ദുബായ്: ട്രാഫിക് നിയമലംഘനങ്ങൾക്ക് ഇനി പിഴ അടിച്ചാൽ സ്‌പോട്ടിൽ തന്നെ അടച്ച് മടങ്ങാവുന്ന സംവിധാനവുമായി ദുബായ് പൊലീസ്. നിയമലംഘനങ്ങൾക്ക പിടിക്കപ്പെട്ട പിഴ ശിക്ഷ ലഭിച്ചാൽ ഉടൻ തന്നെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് വഴി പിഴ ഒടുക്കി മടങ്ങാവുന്ന തരത്തിലാണ് പുതിയ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. ജൈറ്റെക്‌സ് 2016-ലാണ് ദുബായ് പൊലീസ് പുതിയ സ്മാർട്ട് സംവിധാനം പരിചയപ്പെടുത്തിയത്.

കുറ്റകൃത്യങ്ങൾ കുറയ്ക്കുക, സുരക്ഷ ഉറപ്പാക്കുക, നിയമലംഘകരെ ഉടൻ തന്നെ പിടികൂടുക എന്നീ ലക്ഷ്യങ്ങൾ വച്ചുകൊണ്ട് ദുബായ് പൊലീസ് പതിനെട്ട് സ്മാർട്ട് സർവീസുകളാണ് ആരംഭിക്കുന്നത്. അതിലൊന്നാണ് ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് വഴി പിഴ അടയ്ക്കുന്ന സംവിധാനം. ഇത്തരത്തിൽ ലോകത്തിൽ ഇതാദ്യമാണെന്നും ഇതിനായി റോബോട്ടിന്റെ സേവനമാണ് പ്രയോജനപ്പെടുത്തുന്നതെന്നും ദുബായ് പൊലീസ് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് സ്മാർട്ട് സർവീസസ് ഡയറക്ടർ ബ്രിഗേഡിയർ ഖാലിദ് നാസിർ അൽ റസൂഖി വ്യക്തമാക്കി.

മനുഷ്യരുടെ സഹായം കൂടാതെ പൊലീസുമായി കസ്റ്റമേഴ്‌സിന് ആശയവിനിമയം നടത്താനുള്ള വെർച്വർ അസിസ്റ്റന്റ് ആണ് ദുബായ് പൊലീസിന്റെ മറ്റൊരു സ്മാർട്ട് സർവീസ്.