വത്തിക്കാൻ സിറ്റി : പദവിയിലേറിയ ശേഷം മുൻഗാമിയായ ഒരാളെ കൂടി ഫ്രാൻസിസ് മാർപാപ്പ  വിശുദ്ധനായി പ്രഖ്യാപിക്കുന്നതിന്റെ സന്തോഷത്തിലാണ് വിശ്വാസ സമൂഹം. കത്തോലിക്കാ സഭയ്ക്ക് പ്രധാന നേതൃത്വം നൽകിയ സഭാധ്യക്ഷന്മാരിലൊരാളായ പോൾ ആറാമനെയാണ് ഫ്രാൻസിസ് മാർപാപ്പ വിശുദ്ധനായി പ്രഖ്യാപിക്കുന്നത്.

1963 മുതൽ 1978 വരെയാണ് പോൾ ആറാമൻ മാർപാപ്പ കത്തോലിക്കാ സഭയെ നയിച്ചത്. 1970ൽ കുർബാനയ്ക്കിടെ രക്തസാക്ഷിത്വം വരിച്ച സാൽവദോർ ആർച്ച് ബിഷപ്പ് ഓസ്‌കർ റൊമേറോ എന്നിവരുൾപ്പടെ ഏഴ് പേരെയാണ് വിശുദ്ധ പദവിയിലേക്ക് ഫ്രാൻസിസ് മാർപാപ്പ ഉയർത്തിയത്.

മനില വിമാനത്താവളത്തിൽ അക്രമിയുടെ കുത്തേറ്റപ്പോൾ പോൾ ആറാമൻ ധരിച്ചിരുന്ന ഷർട്ട്, റൊമേറോയുടെ അസ്ഥി തുടങ്ങിയ ഭൗതികാവശിഷ്ടങ്ങൾ അൾത്താരവണക്കത്തിനായി ഉയർത്തപ്പെട്ട ഈ വിശുദ്ധരുടേതായി ബസിലിക്കയിലെ അൾത്താരയിൽ വച്ചിരുന്നു.

ലോകത്തിനായി തുറക്കപ്പെട്ട പ്രവാചകനെന്ന് ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാൻ സിറ്റിന്മ ഫ്രാൻസിസ് പാപ്പ വിശുദ്ധനായി വാഴ്‌ത്തുന്ന മൂന്നാമത്തെ മാർപാപ്പയാണ് പോൾ ആറാമൻ. നേരത്തേ ജോൺ 23ാമൻ, ജോൺ പോൾ രണ്ടാമൻ എന്നിവരാണ് വിശുദ്ധരാക്കപ്പെട്ടവർ.ലോകത്തിനായി തുറക്കപ്പെട്ട സഭയുടെ പ്രവാചകൻ എന്നു ഫ്രാൻസിസ് പാപ്പ വിശേഷിപ്പിച്ച പോൾ ആറാമൻ രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചു.

ലത്തീനു പകരം പ്രാദേശിക ഭാഷകളിൽ ദിവ്യബലി അർപ്പിക്കാനും ഇതര മതങ്ങളോടുള്ള തുറന്ന ആദരവ് പ്രഖ്യാപിക്കാനും യഹൂദരുമായി പുനരൈക്യ ശ്രമങ്ങൾക്കു തുടക്കമിടാനും തീരുമാനിച്ച രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ (1962-65) പ്രധാനകാലത്ത് സഭയെ നയിച്ച അദ്ദേഹം 1978 ൽ കാലം ചെയ്തു.

ഗർഭനിരോധന ഗുളികകൾ സുലഭമാവുകയും ലോകത്ത് ലൈംഗിക അരാജകത്വം നടമാടുകയും ചെയ്ത കാലത്ത് കൃത്രിമ ഗർഭനിരോധനത്തിനെതിരെ കർക്കശ നിലപാട് എടുത്ത അദ്ദേഹം മനുഷ്യജീവനെ ഇല്ലാതാക്കുന്നതിനെ ഒരു വിധത്തിലും പൊറുക്കില്ലെന്നു പ്രഖ്യാപിച്ച് 1968ൽ 'ഹ്യുമാനെ വീത്തെ' എന്ന ചാക്രിക ലേഖനം പുറപ്പെടുവിച്ചു. അന്യരാജ്യങ്ങളിലെ വിശ്വാസികളെ അനുഗ്രഹിക്കാൻ ഇറ്റലിക്കു പുറത്തേക്കു സഞ്ചരിക്കുന്നതിനു തുടക്കമിട്ടതും ഇദ്ദേഹമാണ്.

 മനുഷ്യാവകാശത്തിനായി പോരാടിയിരുന്ന ബിഷപ്പ് ഓസ്‌കർ റൊമേറോയെ സ്മരിച്ച് ലോകം

സാൽവദോർ ആർച്ച് ബിഷപ് ഓസ്‌കർ റൊമേറോയുടെ ചിത്രവുമുള്ള ടീഷർട്ട് ധരിച്ചായിരുന്നു ലാറ്റിൻ അമേരിക്കയിലെ പാവങ്ങൾ ഒരു കാലത്ത് നടന്നിരുന്നത്.കമ്യൂണിസ്റ്റ് വിപ്‌ളവകാരി ചെ ഗുവാരയുടെ ചിത്രമുള്ള ടീഷർട്ട് ധാരികളെപ്പോലെ തന്നെ. അക്കാലത്ത് മനുഷ്യാവകാശപ്പോരാട്ടത്തിന്റെ സജീവപ്രതീകമായിരുന്ന അദ്ദേഹത്തെ കമ്യൂണിസ്റ്റുകളും ആരാധിച്ചു. 1980 ൽ ഒരു ആശുപത്രിയിലെ ചാപ്പലിൽ കുർബാന അർപ്പിക്കുമ്പോഴാണ് വലതുപക്ഷ ഒളിപ്പോരാളി അദ്ദേഹത്തെ വെടിവച്ചുവീഴ്‌ത്തിയത്. സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലെ ചടങ്ങിൽ ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തുമ്പോൾ റൊമേറോയുടെ രക്തം പുരണ്ട അരപ്പട്ടയാണ് ധരിച്ചിരുന്നത്.

ദാരിദ്ര്യത്തെയും അടിച്ചമർത്തലിനെയും ദിവ്യബലിക്കിടെ നിത്യം വിമർശിക്കുകയും പാവങ്ങളുടെ പക്ഷത്ത് നിലയുറപ്പിക്കുകയും ചെയ്തിരുന്ന അദ്ദേഹം വലതുപക്ഷ തീവ്രവാദികളുടെയും പട്ടാള ഭരണകൂടത്തിന്റെയും കണ്ണിലെ കരടായിരുന്നു. യുഎസ് സൈന്യത്തിന്റെ പിന്തുണയോടെ ഭരിച്ചിരുന്ന എൽ സാൽവദോർ ഭരണകൂടവും കമ്യൂണിസ്റ്റ് ഗറിലകളും തമ്മിൽ 1980-92 കാലത്തു നടന്ന യുദ്ധത്തിന്റെ തുടക്കത്തിൽ ഉണ്ടായ ഏറ്റവും പ്രധാന സംഭവം റൊമേറോയുടെ രക്തസക്ഷിത്വമായിരുന്നു.

ഇന്നലെ വിശുദ്ധപദവിയിലേക്ക് ഉയർത്തപ്പെട്ട മറ്റ് അഞ്ചു പേർ ഇവരാണ്: ഇറ്റാലിയൻ വൈദികനായ ഫ്രാൻസെസ്‌കോ സ്പിനെല്ലി (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദ് അഡോറേഴ്‌സ് ഓഫ് ദ് ബ്ലെസ്ഡ് സാക്രമെന്റ് സ്ഥാപകൻ), ഇറ്റാലിയൻ വൈദികൻ വിൻസെൻസോ റൊമാനോ, ജർമൻ കന്യാസ്ത്രീ മരിയ കാതറിന കാസ്പർ (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദ് പൂവർ ഹാൻഡ്‌മെയ്ഡ്‌സ് ഓഫ് ജീസസ് ക്രൈസ്റ്റ് സ്ഥാപക), അർജന്റിനയിൽ മരിച്ച സ്പാനിഷ് മിഷനറി നസാറിയ ഇഗ്‌നാസിയ, (ക്രൂസേഡേഴ്‌സ് ഓഫ് ദ് ചർച്ച് സ്ഥാപകൻ) ഇറ്റലിയിൽ നിന്നുള്ള നുൻസിയോ സുൽപ്രിസിയോ.

സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ നടന്ന തിരുക്കർമങ്ങളിൽ എൽ സാൽവദോർ പ്രസിഡന്റ് സാൽവദോർ സാഞ്ചെസ് സെറെൻ, ചിലെ പ്രസിഡന്റ് സെബാസ്റ്റ്യൻ പിനേര, സ്‌പെയിൻ രാജ്ഞി സോഫിയ എന്നിവരും പങ്കെടുത്തു.