തിരുവനന്തപുരം: പാറ്റൂർ ഭൂമി ഇടപാടിൽ സർക്കാർ കൈവശം വെക്കുന്ന ഭൂമി തിരിച്ചു പിടിക്കാൻ ലോകായുക്ത ഉത്തരവിട്ടു. 12 സെന്റ് ഭൂമി തിരിച്ചു പിടിക്കാനാണ് ലോകായുക്ത ഉത്തരവിട്ടിരിക്കുന്നത്. നേരത്തെ ഫ്‌ലാറ്റ് നിർമ്മാണ കമ്പനി പാറ്റൂരിൽ 12 സെന്റിലധികം ഭൂമി കൈയേറിയെന്ന കണ്ടെത്തൽ വിജിലൻസ് കോടതിയും ശരിവച്ചിരുന്നു.

പാറ്റൂരിൽ സ്വകാര്യ കമ്പനി ഫ്ളാറ്റും അനുബന്ധ ഷോപ്പിങ് മാളും നിർമ്മിക്കാൻ കയ്യേറിയ ഭൂമി തിരികെ നൽകണമെന്ന ലോകായുക്ത വിധി പുറത്ത് വന്നത് സർക്കാറിന് തിരിച്ചടിയാണ് . പൊതുപ്രവർത്തകനായ ജോയി കൈതാരം നൽകിയ ഹർജിയിലാണ് ലോകായുക്ത ജഡ്ജ് ജസ്റ്റിസ് പയസ് കുര്യാക്കോസ് വിധി പുറപ്പെടുവിച്ചത്. ഇതുമായി ബന്ധപ്പെട്ട് സമർപ്പിച്ച എല്ലാ പ്ലാനുകളിലും കയ്യേറ്റം നടന്നിട്ടുണ്ടെന്ന് വ്യക്തമാണെന്ന് അദ്ദേഹം നിരീക്ഷിച്ചിരുന്നു.

പാറ്റൂരിൽ വാട്ടർ അഥോറിറ്റിയുടെ സ്വീവേജ് പൈപ്പ് കടന്നു പോകുന്ന സർക്കാർ ഭൂമി കയ്യേറിയാണ് ഫ്ളാറ്റ് നിർമ്മാണം നടക്കുന്നതെന്ന് ഹർജിയിൽ ആരോപിച്ചിരുന്നു. തങ്ങളുടെ കൈവശം അധികമായി 12 സെന്റ് ഭൂമി ഉണ്ടെന്ന് ഫൽറ്റ് നിർമ്മാതാവിന്റെ അഭിഭാഷകൻ ലോകായുക്തയ്ക്ക് മുന്നിൽ സമ്മതിച്ചിരുന്നു. എന്നാൽ കയ്യേറിയ ഭൂമിയിൽ യാതൊരു നിർമ്മാണ പ്രവർത്തനങ്ങളും നടക്കുന്നില്ലെന്നും പറഞ്ഞപ്പോൾ വിവാദ ഭൂമിയിൽ നിർമ്മാണം നടക്കുന്നുണ്ടല്ലോ എന്ന കോടതിയുടെ മറു ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാനും കമ്പനി വൃത്തങ്ങൾക്ക് കഴിഞ്ഞിരുന്നില്ല.

ഇതിന്റെ അടിസ്ഥാനത്തിലാണ് കയ്യേറിയ ഭൂമി തിരികെ നൽകമമെന്ന കോടതി വിധി വന്നതും. എന്നാൽ ഇതു മുന്നിൽകണ്ട് കമ്പനി, നിർമ്മാണം നടക്കുന്നതിന് സമീപത്തുള്ള ഭൂമി കൂടി വാങ്ങാനുള്ള ശ്രമത്തിലാണെന്ന ആക്ഷേപം നേരത്തേ തന്നെ ഉണ്ടായിരുന്നു. നേരത്തേകയ്യേറിയ ഭൂമിയിൽ നടത്താനുദ്ദേശിച്ച നിർമ്മാണപ്രവർത്തനങ്ങൾ അവിടേക്ക് മാറ്റാണെന്ന് കമ്പനി കണക്കുകൂട്ടുന്നു. എന്നാൽ ഇത് പുറമ്പോക്ക് ഭൂമിയാണെന്നാണ് സമീപവാസികൾ അഭിപ്രായപ്പെടുന്നത്.

നേരത്തെ പാറ്റൂർ ഭൂമി ഇടപാടിൽ മുഖ്യമന്ത്രിയുടെ പങ്കിന് പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് കോടതി നിരീക്ഷിച്ചിരു്‌നു. കേസിൽ മുഖ്യമന്ത്രിയെയും മുൻ ചീഫ് സെക്രട്ടറി ഇ കെ ഭരത്ഭൂഷണെയും പ്രതിചേർക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദൻ നൽകിയ ഹരജിയുടെ വാദത്തിനിടെയാണ് തിരുവനന്തപുരം വിജിലൻസ് കോടതിയുടെ ഈ സുപ്രധാന നിരീക്ഷണം നടത്തിയത്.