തിരുവനന്തപുരം: തമിഴ്‌നാട്ടിലെ വിദ്വൽ സദസ്സിൽ ഉമ്മൻ ചാണ്ടിയെ പ്രകീർത്തിക്കുന്ന പ്രഭാഷകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. തമിഴ്‌നാട്ടിൽ വലിയ പ്രചാരമുള്ള വിദ്വൽ സദസ്സായ പട്ടിമൺട്രത്തിലാണ് കോഴിക്കോട്ടെ ശിവാനിയെന്ന ആറുവയസ്സുകാരിയുടെ അഭ്യർത്ഥന മാനിച്ച് അവളുടെ സഹപാഠിയായ അമലിന് ഉമ്മൻ ചാണ്ടി ചെയ്തുകൊടുത്ത സഹായത്തെപ്പറ്റിയുള്ള പ്രഭാഷകന്റെ വാക്കുകൾ മുഴങ്ങിയത്. വലിയ കരഘോഷത്തോടെയാണ് സദസ്സ് ഈ കഥയെ വരവേറ്റത്.

തമിഴ്‌നാട്ടിൽ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന വിദ്വൽ സദസ്സാണ് പട്ടിമൺട്രം. രണ്ടുഭാഗങ്ങളായി ഇരുന്ന് ഒരു വിഷയത്തെ സംബന്ധിച്ച് വാഗ്വാദങ്ങളും തർക്കങ്ങളും നടത്തുന്ന സദസ്സാണിത്. ഒരു അധ്യക്ഷനും ഈ സദസ്സിനുണ്ടാകും. പുതിയ കാലത്ത് ഈ സദസ്സുകൾ ടാക് ഷോകളായി ടിവി ചാനലുകളിലും ഇടംപിടിച്ചിട്ടുണ്ട്.

ഇത്തരത്തിൽ നിരവധി പേർ കാണുന്ന സൺ ടിവിയിലെ പട്ടിമൺട്രം. ഇതിൽ സ്ഥിരമായി ചർച്ചാ വേദികളിലെത്തുന്ന എസ് രാജയെന്ന പ്രമുഖ സിനിമാ നടൻ ഇപ്പോൾ അറിയപ്പെടുന്നതുതന്നെ പട്ടിമൺട്രം രാജയെന്നാണ്. സരസശൈലിയോടെ കാര്യങ്ങൾ അവതരിപ്പിക്കുന്ന ഇദ്ദേഹത്തിന് കൂട്ടായി അധ്യക്ഷ സ്ഥാനത്തിരിക്കാറുള്ള സോളമൻ പപ്പയ്യയും ഇപ്പോൾ തമിഴ് കുടുംബങ്ങളുടെ ഹരമാണ്. ഇത്തരത്തിൽ അടുത്തിടെ സൺ ടിവിയിൽ വന്ന പട്ടിമൺട്രത്തിലാണ് എസ് രാജ ഉമ്മൻ ചാണ്ടിയെ പ്രകീർത്തിച്ച് പ്രഭാഷണം നടത്തിയത്.

രാജയുടെ പ്രഭാഷണം പുരോഗമിച്ചത് ഇങ്ങനെ: 'നമ്മുടെ ഒരു അയൽദേശമായ കേരളം. അവിടെ ഉമ്മൻ ചാണ്ടി എന്ന പേരിൽ ഒരു മുഖ്യമന്ത്രി ഉണ്ടായിരുന്നു. അദ്ദേഹം ഒരു ചടങ്ങിൽ പങ്കെടുക്കാൻ പോയി. ഒരു സ്‌കൂളിൽ നടന്ന പരിപാടി. രണ്ടാംകഌസിൽ പഠിക്കുന്ന ശിവാനിയെന്നൊരു പെൺകുട്ടി. ഒരു കൊച്ചുപെൺകുട്ടി. അവൾ ഉമ്മൻചാണ്ടീ എന്നു വിളിച്ചു. ആദ്യം ഉമ്മൻ ചാണ്ടി തിരിഞ്ഞുനോക്കിയില്ല. ശിവാനി വീണ്ടും ഉച്ചത്തിൽ വിളിച്ചു. ഏയ് ഉമ്മൻചാണ്ടീ... എന്ന്. നമ്മുടെ നാട്ടിലായിരുന്നെങ്കിൽ അത് വലിയൊരു പ്രശ്‌നമായേനെ. വിളികേട്ട് ആ വലിയമനുഷ്യൻ തിരിഞ്ഞുനിന്ന് ആ കുട്ടിയുടെ അടുത്തേക്ക് ചെന്നു. എന്താണ് വേണ്ടതെന്ന് ചോദിച്ചു.

കുട്ടി പറഞ്ഞു. എനിക്കൊന്നും വേണ്ടാ... എന്റെ കഌസിൽ അമൽ കൃഷ്ണൻ എന്നൊരു പയ്യനുണ്ട്. അവൻ പാവപ്പെട്ടവനാണ്. അവന് താമസിക്കാൻ വീടില്ല. നിങ്ങൾ എല്ലാവർക്കും സഹായം ചെയ്യാറുണ്ടല്ലോ.. അവനും എന്തെങ്കിലും സഹായം ചെയ്യുമോ എന്നായി കുട്ടി. വെറും ആറുവയസ്സുകാരി കുട്ടി. തന്റെ നാടു ഭരിക്കുന്ന ആളോടാണ് സംസാരിക്കുന്നതെന്നുപോലും തിരിച്ചറിയാനാവാത്ത കുട്ടി. പക്ഷേ, അദ്ദേഹത്തോട് പറഞ്ഞാൽ തന്റെ സുഹൃത്തിന് സഹായം കിട്ടുമെന്ന് ആ കുട്ടിക്ക് അറിയാം.

ഒരു കൊച്ചുകുട്ടിയുടെ വാക്ക് എന്ന മട്ടിൽ ഉമ്മൻ ചാണ്ടി അതിനെ തള്ളിക്കളഞ്ഞില്ല. അദ്ദേഹം സ്‌കൂളിലെ ടീച്ചറെ വിളിച്ച് ഈ കുട്ടി പറഞ്ഞതിന്റെ പൊരുളെന്തെന്ന് അന്വേഷിച്ചു. മാത്രമല്ല, അപ്പോൾതന്നെ ആ പയ്യന്റെ കുടുംബത്തിന് മൂന്നുലക്ഷം രൂപ അനുവദിച്ചു.' രാജ പറഞ്ഞുനിർത്തുമ്പോൾ അതിനു പിന്നാലെ 'ആ കാഴ്ച നമ്മുടെ നാട്ടിലും കാണാനാകുമോ...' എന്ന സഭാധ്യക്ഷന്റെ ചോദ്യത്തിന് പിന്നാലെ സദസ്സിൽ നിന്ന് നീണ്ട കരഘോഷം. ഇത്തരത്തിൽ ഉമ്മൻ ചാണ്ടിയുടെ നല്ല പ്രവൃത്തികൾക്ക് തമിഴ്‌നാട്ടിൽപോലും വലിയ പ്രചാരം ലഭിക്കുന്നതിന്റെ വീഡിയോ പിസി വിഷ്ണുനാഥാണ് കഴിഞ്ഞ ദിവസം ഫേസ്‌ബുക്കിൽ പോസ്റ്റുചെയ്തത്.

കഴിഞ്ഞ മാർച്ച് മൂന്നിനായിരുന്നു കോഴിക്കോട് നടക്കാവ് ഗവ. ടിടിഐയിലെ തറക്കല്ലിടൽ ചടങ്ങിനെത്തിയപ്പോൾ ഉമ്മൻ ചാണ്ടിയുടെ ശ്രദ്ധക്ഷണിച്ച് നടക്കാവ് എൽപി സ്‌കൂൾ വിദ്യാർത്ഥിനി ശിവാനി മുഖ്യമന്ത്രിയെ പേരെടുത്തു വിളിക്കുകയും തന്റെ കൂട്ടുകാരന്റെ കഥ പറയുകയും സഹായം തേടുകയുമായിരുന്നു. അന്ന് ശിവാനിക്കുനൽകിയ വാഗ്ദാനം തിരഞ്ഞെടുപ്പു ചട്ടം പ്രാബല്യത്തിൽ വന്നതോടെ അദ്ദേഹത്തിന് നടപ്പാക്കാനായില്ല.

എന്നാൽ തിരഞ്ഞെടുപ്പിന്റെ തിരക്കുകളെല്ലാം ഒഴിഞ്ഞതോടെ ജൂലായിൽ ഈ വാഗ്ദാനം ഉമ്മൻ ചാണ്ടി നിറവേറ്റുകയും ചെയ്തു. വാഗ്ദാനം ചെയ്ത മൂന്നുലക്ഷവും കോഴിക്കോട്ടുനിന്നുള്ള രണ്ട് സുഹൃത്തുക്കളിൽ നിന്ന് സ്വരൂപിച്ച് കോഴിക്കോട് ഗസ്റ്റ് ഹൗസിൽവച്ച് തുക കൈമാറുകയായിരുന്നു. അമൽകൃഷ്ണയും അച്ഛൻ സുധീഷും അമ്മ അനീഷയുമെത്തി തുക കൈപ്പറ്റി. അമലിനെ ചേർത്തുനിർത്തി മിടുക്കനായി പഠിക്കണമെന്ന ഉപദേശവും നൽകിയാണ് ഉമ്മൻ ചാണ്ടി അവരെ പറഞ്ഞയച്ചത്.

അമലിന് വീടുണ്ടാക്കാൻ സ്‌കൂളിലെ അദ്ധ്യാപകരും നാട്ടുകാരും മുന്നിട്ടിറങ്ങുകയും ചെയ്തിരുന്നു. ഇപ്രകാരം രൂപീകരിച്ച ഭവന നിർമ്മാണ സമിതി ഒമ്പതര ലക്ഷത്തോളം രൂപ ഇവർക്കായി സ്വരൂപിക്കുകയും ചെയ്തിരുന്നു. ഓണത്തിന് മുൻപ് അമലിന് പുതിയ വീട് നിർമ്മിച്ചുനൽകാനുള്ള ശ്രമങ്ങളും അന്തിമ ഘട്ടത്തിലാണ്. അമൽ കൃഷ്ണയുടെ മാതാപിതാക്കൾ രോഗബാധിതരായതു പരിഗണിച്ച് ഒരുനില വാടകയ്ക്കു നൽകാനും അതുപയോഗിച്ച് ജീവിക്കാനും ഈ കുടുംബത്തിന് കഴിയുംവിധമാണ് വീടുപണിയുന്നത്.