ഡബ്ലിൻ: രാജ്യത്ത് സ്ത്രീ പുരുഷ വേതന വ്യവസ്ഥയിൽ 14.4 ശതമാനം അന്തരം കണ്ടുവരുന്നതായി റിപ്പോർട്ട്. അടുത്തകാലത്തായി അയർലണ്ടിൽ പേ ഗ്യാപിൽ ഏറെ വ്യത്യാസം ഉണ്ടാകുന്നതായി റിപ്പോർട്ടുകൾ വെളിവാക്കുന്നു. ഒരേ ജോലിക്ക് പുരുഷന്മാരെക്കാൾ 14.4 ശതമാനം കുറവ് ശമ്പളമാണ് സ്ത്രീകൾക്ക് ലഭിക്കുന്നതെന്നാണ് യൂറോ സ്റ്റാറ്റ് കണക്കുകൾ വ്യക്തമാക്കുന്നത്. 2008-ൽ 12.6 ശതമാനമായിരുന്ന പേ ഗ്യാപ് ഇപ്പോൾ 14.4 ശതമാനം ആയി മാറിയിരിക്കുകയാണ്.

യൂറോപ്പിലാകമാനമുള്ള കണക്കെടുത്തു നോക്കുകയാണെങ്കിൽ 2013-ലെ കണക്ക് അനുസരിച്ച് പുരുഷന്മാരെക്കാൾ 16.4 ശതമാനം കുറവാണ് സ്ത്രീകളുടെ ശമ്പളം. യൂറോപ്പിൽ പേ ഗ്യാപ് ഏറ്റവും കുറഞ്ഞിരിക്കുന്നത്  സ്ലൊവേനിയയിലാണ്. അവിടെ 3.2 ശതമാനം മാത്രമാണ് സ്ത്രീ പുരുഷ വേതനത്തിലുള്ള വ്യത്യാസം. അതേസസമയം എസ്റ്റോണിയയിൽ 29.9 ശതമാനമാണ് ജെൻഡർ പേ ഗ്യാപ് റിപ്പോർട്ട് ചെയ്യുന്നത്.

സ്ത്രീ പുരുഷ വേതനത്തിൽ വ്യത്യാസം ഉണ്ടാകാൻ പല കാരണങ്ങളാണ് യൂറോസ്റ്റാറ്റ് ചൂണ്ടിക്കാട്ടുന്നത്. പല രാജ്യങ്ങളിലും പല കാരണങ്ങൾ എടുത്തുപറയാമെങ്കിലും ജോലിയുടെ സ്വഭാവം, കരിയറിലുണ്ടാകുന്ന ബ്രേക്ക്, കുട്ടിയുടെ സംരക്ഷണ ചുമതല മൂലം പാർട്ട് ടൈം ജോലിയിലേക്ക് സ്ത്രീകൾ തിരിയുന്നത്, കുടുംബത്തിന് പ്രധാന്യം നൽകിയുള്ള തീരുമാനങ്ങൾ തുടങ്ങിയ ഇത്തരത്തിൽ പേ ഗ്യാപിന് കാരണമാകാറുണ്ട്.

യൂറോപ്യൻ യൂണിയനിലാകമാനം സ്ത്രീ പുരുഷ അസമത്വം നിലനിൽക്കുന്നതായി സർവേയിൽ പങ്കെടുത്ത ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നു. ജോലി സ്ഥലങ്ങളിൽ സ്ത്രീകൾക്കെതിരേയുള്ള ലൈംഗികാതിക്രമങ്ങളെ ഗൗരവത്തോടെ കാണണമെന്ന് സർവേയിൽ പങ്കെടുത്ത 59 ശതമാനം ഐറീഷുകാരും ആവശ്യപ്പെടുന്നു. അയർലണ്ടിൽ സ്ത്രീ പുരുഷ അസമത്വം നിലനിൽക്കുന്നുണ്ടെന്നു തന്നെയാണ് 54 ശതമാനം പേരും പ്രതികരിച്ചത്. യൂറോപ്യൻ യൂണിയനിലാകമാനം  ഇത് 62 ശതമാനമാണ്. സ്ത്രീപുരുഷ അസമത്വം ഉപേക്ഷിച്ച് കൂടുതൽ സ്ത്രീകളെ തൊഴിലിലേക്ക് കൊണ്ടുവരാനുള്ള ഏറ്റവും നല്ല മാർഗം നല്ല ചൈൽഡ് കെയർ സംവിധാനം ഒരുക്കുകയെന്നുള്ളതാണെന്ന് സർവേയിൽ പങ്കെടുത്ത 52 ശതമാനം പേരും അഭിപ്രായപ്പെട്ടു.