പാരിസ്: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബ് ചെൽസിയുടെ മധ്യനിര താരമായ എൻഗോളോ കാന്റെയാണ് ഈ വർഷത്തെ ബാലൻദ്യോർ പുരസ്‌കാരത്തിന് ഏറ്റവും അർഹനെന്ന് ഫ്രഞ്ച് താരം പോൾ പോഗ്ബ.

ചെൽസി ചാമ്പ്യൻസ് ലീഗ് കിരീടം നേടിയാൽ കാന്റെ ബാലൻദ്യോറിന് അർഹനാകുമെന്ന് താൻ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ടെന്നും ഇപ്പോൾ അതിനുള്ള സമയമായെന്നും പോഗ്ബ വ്യക്തമാക്കി. ഫ്രഞ്ച് ടീമിൽ കാന്റെയുടെ സഹതാരമാണ് പോഗ്ബ.

ഇത്തവണ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മെസ്സിയോ ക്രിസ്റ്റിയാനോയോ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ മധ്യനിര താരങ്ങളും പ്രതിരോധ താരങ്ങളുമാണ് കൂടുതൽ ശ്രദ്ധ നേടിയത്. കാന്റെയുടെ ഇപ്പോഴത്തെ പ്രകടനത്തിൽ എനിക്ക് അദ്ഭുതമില്ല. പോഗ്ബ വ്യക്തമാക്കി.

താൻ കാണുന്നകാലം തൊട്ടേ കാന്റെ മികച്ച കളി പുറത്തെടുക്കാറുണ്ടെന്നും എന്നാൽ ആളുകൾ ഇപ്പോഴാണ് കാന്റെയെ പുകഴ്‌ത്തി തുടങ്ങിയതെന്നും പോഗ്ബ കൂട്ടിച്ചേർത്തു.

ലോകത്തെ മികച്ച ഫുട്ബോൾ താരത്തിനുള്ള പുരസ്‌കാരമായ ബാലൺ ഡി ഓർ ആരു നേടുമെന്ന ചർച്ചയാണ് ആരാധകർ തുടരുന്നത്. യൂറോപ്യൻ മുൻനിര ക്ലബ്ബുകളുടെ കിരീടപ്പോരാട്ടമായ യുവേഫ ചാമ്പ്യൻസ് ലീഗിൽ ഈ വർഷം ഇംഗ്ലീഷ് ക്ലബ്ബായ ചെൽസി മുത്തമിട്ടപ്പോൾ ഫുട്ബോൾ പ്രേമികൾക്കിടയിൽ ഏറ്റവുമധികം ചർച്ച ചെയ്ത വിഷയവും ഇതായിരുന്നു.എല്ലാവരും ഒന്നടങ്കം പറഞ്ഞ പേര് ചെൽസിയുടെ മധ്യനിരയിലെ പ്രധാനിയായ ഫ്രഞ്ച് താരമായ എൻഗോളോ കാന്റെയുടെ പേരാണ്. ഇതിന് പിന്നാലെയാണ് കാന്റെ തന്നെയാണ് ഈ വർഷത്തെ ബാലൺ ഡി ഓർ നേടാൻ അർഹനെന്ന് പോൾ പോഗ്ബ പറഞ്ഞത്.

ഫുട്ബോൾ ലോകത്ത് ഇന്നുള്ളതിൽ വച്ച് ഏറ്റവും പ്രധാന പുരസ്‌കാരമായാണ് ബാലൺ ഡി ഓറിനെ കണക്കാക്കുന്നത്. 1956 മുതൽ ഫ്രഞ്ച് ഫുട്ബോൾ മാഗസിനായ ഫ്രാൻസ് ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിനായി ഏർപ്പെടുത്തിയ പുരസ്‌കാരമാണ് ബാലൺ ഡി ഓർ. 2007 മുതൽ ഫുട്ബോളിലെ ആഗോള സമിതിയായ ഫിഫയും ഫ്രാൻസ് ഫുട്ബോളും ചേർന്നാണ് ഈ പുരസ്‌കാരം നൽകിയിരുന്നത്. എന്നാൽ 2015ൽ ഫിഫ ഇതിൽ നിന്ന് വേർപെട്ടു. ഫുട്ബോളിലെ ഓസ്‌കാർ എന്ന് വിശേഷിപ്പിക്കാവുന്ന ഈ പുരസ്‌ക്കാരം ഏറ്റവും കൂടുതൽ തവണ നേടിയിട്ടുള്ളത് ലയണൽ മെസ്സിയാണ്.

താരത്തിന് തൊട്ടു പുറകിലായി രണ്ടാം സ്ഥാനത്ത് ഉള്ളത് ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. അഞ്ച് തവണയാണ് റൊണാൾഡോ പുരസ്‌കാരം നേടിയിട്ടുള്ളത്. കോവിഡ് മഹാമാരി പ്രതിസന്ധി സൃഷ്ടിച്ചതുകൊണ്ട് കഴിഞ്ഞ വർഷം ഈ പുരസ്‌കാരം നൽകിയിരുന്നില്ല. 2019ൽ ഈ പുരസ്‌കാരം നേടിയ ലയണൽ മെസ്സിയാണ് നിലവിലെ ജേതാവ്. ഈ വർഷം ഫുട്ബോൾ മത്സരങ്ങൾ എല്ലാം സാധാരണ നിലയിലേക്ക് തിരിച്ചു വന്നതുകൊണ്ട് ഈ വർഷം പുരസ്‌കാരം നൽകുന്നുണ്ട്. ഇക്കൊല്ലത്തെ പുരസ്‌ക്കാരം പ്രഖ്യാപിക്കുമ്പോൾ അത് നേടാനുള്ള കൂടുതൽ അർഹത പോഗ്ബ തന്റെ സഹതാരം കൂടിയായ കാന്റെക്ക് കൽപ്പിച്ച് നൽകിയത്.

കഴിഞ്ഞ സീസണിൽ തന്റെ ടീമായ ചെൽസിക്ക് വേണ്ടി മാസ്മരിക പ്രകടനമാണ് കാന്റെ കാഴ്ചവച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നീ ഫുട്ബോൾ ലോകത്തെ വന്മരങ്ങളെ മറികടന്ന് ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്‌കാരം കാന്റെക്ക് തന്നെ ലഭിക്കും എന്ന് പോഗ്ബ പറയുന്നത്. ഭൂമിയിലെ ഏറ്റവും മികച്ച കളികാരനായി കാന്റെ അംഗീകരിക്കപ്പെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടുന്ന പോഗ്ബ, കാന്റെ അദ്ദേഹത്തിന്റെ മികച്ച പ്രകടനങ്ങൾ കൊണ്ടാണ് ഇവിടം വരെ എത്തിയത് അതിനാൽ സമീപകാലത്ത് അദ്ദേഹം നടത്തുന്ന പ്രകടനങ്ങളിൽ തനിക്ക് യാതൊരു അതിശയവുമില്ലെന്നും കഴിഞ്ഞ ദിവസം താരം കൂട്ടിച്ചേർത്തു.

'എൻഗോളോ കാന്റെയുടെ പ്രകടനങ്ങളെക്കുറിച്ച് നമ്മൾ വളരെയധികം സംസാരിക്കാറുണ്ട്. എന്നാൽ അദ്ദേഹം എല്ലായ്‌പ്പോഴും ഒരേ നിലവാരത്തിൽ ഉള്ള പ്രകടനം തന്നെയാണ് കാഴ്ച വച്ചിട്ടുള്ളത്. ഇക്കൊല്ലത്തെ ചാമ്പ്യൻസ് ലീഗിന്റെ സെമി ഫൈനലിൽ റൊണാൾഡോയോ മെസ്സിയോ ഉണ്ടായിരുന്നില്ല, അതിനാൽ തന്നെ മധ്യനിരതാരങ്ങളുടെയും, പ്രതിരോധനിരതാരങ്ങളുടെയും പ്രകടനങ്ങൾ കാണുന്നത് സന്തോഷകരമായിരുന്നു. ചെൽസി ചാമ്പ്യൻസ് ലീഗിൽ കിരീടം നേടുകയാണെങ്കിൽ കാന്റെയായിരിക്കും ബാലൺ ഡി ഓർ നേടാൻ അർഹൻ എന്ന് ഞാൻ വളരെക്കാലം മുൻപ് പറഞ്ഞിരുന്നു. അദ്ദേഹം അത് അർഹിക്കുന്നുമുണ്ട്. അവൻ എല്ലായ്‌പ്പോഴും മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. അവൻ നടത്തുന്ന പ്രകടനങ്ങൾ കാണുമ്പോൾ എനിക്ക് അത്ഭുതമൊന്നും തോന്നാറില്ല, എന്നാൽ അദ്ദേഹം ഇപ്പോഴും അതേ നിലവാരത്തിൽ ഉള്ള പ്രകടനങ്ങൾ നടത്തുന്നത് എന്നെ അത് അതിശയിപ്പിക്കുന്നു. എല്ലായ്‌പ്പോഴും മികച്ച പ്രകടനങ്ങൾ കൊണ്ട് കളം നിറഞ്ഞു കളിക്കുന്ന താരമാണ് കാന്റെ.' പോഗ്ബ പറഞ്ഞു.

2020-21 സീസൺ അക്ഷരാർഥത്തിൽ കാന്റെയുടെ സീസൺ ആയിരുന്നു എന്ന് തന്നെ പറയാം. ചെൽസിയുടെ ജെഴ്സിയിൽ മികച്ച പ്രകടനമാണ് അദ്ദേഹം പുറത്തെടുത്തത്. ക്ലബ്ബിന്റെ ചാമ്പ്യൻസ് ലീഗ് കിരീട ധാരണത്തിന് പിന്നിൽ നിർണായക പങ്ക് വഹിച്ച കാന്റെ ടൂർണമെന്റിലുടനീളം അപാര ഫോമിൽ ആയിരുന്നു. തന്റെ സ്വതസിദ്ധമായ നിഷ്‌കളങ്കമായ ചിരി കൊണ്ട് ആരാധകരെ വീഴ്‌ത്തുന്ന താരം പക്ഷേ കളത്തിൽ ഇറങ്ങിയാൽ തന്റെ കണിശതയാർന്ന ടാക്കിളുകൾ കൊണ്ട് എതിരാളിയുടെ കാലിൽ നിന്നും പന്ത് റാഞ്ചി എടുക്കാൻ മിടുക്കനാണ്. ഇത് കൂടാതെ തന്റെ ടീമിനെ ആക്രമണത്തിലും പ്രതിരോധത്തിലും ഒരു പോലെ സഹായിക്കുന്ന താരം കൂടിയാണ് കാന്റെ. താരത്തിന്റെ ഉയരക്കുറവ് താരം പരിഹരിക്കുന്നത് തന്റെ അപാര വേഗതയിലൂടെയും പിന്നെ ഇത്തരം മികച്ച ഫുട്ബോൾ സ്‌കില്ലുകളിലൂടെയുമാണ്.

നിലവിൽ യൂറോ കപ്പിനായി ഒരുങ്ങുന്ന ഫ്രഞ്ച് ടീമിന്റെ പരിശീലന ക്യാമ്പിലാണ് കാന്റെയും പോഗ്ബയുമുള്ളത്. യൂറോ കപ്പ് നേടാൻ ഏറ്റവുമധികം സാധ്യത കൽപ്പിക്കപ്പെടുന്ന ടീം കൂടിയാണ് ഫ്രാൻസ്. ക്ലബ് സീസണിൽ മികച്ച പ്രകടനം കാഴ്ചവച്ച കാന്റെയുടെ കാലുകളിൽ നിന്നും മികച്ച പ്രകടനം തന്നെയാണ് ദേശീയ ടീമിനൊപ്പം കളിക്കാൻ ഇറങ്ങുമ്പോഴും ആരാധകർ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വട്ടം ഫൈനലിൽ നഷ്ടപെട്ട കിരീടം വീണ്ടെടുക്കാൻ കൂടിയാണ് ഫ്രാൻസ് ഈ ടൂർണമെന്റിൽ ഇറങ്ങുന്നത്. ജൂൺ 11ന് ടൂർണമെന്റ് ആരംഭിക്കും.