തിരുവനന്തപുരം: വ്യത്യസ്ത കഥാപാത്രങ്ങൾ പരീക്ഷിക്കുന്ന അനൂപ് മേനോന്റെ പുതിയ ചിത്രം പാവയുടെ ട്രെയിലർ പുറത്തിറങ്ങി. അഭിനേതാവായും തിരക്കഥാകൃത്തായും തിളങ്ങുന്ന പ്രതിഭകളായ അനൂപ് മേനോനും മുരളി ഗോപിയും പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് പാവ. വാർധക്യത്തിലെത്തിയ പാപ്പൻ, വർക്കി എന്നവരുടെ ജീവിതകഥയുമായാണ് ചിത്രമെത്തുന്നത്. അൽപം വില്ലത്തരങ്ങളൊക്കെയുള്ള പാപ്പന്റെയും വർക്കിയുടേയും നന്മയിലേക്കുള്ള യാത്രയാണ് കഥയുടെ പ്രമേയം.

അനൂപ് മേനോന്റെയും മുരളി ഗോപിയുടെയും വേറിട്ട ഗെറ്റപ്പുകൾ തന്നെയാണ് സിനിമയുടെ പ്രധാന ആകർഷണം. ഇരുവർക്കും വേഷപ്പകർച്ച നൽകിയതാകട്ടെ രഞ്ജിത് അമ്പാടിയും. ചിത്രത്തിൽ പെരിയന്താനം വർക്കിച്ചൻ എ്ന്ന കഥാപാത്രത്തെയാണ് അനൂപ് മേനോൻ വെള്ളിത്തിരയിൽ എത്തിക്കുന്നത്. സൂരജ് ടോം ആണ് സംവിധാനം. അജീഷ് തോമസ് കഥയും തിരക്കഥയും രചിക്കുന്നു. കെപിഎസി ലളിത, മുത്തുമണി, പൊന്നമ്മ ബാബു, കവിയൂർ പൊന്നമ്മ എന്നിവരും ചിത്രത്തിലുണ്ട്.

ഈ അടുത്തകാലത്ത് എന്ന ചിത്രത്തിലൂടെയാണ് അനൂപും മുരളിയും ആദ്യമായി ഒന്നിക്കുന്നത്. ആ ചിത്രം മുരളി ഗോപിയുടെ തന്നെ തിരക്കഥയായിരുന്നു.