മസ്‌ക്കറ്റ്: ഒമാനിലെ ഇന്ത്യൻ പ്രവാസികൾക്ക് സന്തോഷിക്കാൻ വക നൽകി ഇന്ത്യയിലെ വ്യോമയാന ഡയറക്ടറേറ്റ്. അടുത്തമാസം ഒന്നു മുതൽ വിമാനടിക്കറ്റുകൾ റദ്ദാക്കുന്നതിന് നാമമാത്ര പിഴ നൽകിയാൽ മതിയെന്നും ദേശീയ പെൻഷൻ പദ്ധതിയിൽ (national pension system) അംഗമാകാനും സാധിക്കുമെന്നും വ്യക്തമാക്കി ഉത്തരവ് പുറത്തിറക്കി. പെൻഷൻ പദ്ധതിയിൽ ഓൺലൈൻ വഴി അംഗത്വമെടുക്കാം.

വിമാന ടിക്കറ്റ് റദ്ദാക്കുമ്പോൾ പിഴ ഈടാക്കുന്നതു സംബന്ധിച്ച് ഡിജിസിഎ (director general of civil aviation) എടുത്ത തീരുമാനത്തെ ഇന്ത്യൻ സമൂഹം സ്വാഗതം ചെയ്തിട്ടുണ്ട്.
പണം തിരികെ കിട്ടാൻ വേണ്ടി പിന്നെയും പണം അടയ്ക്കുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ടിക്കറ്റ് റദ്ദാക്കുമ്പോൾ അകാരണമായി തങ്ങളിൽ നിന്ന് വലിയ തുക വിമാനക്കമ്പനികൾ ഈടാക്കിയിരുന്നതായി പ്രവാസികൾ പറയുന്നു. പുതിയ നയം സാധാരണക്കാർക്ക് ഏറെ ഗുണകരമാകും. റദ്ദാക്കൽ ഫീസ് അടിസ്ഥാനനിരക്കിനെക്കാൾ കൂടരുതെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്.

ആധാർ കാർഡോ പാനോ ഉള്ളവർക്ക് പെൻഷൻ പദ്ധതിയിൽ ഓൺലൈനിലൂടെ അംഗമാകാം. ഇതുവരെ പെൻഷൻ പദ്ധതിയിൽ അംഗമാകേണ്ടവർക്ക് ബാങ്കുകൾ വഴി നേരിട്ട് മാത്രമേ ഇത്തരം ഇടപാടുകൾ നടത്താനാകുമായിരുന്നുള്ളൂ.

രാജ്യത്തെ 29 ദശലക്ഷം ജനതയും ലോകത്തെ ഇരുനൂറ് രാജ്യങ്ങളിലായാണ് ജീവിക്കുന്നത്. ഇതിൽ ഇരുപത്തഞ്ച് ശതമാനവും ഗൾഫ് രാജ്യങ്ങളിലാണ്. ഇവർക്ക് എൻപിഎസിലൂടെ വാർദ്ധക്യകാല വരുമാനം ഉറപ്പ് വരുത്തുകയാണ് അധികൃതർ. പദ്ധതിയിൽ ചേരാനുള്ള മാർഗങ്ങൾ ലളിതമാക്കിയതിലൂടെ കൂടുതൽ പ്രവാസികൾക്ക് ഇതിന്റെ പ്രയോജനം ലഭ്യമാകും.