- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുറത്താക്കിയത് ഫാന്റസി ഗെയിമിങ്ങുകൾ ഓഫർ ചെയ്യുന്നു എന്നുകാട്ടി; മണിക്കൂറുകൾക്കകം ഗൂഗിൾ പ്ലേസ്റ്റോറിൽ പേടിഎം തിരിച്ചെത്തി
മുംബൈ: പേമെന്റ് ആപ്പായ പേടിഎം ഗൂഗിൾ പ്ലേസ്റ്റോറിൽ തിരിച്ചെത്തി. തങ്ങൾ തിരിച്ചെത്തിയെന്ന് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴി പേടിഎം തന്നെ അറിയിച്ചു. ചൂതാട്ടം നടത്തുന്ന ആപ്പുകളെ ഗൂഗിൾ പ്ലേസ്റ്റോറിൽ തുടരാൻ അനുവദിക്കില്ലെന്ന് കാണിച്ചാണ് പേടിഎമ്മിനെ നീക്കം ചെയ്തത്. പ്ലേസ്റ്റോറിന്റെ ഓൺലൈൻ ചൂതാട്ടങ്ങളുമായി ബന്ധപ്പെട്ട നയങ്ങൾ ലംഘിച്ച കാരണം ചൂണ്ടിക്കാട്ടി നീക്കം ചെയ്ത് മണിക്കൂറുകൾക്ക് ശേഷമാണ് ആപ്പ് തിരിച്ചെത്തിയതായി അധികൃതർ അറിയിച്ചിരിക്കുന്നത്. അപ്ഡേറ്റ്: ആൻഡ് വി ആർ ബാക്ക് എന്ന് ട്വീറ്റ് ചെയ്താണ് ഇക്കാര്യം പേടിഎം അറിയിച്ചത്.
ഫാന്റസി ഗെയിമിങ്ങുകൾ ഓഫർ ചെയ്യുന്നതാണ് പേടിഎമ്മിനെ നീക്കം ചെയ്യാനുള്ള കാരണമെന്നാണ് ഗൂഗിൾ നേരത്തെ അറിയിച്ചിരുന്നത്. പേടിഎം പുതിയതായി അവതരിപ്പിച്ച 'പേടിഎം ക്രിക്കറ്റ് ലീഗ്' പരിപാടി പ്ലേ സ്റ്റോർ നയങ്ങൾ ലംഘിക്കുന്നതാണെന്ന് കാണിച്ചാണ് ആപ്പ് നീക്കം ചെയ്യപ്പെട്ടത്. അനധികൃത ഓൺലൈൻ ചൂതാട്ടങ്ങൾ അനുവദിക്കില്ല. പണം വച്ചുള്ള വാതുവെയ്പിന് പ്രോത്സാഹനം നൽകുന്ന ആപ്പുകളെയും ഒഴിവാക്കും. പെയ്ഡ് ടൂർണമെന്റുകളിൽ പങ്കെടുക്കാൻ അനുവദിക്കുന്ന വെബ്സൈറ്റുകളിലേക്ക് വഴി ഒരുക്കുന്ന ആപ്പുകളും കമ്പനിയുടെ നയങ്ങൾക്ക് എതിരാണെന്നും ഗൂഗിൾ പ്രസ്താവനയിറക്കി.
ഇന്ന് ഉച്ചയോടെയാണ് ആപ്പ് സസ്പെൻഡ് ചെയ്യുകയാണെന്ന് കാണിച്ച് ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും അറിയിപ്പ് ലഭിച്ചതെന്ന് പേടിഎം നേരത്തെ മറ്റൊരു ട്വീറ്റിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ പ്രശ്നം പരിഹരിച്ചത് എങ്ങനെയാണെന്ന് പേടിഎം വ്യക്തമാക്കിയിട്ടില്ല. കമ്പനിയുടെ നിബന്ധനകൾ പാലിക്കാൻ തയ്യാറായാൽ പേടിഎമ്മിനെ വീണ്ടും പ്ലേ സ്റ്റോറിൽ ഉൾപ്പെടുത്തുമെന്ന് ഗൂഗിൾ നേരത്തെ അറിയിച്ചിരുന്നു.
മറുനാടന് ഡെസ്ക്