മേഘങ്ങൾക്കിടയിലൂടെ ഭൂമിയെ വിഹഗവീക്ഷണം ചെയ്തുകൊണ്ടുള്ള വിമാനയാത്ര ഏവർക്കും പ്രിയങ്കരമാണ്. എന്നാൽ അതിനിടയിൽ നിനച്ചിരിക്കാതെ വിമാനമൊന്ന് കുലുങ്ങി വിറച്ചാൽ ആരാണ് പേടിച്ച് പോകാത്തത്....?. വിമാനം ആകാശഗർത്തങ്ങളിൽ വീഴുമ്പോഴാണ് അത്തരം കുലുക്കങ്ങളുണ്ടാകുന്നത്. ഒരു പക്ഷേ കഴിഞ്ഞ വിമാനയാത്രയിൽ നിങ്ങൾക്കും ഇത്തരം അനുഭവങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നിരിക്കാം. എന്നാൽ ഈ വക കുലുക്കങ്ങളിൽ പേടിച്ച് വിറയ്ക്കുന്നവരെ ആശ്വസിപ്പിക്കാനും ധൈര്യം പകരാനുമായി ഒരു പൈലറ്റ് രംഗത്തെത്തിയിരിക്കുന്നു. വിമാനയാത്രയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്ന ഒരു ബ്ലോഗിലാണ് പൈലറ്റ് ഇതു സംബന്ധിച്ച് എഴുതിയിരിക്കുന്നത്. ആസ്‌ക് ദി പൈലറ്റ് ബ്ലോഗിൽ പട്രിക്ക് സ്മിത്ത് എന്ന പൈലറ്റ് ഇതുമായി ബന്ധപ്പെട്ട് എഴുതിയ ആർട്ടിക്കിളാണ് ശ്രദ്ധേയമായിരിക്കുന്നത്.

ഇത്തരം കുലുക്കങ്ങൾ യാത്രക്കാരെ ഭയപ്പെടുത്തുമെങ്കിലും അപകടത്തിന് കാരണമാകില്ലെന്നാണ സ്മിത്ത് പറയുന്നത്. എന്നാൽ സുഖകരമായ ആകാശയാത്രക്കിടയിൽ ഇത് അലോസരം സൃഷ്ടിക്കുമെന്നും അദ്ദേഹം എഴുതിയിരിക്കുന്നു. എന്നാൽ ഇത്തരം കുലുക്കങ്ങൾ ഉണ്ടാകുമ്പോൾ പൈലറ്റിന് വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുന്ന അവസ്ഥയൊന്നുമുണ്ടാകുന്നില്ല. ഇതുമൂലം വിമാനത്തിന് അപകടമുണ്ടായതായി അറിവില്ലെന്നും സ്മിത്ത് പറയുന്നു. എന്നാൽ ഇതിനെ പേടിക്കുന്ന നിരവധി യാത്രക്കാരുണ്ട്. യുകെയിൽ എയറോഫോബിയ അഥവാ വിമാനത്തിൽ യാത്ര ചെയ്യാൻ ഭയമുള്ള 12 ദശലക്ഷം പേരുണ്ട്. മിക്ക രാജ്യങ്ങളിലെയും പ്രമുഖ എയർലൈൻ കമ്പനികൾ യാത്രക്കാരുടെ ഇത്തരം ഭയം ഇല്ലായ്മ ചെയ്യാനുള്ള കോഴ്‌സുകൾ നടത്തുന്നുണ്ട്.

തന്റെ പതിനാലാം വയസ്സ് മുതൽ വിമാനം പറത്തിയ പരിചയം ബോസ്റ്റൺ കാരനായ സ്മിത്തിനുണ്ട്. 1990 മുതൽ പൈലറ്റായ ഇദ്ദേഹം ഇപ്പോഴും ഡൊമസ്റ്റിക് റൂട്ടുകളിലും ഇൻർനാഷണൽ റൂട്ടുകളിലും കാർഗോ ജെറ്റുകളും പാസഞ്ചർ ജെറ്റുകളും പറത്തുന്നു. ഇതുവരെയായി എഴുപത് രാജ്യങ്ങളിൽ സ്മിത്ത് പറന്നെത്തിയിട്ടുണ്ട്. സാലൺ .കോം എന്ന ഓൺലൈൻ മാഗനിസിനിൽ അദ്ദേഹത്തിന്റെ ആസ്‌ക് പൈലറ്റ് കോളം 2002നും 2012നും ഇടയിൽ പത്ത് വർഷം തുടർച്ചായായി പ്രസിദ്ധീകരിച്ചിരുന്നു. 2013ൽ ടൈം മാഗസിൻ 25 ബെസ്റ്റ് ബ്ലോഗർമാരിലൊരാളായി സ്മിത്തിനെ തെരഞ്ഞെടുത്തിരുന്നു. ഇതിന് പുറമെ കോക്ക്പിറ്റ് കോൺഫിഡൻഷ്യൽ എന്ന പ്രശസ്തമായ പുസ്തകത്തിന്റെ കർത്താവ് കൂടിയാണീ പൈലറ്റ്.

കഴിഞ്ഞയാഴ്ച സിംഗപ്പൂർ എയർലൈൻസ് ഫ്‌ലൈറ്റ് പറക്കലിനിടെ കുലുങ്ങിയതിനെത്തുടർന്ന് എട്ട് യാത്രക്കാർക്കും 14 ക്രൂ മെമ്പർമാർക്കും പരിക്കേറ്റിരുന്നു. 2013ൽ ലണ്ടനിലേക്കുള്ള ഒരു വിമാനം കുലുങ്ങിയതിനെത്തുടർന്ന് 11 യാത്രക്കാർക്ക് മുറിവേറ്റിരുന്നു. എന്നാൽ ഇത്തരം സംഭവങ്ങൾ അപൂർവമായെ സംഭവിക്കുകയുള്ളുവെന്നാണ് സ്മിത്ത് പറയുന്നത്. അത്തരം സംഭവങ്ങൾ പെരുപ്പിച്ച് പറയുന്നതിനാലാണ് അവയ്ക്ക് വാർത്താപ്രാധാന്യം കിട്ടുന്നതെന്നും സ്മിത്ത് ചൂണ്ടിക്കാട്ടുന്നു. ഇത്തരം കുലുക്കങ്ങളിൽ അപകടത്തിൽ പെടുന്നവർ സീറ്റ് ബെൽറ്റ് ധരിക്കാത്തവരായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. അതിനാൽ എല്ലാവരും നിർബന്ധമായും സീറ്റ് ബെൽറ്റ് ധരിക്കണമെന്നും സ്മിത്ത് നിർദ്ദേശിക്കുന്നു.