മസ്‌ക്കറ്റ്: ചില രാജ്യങ്ങളിൽ നിന്ന് കോഴിയിറച്ചി ഇറക്കുമതി ചെയ്യുന്നതിന് ഏർപ്പെടുത്തിയിരുന്ന നിരോധനം ഒമാൻ പിൻവലിച്ചു. ഇന്ത്യയിലെ ഏതാനും സംസ്ഥാനങ്ങളിൽ നിന്നും, നോതർലാൻഡ്‌സ്, ഡെന്മാർക്ക്, ഉക്രെയ്ൻ, ഗ്രീസ്, മാർസിഡോണ, ബോസ്‌നിയ, സ്‌പെയിൻ, കുവൈറ്റ്, ഹെർസെഗോവിന എന്നീ രാജ്യങ്ങളിൽ നിന്നുമുള്ള കോഴിയിറച്ചിക്കുള്ള നിരോധനമാണ് എടുത്തു കളഞ്ഞിട്ടുള്ളത്. ഈ രാജ്യങ്ങളിൽ ഇറച്ചിക്കോഴികളെ ബാധിക്കുന്ന വൈറസ് കണ്ടെത്തിയതിനെ തുടർന്നാണ് ഒമാൻ ഇറക്കുമതി നിരോധനം കൊണ്ടുവന്നത്.

കഴിഞ്ഞ വർഷം നവംബർ, ഡിസംബർ മാസങ്ങളിലാണ് ഏതാനും രാജ്യങ്ങളിൽ നിന്നുള്ള ഇറച്ചിക്കോഴികൾക്ക് ആദ്യം നിരോധനം ഏർപ്പെടുത്തുന്നത്. ഇന്ത്യൻ സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന, കർണാടക, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നുള്ള ഇറച്ചിക്കോഴികൾക്കാണ് ഒമാനിൽ നിരോധനം കൊണ്ടുവന്നത്.

നിലവിൽ ഒമാനിലേക്കുള്ള ഇറച്ചിക്കോഴികളുടെ ഇറക്കുമതിക്ക് ഏതാനും ചില രാജ്യങ്ങൾക്കു കൂടി വിലക്ക് തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.