ഡബ്ലിൻ: ഗ്രീൻ ബിൻ വേസ്റ്റ് ബോക്‌സുകൾക്ക് നടപ്പാക്കാനിരുന്ന മിനിമം പേ ബൈ വെയിറ്റ് ചാർജ് പിൻവലിക്കാൻ തീരുമാനിച്ചതായി സർക്കാർ വൃത്തങ്ങൾ. ജൂലൈ ഒന്നു മുതൽ നടപ്പാക്കാനിരുന്ന നിയമം വിവിധ രാഷ്ട്രീയ നേതാക്കളിൽ നിന്നുള്ള എതിർപ്പ് രൂക്ഷമായതിനെ തുടർന്നാണ് പിൻവലിച്ചത്.

ബ്ലാക് ബിൻ ബോക്‌സുകൾക്ക് മിനിമം ചാർജ് 11 സെന്റും ബ്രൗൺ ബിൻ ബോസ്‌കിന് ആറു സെന്റും ഗ്രീൻ (റീസൈക്കിൾ) ബിൻ ബോസ്‌കിന് രണ്ടു സെന്റും ഈടാക്കാനായിരുന്നു തീരുമാനം. ഗ്രീൻ ബിൻ ചാർജ് ഈടാക്കുന്നതിനാണ് ചില രാഷ്ട്രീയ കക്ഷികൾ എതിർത്തത്. അതേസമയം ബ്രൗൺ, ബ്ലാക് ബിൻ ചാർജുകൾ നിലവിൽ വരുത്താൻ തന്നെയാണ് തീരുമാനം. മിനിമം പേ ബൈ വെയിറ്റ് ചാർജ് ഈടാക്കുന്നത് റീസൈക്കിളിങ് കുറയ്ക്കാനും അനധികൃമായി മാലിന്യം വലിച്ചെറിയുന്നതിനും കാരണമാക്കുമെന്ന് വിലയിരുത്തുന്നു.

ഫെബ്രുവരിയിൽ അന്നത്തെ പരിസ്ഥിതി മന്ത്രിയായിരുന്ന അലൻ കെല്ലിയാണ് പുതിയ ചാർജുകളെകുറിച്ച് പ്രഖ്യാപനം നടത്തിയിരുന്നത്. നിലവിൽ അയർലണ്ടിലെ ഗാർഹിക റീസൈക്കിളിങ് റേറ്റ് 45 ശതമാനമാണ്. പുതിയ സ്‌കീം നടപ്പിലാക്കുന്നതോടെ 2020-ആകുമ്പോഴേയ്ക്കും ഇത് 50 ശതമാനത്തിലെത്തിക്കാനാണ് നീക്കം.