യ്യന്നൂരിലെ കൊലപാതകം നടന്ന് ഇത്രയും ദിവസമായിട്ടും ഞങ്ങൾ ഒരു പ്രകോപനവുമുണ്ടാക്കിയില്ലല്ലോ, പ്രതികാരമൊന്നും ചെയ്തില്ലല്ലോ എന്ന് ബിജെപിക്കാർ ചാനൽ ചർച്ചയിൽ പറഞ്ഞപ്പോൾ ചാനലിന്റെ വക്താവായ മാധ്യമപ്രവർത്തകന് തിരികെ ചോദിച്ച ചോദ്യം അമ്പരപ്പിക്കുന്നതായിരുന്നു! 'കൊലപാതകത്തിനെതിരെ നിങ്ങൾ വലിയ പ്രചാരണം നടത്തുന്നതും പ്രകോപനമല്ലേ' എന്നായിരുന്നു ആ ചോദ്യം.

ഇതിനോടു ചേർത്തുവച്ചു കാണേണ്ട ഗുരുതരമായ ഒരു കാര്യമുണ്ട്. പക്ഷേ, അതാരും കാര്യമാക്കുന്നേയില്ല, കണ്ടില്ലെന്നു നടിക്കുന്നു എന്നുള്ളതാണ് ആശങ്കയും പ്രതിഷേധവും ഉണ്ടാക്കുന്നത്.

പയ്യന്നൂരിലെ ബിജു വധത്തെക്കുറിച്ച് പിറ്റേന്ന് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വിശദീകരണമാണ്, അതിന്റെ സ്വഭാവമാണ് വളരെ വിചിത്രവും ഗൗരവമേറിയതുമായി എനിക്കു തോന്നിയത്.

ആ പ്രസ്താവന നടത്തുമ്പോൾ അദ്ദേഹത്തിന്റെ മുഖത്തുകളിയാടിയ ശാന്തതയും വാക്കുകളുടെ മാർദ്ദവവും ശരീരഭാഷയുടെ സ്ലോമോഷനും ഒന്നും രാഷ്ട്രീയ നിരീക്ഷകരും മാധ്യമപ്രവർത്തകരും തിരിച്ചറിഞ്ഞില്ലെന്നാണോ? സംസ്ഥാന മുഖ്യമന്ത്രിയാണ് പിണറായി എന്നതുമാത്രമല്ല കാര്യം. താൻ തന്നെ വിളിച്ചുകൂട്ടിയ സർവ്വകക്ഷിയോഗത്തിലെ ഒത്തുതൂർപ്പിനു വിരുദ്ധമായി സ്വന്തം പാർട്ടിക്കാർ നടത്തിയ കൊലപാതകമാണ്. ഈ കൊലപാതകം സമാധാന ചർച്ചകളെ ഒരു തരത്തിലും ബാധിക്കില്ല എന്നുകൂടി അദ്ദേഹം പറഞ്ഞുകളഞ്ഞു. ശരിയാണല്ലോ! അദ്ദേഹത്തിന്റെ പക്ഷത്തിനിപ്പോൾ ഒരു പ്രശ്‌നവുമില്ല. സർവ്വകക്ഷിയോഗമോ ചർച്ചയോ ഒക്കെ ഇനിയും ആകാം. പക്ഷേ, മറുപക്ഷത്തിന്, ഇരയുടെ പക്ഷത്തിന് എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്നത് അദ്ദേഹത്തിന് വിഷയമല്ല. ഭരണത്തലവന്റെ ഈ പക്ഷഭേദ നിലപാട് നിഷ്ഠൂരമാണെന്നതു മാത്രമല്ല അപകടകരം കൂടിയാണ്.

നിയമസഭയിൽ തെറ്റായ വിവരങ്ങൾ നൽകുന്നതും കോടതിക്കേസിലിരിക്കുന്ന വിഷയങ്ങളെക്കുറിച്ച് തീർപ്പുകൽപ്പിക്കുന്ന പ്രസ്താവന നടത്തുന്നതുമൊന്നും പിണറായി ആകുമ്പോൾ ഒരു തെറ്റുമില്ല എന്നായിട്ടുണ്ട് കാര്യങ്ങളിപ്പോൾ! നടിയെ തട്ടിക്കൊണ്ടുപോയ വിഷയത്തിലുൾപ്പെടെ ചട്ടങ്ങളെയും നീതിന്യായത്തെയും അട്ടിമറിക്കുന്ന പ്രസ്താവനകളാണ് പിണറായി എന്ന മുഖ്യമന്ത്രി നടത്തിയത്. ആദ്യമൊക്കെ പ്രതിപക്ഷ നേതാക്കളും മാധ്യമപ്രവർത്തകരുമൊക്കെ ഇതിനെതിരെ പറഞ്ഞിരുന്നു. പക്ഷേ, ഇപ്പോൾ ആരും ഒന്നും പറയുന്നില്ല. പകരം, ബോധപൂർവ്വം പിണറായി ഇട്ടുകൊടുക്കുന്ന ചൂണ്ടിയൽ കയറിക്കൊത്തുകയാണ് അവർ ചെയ്യുന്നത്. ചൂണ്ടിയൽ കൊത്തുന്നതും ബോധപൂർവ്വമാണോ എന്നു പോലും സംശയിക്കേണ്ടിയിരിക്കുന്നു.

മുൻപ്, കൊലപാതകത്തേക്കാൾ ചെറിയ വിഷയങ്ങൾ പോലും പിണറായിയെ പേരെടുത്തു പറഞ്ഞു വിമർശിച്ച മാധ്യമപ്രവർത്തകർ ഇപ്പോൾ ഒരു ലാഘവബുദ്ധി വന്നതുപോലെ, പുനരാലോചന ഉണ്ടായതുപോലെ തോന്നുന്നു.

പയ്യന്നൂരിലെ കൊലപാതകത്തെ നേരിടാൻ, കുമ്മനം പോസ്റ്റുചെയ്ത വീഡിയോയ്ക്കു പുറമെ മറ്റൊരു എല്ലുകൂടി വിമർശകർക്കും മാധ്യമപ്രവർത്തകർക്കുമായി പിണരായി ഇട്ടുകൊടുത്തു. പട്ടാളഭരണവും അതിന്റെ അപകടങ്ങളും! എത്രയോ ദിവസമാണ് ചാനൽ ചർച്ചയിലും മറ്റും വിമർശകർ ഈ എല്ല് ഇട്ടുകടിച്ചുകൊണ്ടിരിക്കുന്നത്. തീർച്ചയായും പിണറായി ഇത് നന്നായി ആസ്വദിക്കുന്നുണ്ടാകും!

കണ്ണൂരിൽ കൊലപതാകകത്തിന്റെ സ്‌കോർ നിലയിൽ ലീഡുനേടിയിട്ടും, ഒരു മില്ലിമീറ്ററിന് പോലും പിണരായി വിട്ടുകൊടുക്കില്ല എന്നു ബോധ്യമായ സാഹചര്യത്തിൽ, ഗവർണ്ണർ ഇടപെട്ട് എന്തെങ്കിലും ചെയ്യണമെന്ന് ബിജെപി ആവശ്യപ്പെട്ടതിന്റെ പേരിലാണ് മണിപ്പൂരിലെ പട്ടാള ഭരണത്തിന്റെ അപകടങ്ങൾ ചൂണ്ടിക്കാട്ടി പിണറായി ക്ലാസെടുക്കുന്നത്. ഭരണ-പ്രതിപക്ഷ പാർട്ടികൾക്കെല്ലാം ഇഷ്ടമുള്ള വിഷയമാണ് ബിജെപിയെ എറിയുക എന്നത്. അല്പമെങ്കിലും അവിമർശനങ്ങൾ ഉയർത്തിക്കൊണ്ടിരിക്കുന്ന മാധ്യമചർച്ചക്കാരും കൂടി അതേറ്റതോടുകൂടി കൊലപാതകവും നടന്നില്ല, ക്രമസമാധാനപ്രശ്‌നവുമില്ല. അതേസമയം ഗവർണ്ണറെ പേടിപ്പിച്ച ബിജെപിക്കാരുടെമേൽ പുതിയൊരു ചാർജ്ജുകൂടി! അല്ലെങ്കിൽ, പിണറായിയുടെ ശിരസിൽ മറ്റൊരു തൂവൽകൂടി - പയ്യന്നൂരിലെ ബിജുവിന്റെ നാമത്തിൽ മുഖ്യമന്ത്രി എന്ന നിലിയൽ പിണറായി വിജയിക്കുന്നില്ല എന്ന് ആരാണ് പറഞ്ഞത്!

വർഗ്ഗീയവാദികളും കൊലപാതകരാഷ്ട്രീയക്കാരുമാണ് ബിജെപിക്കാർ എന്നാണല്ലോ കോൺഗ്രസും കമ്മ്യൂണിസ്റ്റുകളും ആരോപിക്കുന്നത്. ഇന്ദിരാഗാന്ധി വധിക്കപ്പെട്ടപ്പോൾ ഡൽഹിയിൽ സിക്കുകാരെക്കൂട്ടക്കൊല ചെയ്തവരാണ് കോൺഗ്രസുകാർ. മുതിർന്ന നേതാക്കൾ പോലും നേരിട്ടിറങ്ങി പെട്രോളൊഴിച്ചു കത്തിക്കാൻ നേതൃത്വം കൊടുത്തു. നിയുക്തപ്രധാമന്ത്രിയായിരുന്ന രാജീവ് ഗാന്ധി അവർക്ക് വേണ്ടത്ര സമയവും അനുവദിച്ചു.

കൊൽക്കത്ത തിസീസ് അംഗീകരിച്ചു നടപ്പാക്കാൻ ശ്രമിച്ചവരാണ് കമ്മ്യുണിസ്റ്റുകാർ. പുന്നപ്ര വയലാർ കൂട്ടക്കുരുതി ആകസ്മികമായി സംഭവിച്ചതല്ലല്ലോ. അവിടെ വിതച്ചചോരയാണ്പിന്നീട് വോട്ടും ഭരണാധികാരവുമായി കമ്യുണിസ്റ്റു പാർട്ടി നൂറുമേനി കൊയ്തത്. കേരളത്തിലെ കമ്യുണിസ്റ്റ് പാർട്ടിയുടെ അടിസ്ഥാന മൂലധനം പുന്നപ്ര വയലാർ രക്തസാക്ഷികളാണ്.

അതുകൊണ്ട് പയ്യന്നൂരിലെ ബിജുവിന്റെ കൊലപാതകത്തിന്റെ പേരിൽ പോലും കുമ്മനത്തിന്റെയു ബിജെപിയുടെയും മേൽ വിജയം ആഘോഷിക്കപ്പെടുമ്പോൾ പൊതു സമൂഹം ചരിത്രം അപ്പാടെ മറുന്നു പോകരുത്.

മുത്തങ്ങയിൽ ആദിവാസികളും പൊലീസും അനേക ദിവസം നേർക്കുനേർ നിന്നപ്പോൾ ആരും ഇടപെട്ട് ഒരു പരിഹാരവുമുണ്ടാക്കിയില്ല. വെടിവെയ്‌പ്പും അടിച്ചമർത്തലും നടന്നുകഴിഞ്ഞ് സഹതാപം രേഖപ്പെടുത്താൻ ഏവരും എത്തി.

ഏറെ ആത്മവിശ്വാസത്തോടെ പിണറായി തന്റെ ഒരുവർഷത്തെ ഭരണം ആഘോഷിക്കാൻ പോകുന്നത് തനിക്കെതിരെ ഉയർന്ന ശബ്ദങ്ങളെയെല്ലാം അടക്കിക്കൊണ്ടുതന്നെയാണ്. നേരെ വന്ന എല്ലാ അമ്പുകളെയും മറ്റുള്ളവർക്കു നേരെ വിജയകരമായി തിരിച്ചുവിട്ടുകൊണ്ടാണ്.

ഒരുപാട് വീമ്പുപറയുമെങ്കിലും, പെട്ടെന്നു പേടിക്കുകയും കീഴടങ്ങിക്കൊടുക്കുകയും ചെയ്യുന്നവരാണ് നമ്മുടെ പൊതു സമൂഹം. മാധ്യമങ്ങള് ആണെങ്കിൽ ചൂടുവെള്ളത്തിൽ വീണ് അനുഭവമുള്ളവരും. ബംഗാളിലേതുപോലെ, പിണറായിയുടെ ചെയ്തികൾ ചരിത്രപരമായ ഭരണവിഢ്ഢിത്തത്തിലേയ്ക്ക് നീങ്ങിക്കൊണ്ടേയിരുന്നിട്ടും സിപിഎമ്മിന്റെ കേന്ദ്ര നേതൃത്വം മൗനം പാലിക്കുകയാണ്. ഇതെല്ലാം കാണുമ്പോൾ, ശോഭ സുരേന്ദ്രൻ ഗവർണ്ണറെക്കുറിച്ച് പറഞ്ഞതുപെല, എല്ലാവർക്കും പിണറായി വിജയനെ പേടിയാണോ എന്നു സംശയിക്കുന്നതിൽ എന്താണ് തെറ്റ്?