ഡബ്ലിൻ: 2016-ൽ ഐറീഷ് വർക്കർമാർക്ക് ശമ്പളത്തിൽ വർധനയുണ്ടാകുമെന്ന് മുൻനിര പെൻഷൻ ആൻഡ് പേഴ്‌സണൽ കൺസൾട്ടൻസി വ്യക്തമാക്കുന്നു. അടുത്ത വർഷം മുതൽ അയർലണ്ടിൽ രണ്ടു ശതമാനത്തിലധികം ശമ്പള വർധനയുണ്ടാകുമെന്നാണ് മെർസർ പ്രസിദ്ധപ്പെടുത്തിയ റിപ്പോർട്ടിൽ പറയുന്നത്.

രാജ്യത്തിന്റെ സമ്പദ് ഘടന മെച്ചപ്പെട്ടതിനെ തുടർന്ന് ഭൂരിഭാഗം തൊഴിലുടമകളും വർക്കർമാർക്ക് ശമ്പളം കൂട്ടിക്കൊടുക്കുമെന്നു തന്നെയാണ് കരുതുന്നതെന്ന് മെർസർ വ്യക്തമാക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ചു 135 ഓർഗനൈസേഷനുകളിൽ നടത്തിയ സർവേയിൽ തെളിഞ്ഞത് 97 ശതമാനം എംപ്ലോയർമാരും ശമ്പള വർധനയെ പിന്താങ്ങുന്നതായാണ്. രാജ്യത്തെ സമ്പദ് ഘടന അഭിവയോധികി പ്രാപിച്ചു എന്നു തന്നെയാണ് ഡിസംബറിലെ വേതനത്തെകുറിച്ചുള്ള റിപ്പോർട്ടുകൾ വെളിവാക്കുന്നതെന്ന് മെർസർ ടാലന്റ് കൺസൾട്ടന്റ് നീൽ ഒ കോണോർ വെളിപ്പെടുത്തുന്നു.

തൊഴിലാളികൾക്കുള്ള ശമ്പള വർധന മിക്ക സ്ഥാപനങ്ങളുടേയും മുഖ്യ അജണ്ടയിൽ പെടുന്നതാണ്. ടെക്‌നോളജി, നോൺ ഫിനാൻഷ്യൽ സർവീസസ് എന്നിവിടങ്ങളിലെ വർക്കർമാർക്ക് 2.2 ശതമാനമോ അതിൽക്കൂടുതലോ ആയിരിക്കും ശമ്പള വർധന. ഇത് മറ്റു സ്ഥാപനങ്ങളിലേതിനേക്കാൾ മെച്ചപ്പെട്ടതായിരിക്കും.