മുംബൈ: ബോർഡിങ് ഗേറ്റിൽ വൈകിയെത്തിയതിനെത്തുടർന്ന് വിമാന ജീവനക്കാർ കയറ്റിവിടാതിരുന്ന സംഭവത്തിനു വർഗീതയുടെ നിറം നല്കിയ ബോളിവുഡ് താരം പായൽ റോത്തഗിക്കു സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം. താൻ ഹിന്ദുവായതു കൊണ്ടാണു ജെറ്റ് എയർവെയ്സിലെ ജീവനക്കാർ മോശമായി പെരുമാറിയതെന്നാണ് ഇവർ ട്വിറ്ററിൽ കുറിച്ചത്. ഇതിന് ഉചിതമായ മറുപടി നല്കിയ സോഷ്യൽമീഡിയക്കാർ തങ്ങളുടെ ജോലി ശരിയായി ചെയ്ത ജീവനക്കാരെ അഭിനന്ദിക്കുകയും ചെയ്തു.

മുംബൈയിൽനിന്ന് കേരളത്തിലെ പൂവാറിലേക്കുള്ള യാത്രയ്ക്കിടെ ജെറ്റ് എയർവെയ്സ് ജീവനക്കാരിൽനിന്നു തനിക്കു നേരിടേണ്ടിവന്ന ദുരനുഭവത്തെക്കുറിച്ചാണ് പായൽ ട്വിറ്ററിൽ കുറിപ്പിട്ടത്. താൻ ഹിന്ദുവായതുകൊണ്ടാണോ ഒരു പ്രത്യേക മതവിഭാഗത്തിൽപെട്ട ജീവനക്കാർ മോശമായി പെരുമാറിയതെന്ന പായലിന്റെ ചോദ്യം വിവാദമാകുകയായിരുന്നു. ഫേസ്‌ബുക്കിലെ ലൈവ് വീഡിയോ വഴിയും ഈ ആരോപണം പായൽ ആവർത്തിച്ചു.

6.50-നുള്ള വിമാനത്തിൽ പോകാനായി സുഹൃത്ത് സംഗ്രാമിനൊപ്പം 6.20-നു ബോർഡിങ് ഗേറ്റിലെത്തിയെങ്കിലും അകത്തുകടക്കാൻ അബ്ദുൾ, നദീം എന്നിവർ അനുവദിച്ചില്ലെന്നാണ് പായലിന്റെ പരാതി. എന്നാൽ ഇതിൽ വർഗീയത കലർത്താൻ ശ്രമിച്ചതാണ് പായലിനു തിരിച്ചടിയായത്. ബോർഡിങ് ഗേറ്റിൽ വൈകിയെത്തിയ ശേഷം ഇത്തരം വിലകുറഞ്ഞ ആരോപണമുന്നയിക്കുന്നത് അപക്വമാണെന്നു പലരും പ്രതികരിച്ചു. തങ്ങളുടെ ഡ്യൂട്ടി ഭംഗിയായി ചെയ്ത ജീവനക്കാരെ മിക്കവരും അഭിനന്ദിച്ചു.

വിമർശനങ്ങൾ രൂക്ഷമായതോടെ പായൽ ഫേസ്‌ബുക്കിലൂടെ രംഗത്തെത്തി. അടുത്ത ഗേറ്റിലേക്കു കൊണ്ടുപോകാൻ ബസില്ലെന്നാണ് ജീവനക്കാർ അറിയിച്ചത്. എന്നാൽ അതു വിശ്വസയോഗ്യമല്ല. അതുകൊണ്ടാണ് അത്തരത്തിൽ സംശയം തോന്നിയതെന്നും പായൽ പറയുന്നു.