ഡബ്ലിൻ: നഴ്‌സുമാരടക്കമുള്ള പൊതുമേഖലാ ജീവനക്കാരുടെ വെട്ടിക്കുറച്ച ശമ്പളം പുനഃസ്ഥാപിക്കുമെന്ന് മന്ത്രി. മന്ത്രിയുടെ പ്രസ്താവനയെ പബ്ലിക് സർവീസ് ട്രേഡ് യൂണിയനായ ഇംപാക്ട് സ്വാഗതം ചെയ്തിട്ടുണ്ട്. പൊതുമേഖലയിലെ ജീവനക്കാരുടെ ശമ്പളവും പെൻഷനും വെട്ടിക്കുറച്ച നടപടി പുനഃപരിശോധിക്കുമെന്നും ഇതുസംബന്ധിച്ച് യൂണിയനുമായി ചർച്ചയ്ക്ക് തയാറാണെന്നുമാണ് പബ്ലിക് എക്‌സ്‌പെൻഡിച്ചർ മിനിസ്റ്റർ ബ്രെൻഡൻ ഹൗളിൻ വ്യക്തമാക്കിയത്.

ഉടനടി ഇക്കാര്യത്തിൽ അന്തിമ തീരുമാനം പ്രതീക്ഷിക്കരുതെന്നും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ പൂർവ സ്ഥിതിയിലേക്ക് മടങ്ങി വരുന്നതു വരെ കാത്തിരിക്കണമെന്നും മന്ത്രി അറിയിച്ചു. ഘട്ടം ഘട്ടമായിട്ടായിരിക്കും ശമ്പളത്തിൽ വരുത്തിയിട്ടുള്ള നിയന്തണം എടുത്തു കളയുക. ഇപ്പോൾ സർക്കാർ സാമ്പത്തിക നിയന്ത്രണം പിൻവലിക്കാവുന്ന സാമ്പത്തിക സ്ഥിതിയിലാണെന്നും യൂണിയൻ വക്താക്കൾ ചൂണ്ടിക്കാട്ടുന്നു.

ജീവനക്കാരുടെ സംഘടനകളുമായുള്ള ചർച്ചകൾക്കു ശേഷമേ ഇതു സംബന്ധിച്ച നടപടി തുടങ്ങുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുമ്പ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും. മൂന്നു ലക്ഷത്തോളം സർക്കാർ ജീവനക്കാർക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. വെട്ടിക്കുറച്ച ശമ്പളവും പെൻഷൻ ആനുകൂല്യങ്ങളും പുനഃസ്ഥാപിക്കും.

സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് 2009-ൽ ഏഴു ശതമാനം പെൻഷൻ ലെവി ഏർപ്പെടുത്തുകയും 2010-ൽ 6.5 ശതമാനം ശമ്പളം വെട്ടിക്കുറയ്ക്കലുമാണ് വരുത്തിയത്. ഹഡ്ഡിങ്ടൺ റോഡ് എഗ്രിമെന്റ് അനുസരിച്ച് 65,000 യൂറോയ്ക്കു മുകളിൽ ശമ്പളം കൈപ്പറ്റുന്നവർക്ക് വേറെ ചില വെട്ടിച്ചുരുക്കലുകളും നേരിടേണ്ടി വന്നു. ഇവയെല്ലാം പുനഃസ്ഥാപിക്കപ്പെടുമെന്നാണ് മന്ത്രിയുടെ വാഗ്ദാനം.