കൊച്ചി: കൂവപ്പടിയിൽ 85 ഏക്കറോളം സ്ഥലം റവന്യൂ വകുപ്പിന്റെ സഹായത്താൽ പരിവർത്തനം നടത്തി ബിസിനസ്സ് സാമ്രാജ്യം വിപുലപ്പെടുത്തുന്നതിനുള്ള പവിഴം ജോർജ്ജിന്റെ നീക്കത്തിന് തിരിച്ചടി. കൂവപ്പടി വില്ലേജിൽ ബ്ലോക്ക് 7-ൽപ്പെടുന്നതും 96 ഏക്കറോളം വരുന്നതുമായ വല്ലം റയോൺപുരം നമ്പ്യാട്ടുകുടി ജോർജ്ജിന്റെയും കുടംബാംഗങ്ങളുടെയും പേരിലുള്ള സ്ഥലത്തിൽ 25 ഏക്കറോളം വരുന്ന പ്രദേശം മണ്ണിട്ടുനികത്തി, നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയെന്നും ഇത് വകവയ്ക്കാതെ ചട്ടവിരുദ്ധമായി റവന്യൂവകുപ്പ് നിലം പുരയിടമായി പരിവർത്തനം ചെയ്തുനൽകിയെന്നുമുള്ള പരാതിയിലാണ് കൃഷിവകുപ്പിന്റെ ഭാഗത്തുനിന്നുള്ള ഇടപെടൽ ഉണ്ടായിരിക്കുന്നത്. ഭൂമി പരിവർത്തനം ചെയ്ത് ഡേറ്റാബാങ്കിൽ നിന്നൊഴുവാക്കിയ നടപടിയാണ് കൃഷിവകുപ്പ് സ്റ്റേ ചെയ്തിരിക്കുന്നത്. ഇതിന്റെ ഉത്തരവിന്റെ കോപ്പി മറുനാടന് ലഭിച്ചു.

ഇതിനകം തന്നെ തന്റെ രാഷ്ട്രീയ -സാമ്പത്തീക സമ്മർദ്ദത്താൽ 25 ഏക്കറോളം വരുന്ന ഭൂപ്രദേശം പരിവർത്തനം നടത്തി ജോർജ്ജും കൂട്ടരും സ്വന്തമാക്കിയിരുന്നു. ഉപഗ്രഹ ചിത്രങ്ങൾ പരിശോധിച്ചുവേണം ഇക്കാര്യത്തിൽ തീരുമാനമെടുക്കാവൂ എന്ന ശുപാർശയോടെ അന്നത്തെ വില്ലേജ് ഓഫീസർ മഹേഷ് ബി നൽകിയ റിപ്പോർട്ടിന് കടലാസിന്റെ വിലപോലും കൽപ്പിക്കാതെ ഉന്നത ഉദ്യോഗസ്ഥർ അവഗണിക്കുകയായിരുന്നു എന്നാണ് പിന്നീടുള്ള നടപടികളിൽ നിന്നും വ്യക്തമാവുന്നത്.

അങ്കമാലി നമ്പ്യാട്ടുകുടി ജോൺസൺ, ജോർജ്ജിന് അനുകൂലമായ റവന്യൂ വകുപ്പിന്റെ നീക്കത്തിനെതിരെ നൽകിയ പരാതിയിലും അധികൃതരുടെ ഭാഗത്തു നിന്നും കാര്യമായ ഇടപെടലുണ്ടായില്ലെന്നുള്ള ആക്ഷേപവും ശക്തമാണ്. പരാതിപ്രകാരം ഹിയറിംഗിന് വിളിച്ചെങ്കിലും പരാതിക്കാരന് പരിഹരിക്കാൻ കഴിയാത്ത നഷ്ടം ഉണ്ടായിട്ടില്ലന്ന് വിലയിരുത്തി കളക്ടർ ഭൂമിപരിവർത്തനം ചെയ്തുനൽകിയ ആർ ഡി ഒയുടെ ഉത്തരവ് അംഗീകരിക്കുകയായിരുന്നു എന്നാണ് ഇതുവരെ പുറത്തുവന്നിട്ടുള്ള വിവരം.

സാബു കെ ഐസക് മൂവാറ്റുപുഴ ആർ ഡി ഒ ആയിരുന്ന അവസരത്തിലാണ് പരിവർത്തന പ്രക്രീയയുടെ പേപ്പർ വർക്കുകൾ വേഗത്തിൽ നീങ്ങിയതെന്നുള്ള ആക്ഷേപവും ജോൺസൺ ഉന്നയിക്കുന്നുണ്ട്. ഇദ്ദേഹത്തിന് ഏ ഡി എമ്മായി സ്ഥാനക്കയറ്റം ലഭിക്കുകയും ഏറണാകുളം കളക്ടറേറ്റിൽ ചുമതലയിൽ ഇരിക്കുയും ചെയ്യുമ്പോഴാണ്് ഹിയറിങ് നടന്നതെന്നും ഇത് എതിർ കക്ഷിക്ക് അനുകൂലവിധി ലഭിക്കുന്നതിന് വഴിയൊരുക്കുകയായിരുന്നെന്നുമാണ് ഈ വിഷയത്തിൽ ഇപ്പോഴും പരാതിയുമായി രംഗത്തുള്ള എൻ ആർ ജോൺസൺ വ്യക്തമാക്കുന്നത്.

ജോർജ്ജിന്റെയും കൂട്ടരുടെയും സ്ഥലത്തിനടുത്ത് മൂന്നേക്കറോളം വയൽ തനിക്കുണ്ടെന്നും മൂന്നുപൂ കൃഷിനടത്തിയിരുന്ന ഇവിടെ ഇപ്പോൾ ഒരുപൂ പോലും കൃഷിനടത്താനാവില്ലന്നും സമീപസ്ഥലങ്ങൾ മണ്ണിട്ടു നികത്തിയതു മൂലം ജലസ്രോതസ്സുകൾ വറ്റിപ്പോയതാണ് ഇതിനുകാരണമെന്നുമാണ് ജോൺസൺ വെളിപ്പെടുത്തുന്നത്. മഴക്കാലത്ത് സമീപ്രത്തെല്ലാം മണ്ണിട്ട് നികത്തിയ പ്രദേശം ഉയർന്നുനിൽക്കുന്നതിനാൽ വെള്ളം മുഴുവൻ തന്റെ പുരയിടത്തിലേയ്ക്ക് ഒഴുകിയെത്തി നാശനഷ്ടങ്ങൾക്കും ഉണ്ടാവുന്നുണ്ടെന്നും ജോൺസൺ പരാതികളിൽ സൂചിപ്പിച്ചിട്ടുണ്ട്.

നെൽവയൽ തണ്ണീർത്തട സംരക്ഷണ(ഭേതഗതി)ചട്ടം 2018-27(എ) പ്രകാരം ജോർജ്ജും കുടംബാംഗങ്ങളും സമർപ്പിച്ച അപേക്ഷിയിൽ ഭൂമിപരിവർത്തനത്തിന് അനുമതി നൽകുകയായിരുന്നെന്നാണ് വ്യക്തമാവുന്നത്. 2008-ന് മുമ്പ് പുരയിടമാക്കപ്പെട്ടതോ, സ്വാഭീകമായി പുരയിടമെന്ന് തോന്നിക്കുന്ന മാറ്റങ്ങൾ ഉണ്ടായതോ ആയ ഭൂമിയാണ് ഈ നിയമപ്രകാരം പരിവർത്തനം ചെയ്യാവൂ എന്നാണ് ചട്ടത്തിൽ വ്യവസ്ഥചെയ്തിട്ടുള്ളത്. എന്നാൽ 2008-ന് ശേഷമാണ് നിലവിൽ പരിവർത്തനം ചെയ്യപ്പെട്ടിട്ടുള്ള ഭൂമി ജോർജ്ജും കുടംബാംഗങ്ങളും സ്വന്തമാക്കിയതെന്നും വർഷങ്ങൾക്കുശേഷം മണ്ണടിച്ച് നികത്തുകയായിരുന്നെന്നുമാണ് പരാതിക്കാരുടെ ആക്ഷേപം.

ഭൂമിയിൽ ഒട്ടുമുക്കാലും ചൊടിച്ചും കൃത്യമ രേഖകൾ ചമച്ചും രാഷ്ട്രീയ -സാമ്പത്തീക ഇടപെടലുകളിലൂടെയുമാണ് നിലവിൽ 25 ഏക്കറോളം ഭൂമി പരിവർത്തനം നടത്തി, ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിവരുന്നതെന്നാണ് പരക്കെ ഉയർന്നിട്ടുള്ള ആക്ഷേപം. വില്ലേജിലെ ബി ടി ആർ രജിസ്റ്ററിൽ നിലം എന്ന് രേഖപ്പെടുത്തിയ സ്ഥലത്തിന് പൊതുവെ ഡിമാന്റില്ല. ഇത് പുരയിടമാവുന്നതോടെ വസ്തുക്കമ്പോളത്തിൽ വൻഡിമാന്റാവും. ഇതുവഴി കോടികളുടെ ആസ്ഥിവർദ്ധനയും ഉണ്ടാവും. പവിഴം ജോർജ്ജിന്റെ ലക്ഷ്യവും ഇതുതന്നെയായിരുന്നെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. 2003 മുതലുള്ള ഉപഗ്രഹ ചിത്രങ്ങൾ തിരുവനന്തപുരത്തെ വികാസ് ഭവനിൽ അപേക്ഷ സമർപ്പിച്ചാൽ ലഭിക്കും. ഉപഗ്രഹചിത്രങ്ങൾ പരിശോധിച്ചാൽ 2008-ന് മുമ്പുള്ള സ്ഥലത്തിന്റെ അവസ്ഥ വ്യക്തമാവും.

ജോർജ്ജിന്റെയും കൂട്ടരുടെയും സ്ഥല പരിവർത്തന അപേക്ഷയിൽ ഇത്തരത്തിലൊരുസാധ്യത പരിശോധിക്കാൻ ഉന്നത അധികൃതർ തയ്യാറാവാതിരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യവും പരാതിക്കാരൻ ഉയർത്തുന്നുണ്ട്. കൃഷിവകുപ്പ് നീക്കത്തിന് തടയിട്ടില്ലങ്കിൽ പുറംലോകം അറിയാതെ 86 ഏക്കർ സ്ഥലവും പുരയിടമായി മാറുമായിരുന്നെന്നും തൃശ്ശൂരിലെ ശോഭസിറ്റി നിർമ്മാതാക്കൾ ചെയ്തിനേക്കാൾ വലിയ കള്ളക്കളിയായി ഇത് പരിണമിക്കുമായിരുന്നെന്നുമാണ് പൊതുവെയുള്ള വിലയിരുത്തൽ.