ഡബ്ലിൻ: രാജ്യത്തെ സമ്പദ് ഘടന ശക്തിപ്രാപിച്ചതോടെ ഒട്ടുമിക്ക മേഖലകളിലും ശമ്പളവർധന നടപ്പാക്കാൻ തീരുമാനമായി. നാലു വർഷത്തിൽ ആദ്യമായാണ് ശമ്പളം വർധിപ്പിക്കാൻ സാഹചര്യമൊരുങ്ങുന്നത്. ഫിനാൻഷ്യൽ സെക്ടർ, കൺസ്ട്രക്ഷൻ, വൻകിട കമ്പനികൾ എന്നിവയെല്ലാം മെച്ചപ്പെട്ട ലാഭം കൊയ്യുന്നുണ്ടെന്ന് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് വ്യക്തമാക്കി.

നാലു വർഷത്തിൽ ഇതാദ്യമായാണ് ജീവനക്കാർക്ക് ശമ്പള വർധന ഏർപ്പെടുത്തുന്നത്. സമ്പദ് ഘടന ശക്തമായതിന്റെ ലക്ഷണമാണിതെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. സമ്പദ് രംഗം മെച്ചപ്പെട്ടതോടെ അതിന്റെ ഗുണം സാധാരണ ജനങ്ങളിലേക്ക് എത്തുന്നതിന്റെ സൂചനയാണിതെന്നും വിലയിരുത്തപ്പെടുന്നു. വൻകിട കമ്പനികൾ ജോലി സമയം ദീർഘിപ്പിച്ചതും ഓരോ മണിക്കൂറിനും മെച്ചപ്പെട്ട വേതനം വാഗ്ദാനം ചെയ്യുന്നതും ഒട്ടു മിക്ക മേഖലകളിലേയും തൊഴിലാളികൾക്ക് ഏറെ ഗുണകരമായിരിക്കുകയാണ്.

2014-ന്റെ അവസാന പാദത്തിൽ ഒരാഴ്ച വേതനമായി ലഭിച്ചുകൊണ്ടിരുന്നത് 704.34 യൂറോയായിരുന്നുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. മുൻ വർഷത്തിൽ ഇത് 688.78 യൂറോയായിരുന്നതാണ് 2.3 ശതമാനം വർധിച്ച് 704.34 യൂറോയിലെത്തിയത്. 2010നു ശേഷമുള്ള ഏറ്റവും വലിയ വർധനയായിരുന്നു ഇത്.  സിഎസ്ഒയുടെ കണക്ക് പ്രകാരം 13 സെക്ടറുകളിൽ ഒമ്പതു സെക്ടറുകളിലും വേതന വർധന നടപ്പാക്കിയിട്ടുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ വേതനം വർധിപ്പിച്ചിട്ടുള്ളത് ഫിനാൻഷ്യൽ, ഇൻഷ്വറൻസ്, റിയൽ എസ്റ്റേറ്റ് മേഖലകളിലാണ്. 976.15 യൂറോയിൽ നിന്ന് ഒമ്പതു ശതമാനം വർധിപ്പിച്ച് 1069,56 യൂറോയാക്കിയിട്ടുണ്ട്. ശമ്പള വർധനയ്ക്ക് ഇതിൽ പ്രധാന കാരണം ജോലി സമയം ദീർഘിപ്പിച്ചു എന്നതാണ്. ബാങ്കുകളും മറ്റ് ഫിനാൻഷ്യൽ സ്ഥാപനങ്ങളും ബോണസുകൾ നൽകിത്തുടങ്ങിയതും വേതന വർധനയ്ക്ക് കാരണമായി ചൂണ്ടിക്കാണിക്കുന്നു.

അതേസമയം ചെറുകിട കമ്പനികളിലെ ജീവനക്കാർക്ക് ഇതൊന്നും ബാധകമായിട്ടില്ല. 250-ൽ താഴെ ജീവനക്കാരുള്ള കമ്പനികൾക്ക് കാര്യമായ വേതന വർധന അനുഭവിക്കാൻ സാധിച്ചിട്ടില്ലെന്ന് സിഎസ്ഒ വെളിപ്പെടുത്തി. ഈ വർഷവും 1.4 ശതമാനം എന്ന നിലയിൽ മിക്ക കമ്പനികളിൽ നിന്നും ശമ്പളവർധന പ്രതീക്ഷിക്കാമെന്ന് റെമ്യൂണറേഷൻ സ്‌പെഷ്യലിസ്റ്റുകളായ ഹേ ഗ്രൂപ്പ് പറയുന്നു.