗത്തിന്റെ സ്മരണയ്ക്കായി ഒരു പ്രത്യേക പ്രോജക്ട് തയാറാക്കുന്നത്. മാത്രവുമല്ല സഭ യുവാക്കളെ എത്രമാത്രം കരുതുന്നു എന്നതിനു ഉത്തമ ഉദാഹരണം കൂടിയാണിത്. ഡാളസ് സെന്റ് പോൾസ് ഇടവക പ്രവർത്തനങ്ങളിൽ നിന്നും ആരംഭിച്ച പ്രേക്ഷിത വൃത്തി ഭദ്രാസനത്തിലാകമാനം ചലനം സൃഷ്ടിക്കുവാൻ സാധിച്ചു എന്നതാണ് പാട്രിക്കിന്റെ ജീവിത വിജയം.

അമേരിക്കയിൽ നിന്നും ഉന്നത വിദ്യാഭ്യാസം നേടിയിട്ടും ഭൗതിക നേട്ടങ്ങളുടെ പുറകെ സഞ്ചരിക്കാതെ ആത്മീയ രംഗത്ത് സജീവമാകുന്നതിനായിരുന്നു പാട്രിക് തീരുമാനിച്ചത്. മറ്റുള്ളവരെ സ്‌നേഹിക്കുന്നതിനും കരുതുന്നതിനും പാട്രിക് പ്രകടിപ്പിച്ച ആത്മാർഥത പ്രത്യേകം ശ്രദ്ധിക്കപ്പെട്ടിരുന്നു.

നോർത്ത് അമേരിക്കാ- യൂറോപ്പ് ഭദ്രാസനം സൗത്ത് വെസ്റ്റ് ആർഎസി കമ്മിറ്റിയാണ് പാട്രിക് മിഷൻ പ്രോജക്ടിന്റെ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നത്. ഭദ്രാസന കൗൺസിലും സഭാ സിനഡും ആർഎസിയുടെ നിർദ്ദേശങ്ങൾ അംഗീകരിച്ചിട്ടുണ്ട്. ഒക്‌ലഹോമ ബ്രോക്കൻ ബൊ മെഗി ചാപ്പൽ സ്ഥിതി ചെയ്യുന്ന പരിസരത്താണ് ലൈബ്രറി കെട്ടിടം നിർമ്മിക്കുന്നത്. 2,15,000 ഡോളർ ചെലവു പ്രതീക്ഷിക്കുന്ന പ്രോജക്ടിനു ഇടവകാംഗങ്ങളിൽ നിന്നാണ് ആവശ്യമായ തുക സമാഹരിക്കുന്നതെന്നു ഭദ്രാസന ട്രസ്റ്റി ഫിലിപ്പ് തോമസ് പറഞ്ഞു. പാട്രിക് മിഷൻ പ്രോജക്ടിനെക്കുറിച്ചു നടന്ന ചർച്ചയിൽ പല ആശയങ്ങളും ഉയർന്നുവന്നെങ്കിലും ലൈബ്രറി കെട്ടിടം നിർമ്മിക്കുക എന്നതിനാണ് അംഗീകാരം ലഭിച്ചത്.

ഗ്രൗണ്ട് ബ്രേക്കിങ് ചടങ്ങിലേയ്ക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ആർഎസി വൈസ് പ്രസിഡന്റും സെന്റ് പോൾസ് ഇടവക വികാരിയുമായ റവ. ഷൈജു പി. ജോൺ അറിയിച്ചു.