തെലുഗു സൂപ്പർ താരവും ജനസേന പാർട്ടി അധ്യക്ഷനുമായ പവൻ കല്ല്യാണിന്റെ ആരാധകരായ യുവാക്കൾക്കാണ് ദാരുണാന്ത്യം. താരത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ആഘോഷചടങ്ങുകൾക്കിടെ ബാനർ കെട്ടാൻ ശ്രമിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റാണ് യുവാക്കൾ മരിച്ചത്. ആന്ധ്രപ്രദേശ് ചിറ്റൂരിലെ ശാന്തിപുരത്താണ് സംഭവം. സോമശേഖർ (30), സഹോദരൻ രാജേന്ദ്ര (32), സുഹൃത്ത് അരുണാചലം (28) എന്നിവരാണ് മരിച്ചത്.

ഇന്നാണ്( സെപ്റ്റംബർ 2) പവൻ കല്ല്യാണിന്റെ 49-ാം ജന്മദിനം. ആഘോഷച്ചടങ്ങുകളുടെ ബാനർ കെട്ടാൻ ശ്രമിക്കുന്നതിനിടെ ഇതിലെ ഇരുമ്പ് അഴികൾ സമീപത്തെ വൈദ്യുതി ലൈനിൽ തട്ടിയായിരുന്നു അപകടം. ആറ് പേരാണ് ഷോക്കേറ്റ് വീണത്. പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയിലേക്ക് മാറ്റി. വൈദ്യുതാഘാതം മൂലമുള്ള മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ദുരന്തത്തിൽ അനുശോചനം അറിയിച്ച ജനസേന പാർട്ടി മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. 'മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പിന്തുണ നൽകുക എന്നത് തന്റെ കടമയാണെന്നാണ് മരണത്തിൽ അഗാധമായ ദുഃഖം അറിയിച്ചു കൊണ്ട് പവൻ കല്ല്യാൺ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. തന്റെ പിറന്നാളിന് ആഘോഷങ്ങളൊന്നും സംഘടിപ്പിക്കരുതെന്ന് താരം നേരത്തെ തന്നെ പലതവണ ആവർത്തിച്ച് പറഞ്ഞിരുന്നു. എന്നാൽ ജൂൺ മാസത്തോടെ തന്നെ ആരാധകർ ആഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾ ആരംഭിച്ചു എന്നാണ് റിപ്പോർട്ട്.