മനാമ: പെട്രോൾ വില വർധന മൂലം ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾ തരണം ചെയ്യുന്നതിന് പദ്ധതികളൊരുക്കി ബഹ്‌റിൻ. ഇതുസംബന്ധിച്ചുള്ള ആശ്വാസപദ്ധതികൾക്ക് പാർലമെന്റ് അംഗീകാരം നൽകിയതായാണ് റിപ്പോർട്ടുകൾ. ജനുവരി 12നാണ് രാജ്യത്ത് പെട്രോൾ വില വർധിപ്പിച്ചുകൊണ്ട് ഉത്തരവായത്. 33 വർഷമായി മാറ്റമില്ലാതെ തുടർന്ന പെട്രോൾ വില അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഇടിഞ്ഞതിനെ തുടർന്നാണ് ഉയർത്തിയത്.

പെട്രോൾ വില വർധനയെ തുടർന്ന് ജനങ്ങൾക്ക് അധികബാധ്യത ഉണ്ടായതായി പാർലമെന്ററി കമ്മിറ്റി വിലയിരുത്തിയിരുന്നു. തുടർന്ന് ഈ ബാധ്യത തരണം ചെയ്യുന്നതിനായി ചില പദ്ധതികൾക്ക് 22 എംപിമാർ ചേർന്ന് രൂപം നൽകുകയായിരുന്നു. ഇവ കഴിഞ്ഞ ദിവസം പാർലമെന്റിൽ അവതരിപ്പിക്കുകയും അവയ്ക്ക് അംഗീകാരം നൽകുകയുമായിരുന്നു. എന്നാൽ ഇവയെകുറിച്ച് പൂർണ രൂപം ഇതുവരെ പുറത്തുവിട്ടിട്ടില്ല.

പുതിയ നിരക്ക് അനുസരിച്ച് 95 ഒക്ടേയ്‌നിന് ലിറ്ററിന് 160 ഫിൽസും 91 ഒക്ടേയ്‌നിന് 125 ഫിൽസുമാണ് വില.